Football in Malayalam

ലയണൽ മെസിയെ പിഎസ്‌ജി ജേഴ്സിയിൽ കാണുന്നത് വിചിത്രമായി തോന്നിയില്ലെന്ന് താരത്തിന്റെ പിതാവ്

By Gokul Manthara
Stade de Reims v Paris Saint Germain - Ligue 1
Stade de Reims v Paris Saint Germain - Ligue 1 / John Berry/Getty Images
facebooktwitterreddit

ഏറെ നാടകീയമായിട്ടായിരുന്നു അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി ഇത്തവണത്തെ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സലോണ വിട്ടതും, തുടർന്ന് ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ്-ജെർമ്മനിലേക്ക് ചേക്കേറിയതും. മെസി ബാഴ്സലോണയിൽ തന്നെ തുടരുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന ആരാധകരെ മുഴുവൻ ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു താരത്തിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് ഇക്കുറി സംഭവിച്ചത്.

പിഎസ്‌ജിയുമായി കരാറിലെത്തിയ മെസി കഴിഞ്ഞ ദിവസം റീംസിനെതിരെ നടന്ന ലീഗ് വൺ മത്സരത്തിൽ കളിച്ച് ക്ലബ്ബിനായി അരങ്ങേറ്റവും കുറിച്ചിരുന്നു. ബാഴ്സലോണ ജേഴ്സിയിലല്ലാതെ മെസി കളിക്കുന്ന ആദ്യ സീനിയർ ക്ലബ്ബ് മത്സരം കൂടിയായിരുന്നു ഇത്‌. അത് ആരാധകർക്ക് ഒരു പുത്തനനുഭവമായിരുന്നു. താരത്തെ മറ്റൊരു ക്ലബിന്റെ ജേഴ്‌സിയിൽ കാണുന്നത് ആരാധകർക്ക് വിചിത്രമായും തോന്നിയിട്ടുണ്ടാവാം.

എന്നാൽ താരത്തിന്റെ പിതാവിന് ഇക്കാര്യത്തിൽ പ്രത്യേകിച്ചൊന്നും തോന്നിയിട്ടില്ല. കഴിഞ്ഞ ദിവസം ഗോളിന്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു മെസിയെ മറ്റൊരു ടീമിന്റെ ജേഴ്സിയിൽ കാണുന്നത് തനിക്ക് വിചിത്രമായി തോന്നിയില്ലെന്ന് ജോർജ് മെസി ചൂണ്ടിക്കാട്ടിയത്‌. ജീവിതം ഇങ്ങനെയാണെന്ന് കൂടി സംസാരത്തിനിടെ അദ്ദേഹം കൂട്ടിച്ചേർത്തു.

"ലിയോയെ മറ്റൊരു ഷർട്ടിൽ കാണുന്നത് എനിക്ക് വിചിത്രമായി തോന്നിയില്ല. "

ജോർജ് മെസി

അതേ സമയം റീംസിനെതിരായ മത്സരത്തിന്റെ അറുപത്തിയഞ്ചാം മിനുറ്റിൽ നെയ്മർക്ക് പകരക്കാരനായി കളിക്കാനിറങ്ങിയായിരുന്നു മെസിയുടെ പി എസ് ജി അരങ്ങേറ്റം. റീംസിന്റെ ഹോം സ്റ്റേഡിയത്തിൽ നടന്ന ഈ മത്സരത്തിൽ ഹൃദ്യമായ സ്വീകരണമായിരുന്നു മെസിക്ക് കാണികൾ നൽകിയത്. ക്ലബ്ബിനൊപ്പമുള്ള അരങ്ങേറ്റ മത്സരത്തിൽ ഗോളുകളൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും, ഭേദപ്പെട്ട പ്രകടനം തന്നെയായിരുന്നു മെസിയുടെ ഭാഗത്ത് നിന്നുണ്ടായത്. ആരാധകരെ ത്രില്ലടിപ്പിച്ച ചില മുന്നേറ്റങ്ങൾ കാഴ്ച വെച്ച മെസി, കെയ്ലിൻ എംബാപ്പെക്ക് മികച്ചൊരു ഗോൾ അവസരവും സൃഷ്ടിച്ചു നൽകിയിരുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit