കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ 2-1ന് പരാജയപ്പെടുത്തി ഹൈദരാബാദ് എഫ്‌സി

ഐ.എസ്.എല്ലിലെ നിര്‍ണായക മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ 2-1 എന്ന സ്‌കോറിന് ഹൈദരാബാദ് എഫ്.സിയാണ് ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. ഹൈദരാബാദിനെതിരേയുള്ള മത്സരം ജയിക്കുകയാണെങ്കില്‍ ആദ്യ നാലില്‍ സ്ഥാനം ഉറപ്പിക്കാന്‍ മഞ്ഞപ്പടക്ക് കഴിയുമായിരുന്നു. എന്നാല്‍ കൊമ്പന്‍മാര്‍ക്ക് ജയം സ്വന്തമാക്കാന്‍ കഴിഞ്ഞില്ല.
ജയം അനിവാര്യമായതിനാല്‍ ഇരു ടീമുകളും പതിയെയായിരുന്നു മത്സരം തുടങ്ങിയത്. ചുവപ്പ് കാര്‍ഡ് ലഭിച്ച പെരേര ഡയസിന് പകരം ഗില്‍ഷന്‍ ചെഞ്ചോയെ ടീമിലുള്‍പ്പെടുത്തിയിയാരുന്നു ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങിയത്. 28ാം മിനുട്ടില്‍ ബര്‍തലോമിയോ ഒഗ്ബച്ചെ നേടിയ ഗോളില്‍ ഹൈദരാബാദ് എഫ്.സി മുന്നിലെത്തി.
സമനില ഗോളിനായി ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ പകുതിയില്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. ചെഞ്ചോയുടെ തകര്‍പ്പന്‍ ഷോട്ട് ബാറില്‍ തട്ടി മടങ്ങിയത് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി. ആദ്യ പകുതിയില്‍ പിന്നീട് ഗോളൊന്നും പിറക്കാത്തതോടെ ഒരു ഗോളിന്റെ ലീഡുമായി ഹൈദരാബാദ് മടങ്ങി.
രണ്ടാം പകുതിയില്‍ സമനില ഗോളിനായി ബ്ലാസ്‌റ്റേഴ്‌സ് കിണഞ്ഞ് ശ്രമിക്കുന്നതിനിടെ 87ാം മിനുട്ടില്‍ പകരക്കാരാനായി വന്ന ജാവിയര്‍ സിവേറിയോ ഗോള്‍ നേടി. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് രണ്ട് ഗോളിന് പിറകിലായി. എന്നാല്‍ മത്സരം അവസാനിക്കാന്‍ ഒരു മിനുട്ട് മാത്രം ബാക്കി നില്‍ക്കെ ബ്ലാസ്‌റ്റേഴ്‌സ് ആശ്വാസ ഗോള്‍ നേടി. പകരക്കാരനായി കളത്തിലിറങ്ങിയ വിന്‍സി ബാരറ്റോയായിരുന്നു 95ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ നേടിയത്.
17 മത്സരത്തില്‍ നിന്ന് 27 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണിപ്പോള്‍. ഇനി ബാക്കിയുള്ള മത്സരത്തില്‍ ജയം സ്വന്തമാക്കിയാല്‍ ബ്ലാസ്‌റ്റേഴ്‌സിന് പ്ലേ ഓഫ് സാധ്യത നിലനില്‍ക്കുന്നുണ്ട്. 18 മത്സരത്തില്‍ നിന്ന് 35 പോയിന്റുമായി പ്ലേ ഓഫിൽ ഇടം ഉറപ്പിച്ച ഹൈദരാബാദ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഫെബ്രുവരി 26ന് ചെന്നൈയിന്‍ എഫ്.സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.