Football in Malayalam

"സുഡാനി ഫ്രം നൈജീരിയ"- ഓഗ്‌ബെച്ചെയുടെ സൈനിങ്‌ വ്യത്യസ്‌തമായ രീതിയിൽ പ്രഖ്യാപിച്ച് ഹൈദരാബാദ് എഫ്‌സി

Sreejith N
FBL-INDIA-ISL
FBL-INDIA-ISL / DIBYANGSHU SARKAR/Getty Images
facebooktwitterreddit

നൈജീരിയൻ സ്‌ട്രൈക്കറായ ബർത്തോമോ ഓഗ്‌ബെച്ചയെ അടുത്ത സീസണിലേക്ക് സ്വന്തമാക്കിയതായി ഐഎസ്എൽ ക്ലബ് ഹൈദരാബാദ് എഫ്‌സി പ്രഖ്യാപിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ക്ലബുകളിൽ കളിച്ചിട്ടുള്ള താരം കഴിഞ്ഞ സീസണിൽ മുംബൈ സിറ്റി എഫ്‌സിക്ക് അവരുടെ പ്രഥമ ഐഎസ്എൽ കിരീടം സ്വന്തമാക്കാൻ സഹായിച്ചതിനു ശേഷമാണ് ഹൈദരാബാദ് എഫ്‌സിയിലേക്ക് കൂടുമാറുന്നത്.

വ്യത്യസ്തമായ രീതിയിലാണ് ഓഗ്‌ബെച്ചെയുടെ സൈനിങ്‌ ഹൈദരാബാദ് എഫ്‌സി പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളത്തിൽ കഴിഞ്ഞ കാലത്തിറങ്ങി വലിയ ഹിറ്റായി മാറിയ ഫുട്ബോൾ കേന്ദ്രീകൃത സിനിമയായ സുഡാനി ഫ്രം നൈജീരിയയുടെ പോസ്റ്ററിന് സമാനമായ രീതിയിലാണ് ഓഗ്‌ബെച്ചെയുടെ സൈനിങ്‌ പ്രഖ്യാപിച്ച പോസ്റ്റർ ഹൈദരാബാദ് എഫ്‌സി ചെയ്‌തിരിക്കുന്നത്‌. പോസ്റ്ററിനൊപ്പം ഹാഷ് ടാഗായി സുഡാനി ഫ്രം നൈജീരിയ എന്നും ഉൾപ്പെടുത്തിയതിലൂടെ കേരളത്തിലെ ആരാധകരുടെ ശ്രദ്ധ കൂടി നേടുന്ന നീക്കമാണ് ഹൈദരാബാദ് എഫ്‌സി നടത്തിയിരിക്കുന്നത്.

കഴിഞ്ഞ മൂന്നു സീസണുകളിലായി സ്ഥിരതയാർന്ന പ്രകടനം ഐഎസ്എല്ലിൽ നടത്തിയ മുപ്പത്തിയഞ്ചുകാരനായ ഓഗ്‌ബെച്ചേ ടീമിലെത്തുന്നത് ഹൈദരാബാദ് എഫ്‌സിയുടെ കരുത്ത് വർധിപ്പിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. കഴിഞ്ഞ മൂന്നു സീസണുകളിലായി അൻപത്തിയേഴു മത്സരങ്ങളിൽ നിന്നും മുപ്പത്തിയഞ്ചു ഗോളുകളാണ് താരം അടിച്ചു കൂട്ടിയിരിക്കുന്നത്. ഇതിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ കളിക്കുമ്പോൾ നേടിയ പതിനഞ്ചു ഗോളുകളാണ് ഒരു ഐഎസ്എൽ സീസണിൽ താരത്തിന്റെ ഉയർന്ന ഗോൾ നേട്ടം.

ഇന്ത്യൻ സൂപ്പർ ലീഗിലെ നാലാമത്തെ സീസണിൽ നാലാമത്തെ ക്ലബിനു വേണ്ടി കളിക്കുന്ന ഓഗ്‌ബെച്ചേ കരിയറിൽ ഫ്രഞ്ച് ക്ലബായ പിഎസ്‌ജി ലാ ലിഗ ക്ലബുകളായ അലാവസ്‌, കാഡിസ് എന്നിങ്ങനെ നിരവധി വലിയ ടീമുകൾക്കു വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. ലിസ്റ്റൻ കോളാകാവോ ക്ലബ് വിടുന്നതും അഡ്രിയാൻ സന്റാനയുടെ ഭാവിയിൽ ഉറപ്പില്ലാത്തതുമാണ് പുതിയൊരു സ്‌ട്രൈക്കറെ സ്വന്തമാക്കാൻ ഹൈദരാബാദിനെ പ്രേരിപ്പിച്ചത്.

facebooktwitterreddit