Football in Malayalam

ഒരു വർഷത്തിന് ശേഷം ക്ലബ്ബ് വിടാനല്ല താൻ ബാഴ്സലോണയിലെത്തിയതെന്ന് മിറാലം പ്യാനിച്ച്

Gokul Manthara
FC Barcelona v Elche CF - La Liga Santander
FC Barcelona v Elche CF - La Liga Santander / Quality Sport Images/Getty Images
facebooktwitterreddit

വലിയ പ്രതീക്ഷകളോടെയായിരുന്നു ബോസ്നിയൻ മധ്യനിര താരമായിരുന്ന മിറാലം പ്യാനിച്ച് കഴിഞ്ഞ സീസണിൽ യുവന്റസിൽ നിന്ന് ബാഴ്സലോണയിലേക്കെത്തിയത്. എന്നാൽ ക്ലബ്ബിനൊപ്പമുള്ള ആദ്യ സീസൺ താരത്തിന് അത്ര സുഖകരമായിരുന്നില്ല. പരിശീലകൻ റൊണാൾഡ് കൂമാന്റെ ആദ്യ ഇലവൻ പദ്ധതികളിൽ സ്ഥിര സ്ഥാനം നേടാൻ കഴിയാതിരുന്ന താരം ക്ലബ്ബിൽ ആവശ്യത്തിന് കളി സമയം ലഭിക്കാത്തതിന്റെ നിരാശ കഴിഞ്ഞയിടയ്ക്ക് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാൽ‌ ബാഴ്സലോണയ്ക്കൊപ്പമുള്ള ആദ്യ സീസൺ അത്ര മികച്ചതല്ലെങ്കിലും അടുത്ത സീസണിൽ തനിക്ക് ക്ലബ്ബ് വിടാനുള്ള പദ്ധതിയൊന്നുമില്ലെന്ന് ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്‌ പ്യാനിച്ച്. വരും സീസണിൽ ബാഴ്സലോണയിൽ തുടരാൻ ആഗ്രഹിക്കുന്നുണ്ടോയെന്ന സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോയുടെ ചോദ്യത്തിന് തീർച്ചയായും ഉണ്ടെന്ന് മറുപടി നൽകിയ പ്യാനിച്ച്, ബാഴ്സലോണയുമായി താൻ കരാർ ഒപ്പിട്ടത് അടുത്ത വർഷം അവിടം വിടാനല്ലെന്നും, ചരിത്രം സൃഷ്ടിക്കാനാണ് താൻ ഇവിടെയെത്തിയിരിക്കുന്നതെന്നും വ്യക്തമാക്കുകയായിരുന്നു.

"ബാഴ്സലോണയ്ക്ക് വേണ്ടി കളിക്കുക എല്ലായ്പ്പോളും എന്റെ സ്വപ്നമായിരുന്നു.‌ രണ്ട് വർഷങ്ങൾക്ക് മുൻപ് ബാഴ്സലോണയുടെ സ്പോർട്ടിംഗ് ഡയറക്ടറായിരുന്ന എറിക്ക് അബിദാൽ എന്നെ ടീമിലെത്തിക്കാൻ ആഗ്രഹിച്ചു.‌ ഞങ്ങൾ ഇക്കാര്യത്തിൽ സംസാരിച്ചു. എന്നാൽ ക്ലബ്ബ് ഗ്രീസ്മാനെ വാങ്ങി. പിന്നീട് അവരുടെ കൈവശം എനിക്കായി പണം ബാക്കിയുണ്ടായിരുന്നില്ല.‌ ബാഴ്സലോണ താരമെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടാൻ‌ എനിക്ക് രണ്ട് വർഷം കാത്തിരിക്കേണ്ടി വന്നു. ചാമ്പ്യൻസ് ലീഗ് നേടാനാണ് ഞാൻ ബാഴ്സലോണയിലെത്തിയിരിക്കുന്നത്. അതാണ് എന്റെ ലക്ഷ്യം. ഈ വർഷം ഇരട്ട കിരീടങ്ങൾ നേടുന്നതിന്‌ ടീമിനെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു." മിറാലം പ്യാനിച്ച് പറഞ്ഞു.

അതേ‌ സമയം കഴിഞ്ഞ സെപ്റ്റംബറിൽ ബാഴ്സലോണയിലെത്തിയ മിറാലം പ്യാനിച്ച് ക്ലബ്ബിനൊപ്പം ഇതു വരെ 28 മത്സരങ്ങളിലാണ് കളിക്കാനിറങ്ങിയത്. ഇതിൽ ലാലീഗയിൽ വെറും 17 മത്സരങ്ങൾ മാത്രമാണ് താരം കളിച്ചത്. അതിൽത്തന്നെ 6 മത്സരങ്ങളിൽ മാത്രമായിരുന്നു അദ്ദേഹം സ്റ്റാർട്ടിംഗ് ഇലവനിൽ ഉണ്ടായിരുന്നത്. നിലവിൽ ക്ലബ്ബിന്റെ ആദ്യ ഇലവനിലെ ‌പ്രധാനിയല്ലെങ്കിലും ഭാവിയിൽ ക്ലബ്ബിലെ പ്രധാന കളികാരിലൊരാളായി മാറാനാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ പ്യാനിച്ച്.

facebooktwitterreddit