ആദ്യ നാലിൽ ഇടമുറപ്പിക്കാൻ ലക്ഷ്യമിട്ട് കേരളാ ബ്ലാസ്റ്റേഴ്സ്; അടുത്ത മത്സരം ഹൈദരാബാദ് എഫ്സിക്കെതിരെ

ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ നാലിൽ ഇടം നേടി പ്ലേ ഓഫിലെത്താൻ ലക്ഷ്യമിടുന്ന കേരളാ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഹൈദരാബാദ് എഫ്സിയെ അടുത്ത മത്സരത്തിൽ നേരിടും. ഫെബ്രുവരി 23ന് ഇന്ത്യൻ സമയം രാത്രി 7:30ന് ഗോവയിലെ ജിഎംസി അത്ലറ്റിക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.
കഴിഞ്ഞ മത്സരത്തിൽ അവസാന നിമിഷം സമനില വഴങ്ങി 2 പോയിന്റുകൾ നഷ്ടപ്പെടുത്തിയ ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഇനി ലീഗ് ഘട്ടത്തിൽ നാല് മത്സരങ്ങളാണ് ബാക്കിയുള്ളത്. നിലവിൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് അതിനാൽ തന്നെ ഇനിയുള്ള മത്സരങ്ങളിൽ മികച്ച ഫലം കരസ്ഥമാക്കേണ്ടത് അനിവാര്യമാണ്.
16 മത്സരങ്ങളിൽ നിന്ന് 27 പോയിന്റുള്ള ബ്ലാസ്റ്റേഴ്സിന് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ വിജയിച്ചാൽ 17 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുള്ള മുംബൈ സിറ്റി എഫ്സിയെ മറികടന്ന് ആദ്യ നാലിൽ വീണ്ടും എത്താനാകും. അതിനാൽ, ഹൈദരാബാദിനെതിരെ വിജയം ലക്ഷ്യമാക്കി തന്നെയാവും ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുക.
എടികെ മോഹൻ ബഗാനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ 2-2ന്റെ സമനില വഴങ്ങിയെങ്കിലും, മത്സരത്തിലുടനീളം പുറത്തെടുത്ത മികച്ച പ്രകടനം ഹൈദരാബാദിനെതിരെയുള്ള മത്സരത്തിന് ഒരുങ്ങുന്ന ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം നൽകുന്ന ഘടകമാണ്.
സീസണിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്ന റുയിവാ ഹോർമിപാം പരിക്കിൽ നിന്ന് മുക്തനായി പരിശീലനം പുനരാരംഭിച്ചത് ബ്ലാസ്റ്റേഴ്സിന് സന്തോഷ വാർത്തയാണ്. എന്നാൽ, സസ്പെൻഷനിൽ കഴിയുന്ന സന്ദീപ് സിംഗ്, ജോർജ് പെരേര ഡയസ് എന്നിവർക്ക് ഹൈദരാബാദിനെതിരെയുള്ള മത്സരം നഷ്ടമാകുമെന്നത് കൊമ്പന്മാർക്ക് തിരിച്ചടിയാണ്. പരിക്കിൽ നിന്ന് പൂർണമായി മുക്തനാവാത്ത നിഷു കുമാറിനും നാളത്തെ മത്സരം നഷ്ടമാകും. സന്ദീപിന്റെയും നിഷുവിന്റെയും അഭാവത്തിൽ സഞ്ജീവ് സ്റ്റാലിൻ ലെഫ്റ്റ്-ബാക്ക് ആയി കളിക്കാനാണ് സാധ്യത.
ആദ്യ ഇലവനിൽ നാല് വിദേശ താരങ്ങളെ മാത്രമേ ഇറക്കാവൂ എന്നിരിക്കെ, സിപോവിച്ചിന്റെയോ ലെസ്കോവിച്ചിന്റെയോ സെന്റർ-ബാക്ക് പങ്കാളിയായി ഹോർമിപാമിനെയോ ബിജോയ് വർഗീസിനെയോ കളത്തിലിറക്കുകയാണെങ്കിൽ, ജോർജ് പെരേര ഡയസിന്റെ അഭാവത്തിൽ ചെഞ്ചോ ഗ്വെൽഷന് ആദ്യ ഇലവനിൽ ഇടം ലഭിച്ചേക്കും.
അതേ സമയം, 17 മത്സരങ്ങളിൽ 32 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്താണെങ്കിലും, ഹൈദരാബാദ് ഇത് വരെ പ്ലേ ഓഫിലിടം ഉറപ്പിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വിജയം കരസ്ഥമാക്കി മികച്ച ഫോമിലുള്ള ഹൈദരാബാദ് അതിനാൽ തന്നെ വിജയം ലക്ഷ്യമാക്കിയാവും ബ്ലാസ്റ്റേഴ്സിന് എതിരെ കളത്തിറങ്ങുക.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.