Football in Malayalam

ലോകചാമ്പ്യന്മാരെ പിടിച്ചു കെട്ടി ഹംഗേറിയൻ വീര്യം; സമനിലയിൽ കലാശിച്ച് മരണഗ്രൂപ്പിലെ ആവേശപ്പോരാട്ടം

Gokul Manthara
EURO 2020: Hungary v France
EURO 2020: Hungary v France / Anadolu Agency/Getty Images
facebooktwitterreddit

മരണ ഗ്രൂപ്പിലെ മറ്റൊരു മരണമാസ് പോരാട്ടത്തിൽ കരുത്തരായ ഫ്രാൻസിനെ അടിമുടി വിറപ്പിച്ച ഹംഗറിക്ക് ആവേശ സമനില. ബുഡാപ്പെസ്റ്റിലെ തിങ്ങി നിറഞ്ഞ കാണികൾക്ക് മുൻപിൽ നടന്ന മത്സരത്തിൽ ലീഡെടുത്തതിന് ശേഷമാണ് സമനില കൊണ്ട് ഹംഗറിക്ക് തൃപ്തിപ്പെടേണ്ടി വന്നത്. സ്കോർ 1-1. ഹംഗറിക്ക് വേണ്ടി അറ്റില ഫിയോള ഗോൾ നേടിയപ്പോൾ, അന്റോയിൻ ഗ്രീസ്മാനാണ് ഫ്രാൻസിനായി ഗോൾ മടക്കിയത്. ലോക ചാമ്പ്യന്മാരെ ഈ മത്സരഫലം ഒരു രീതിയിലും തൃപ്തിപ്പെടുത്തുന്നതല്ലെങ്കിലും ഹംഗറിയെ സംബന്ധിച്ച് ഒരു വിജയത്തേക്കാൾ ആവേശം സമ്മാനിക്കുന്ന സമനിലയാണിത്

മത്സരം ചൂടു പിടിച്ച് വരുമ്പോൾത്തന്നെ കളിയിലെ ആദ്യ മഞ്ഞക്കാർഡും പിറന്നു. ഹംഗറി മുന്നേറ്റ താരം റോളണ്ട് സലായിയെ വീഴ്ത്തിയതിന് പത്താം മിനുറ്റിൽ ഫ്രെഞ്ച് താരം ബെഞ്ചമിൻ പവാർഡാണ് മഞ്ഞക്കാർഡ് കണ്ടത്. ഇത് തുടക്കം തന്നെ ഫ്രാൻസിന് വലിയ തിരിച്ചടി സമ്മാനിച്ചു. കാർഡ് ലഭിച്ച പവാർഡ് കൂടുതൽ കരുതലോടെ കളിക്കാൻ തുടങ്ങിയതോടെ വലത് വശം അല്പം ദുർബലമായി. ഇതിനൊപ്പം താരത്തിന്റെ പ്രകടനവും നിറം മങ്ങിയതോടെ ഹംഗറിയുടെ മുന്നേറ്റങ്ങൾ പ്രധാനമായും പവാർഡിന്റെ വശത്തുകൂടെയായി. പവാർഡ് നിരാശപ്പെടുത്തിയെങ്കിലും ഇടത് ബാക്ക് സ്ഥാനത്ത് ലൂക്കാസ് ഡിഗ്നെ മികച്ചു നിന്നത് ഫ്രെഞ്ച് പടക്ക് ആശ്വാസമായി. ടീമിന്റെ ആക്രമണങ്ങളും അവിടെ നിന്നാണ് തുടങ്ങിയത്. മികച്ച ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇരു ടീമുകളും കളിച്ചപ്പോൾ മത്സരം ഒരിക്കൽപ്പോലും കാണികളെ നിരാശപ്പെടുത്തിയില്ല.

കൂടുതൽ സമയവും പന്ത് കൈവശം വെച്ചു കളിച്ച ഫ്രാൻസ് ഒന്നിന് പിറകേ ഒന്നായി ആക്രമണങ്ങൾ സൃഷ്ടിച്ചെങ്കിലും അവയൊന്നും അപകടകരമാക്കി മാറ്റാൻ അവർക്കായില്ല. ഹംഗേറിയൻ പ്രതിരോധം മഹാമേരുവിനെപ്പോലെ ഉറച്ചു നിൽക്കുക കൂടി ചെയ്തതോടെ ഫ്രാൻസ് മുന്നേറ്റം വിയർത്തു. ഹംഗറി മുന്നേറ്റവും വിട്ടു കൊടുത്തില്ല. സ്വന്തം കാണികൾക്ക് മുന്നിൽ ഓരോ മിനുറ്റിലും വീര്യം വർധിച്ചു കൊണ്ടിരുന്ന അവർ ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമിൽ മത്സരത്തിൽ മുന്നിലെത്തി. അറ്റില ഫിയോളയായിരുന്നു ഗോൾ സ്കോറർ. ഇടത് വശത്ത് കൂടെ നടത്തിയ മുന്നേറ്റത്തിനൊടുവിൽ ഒരു തകർപ്പൻ ഫിനിഷിംഗിലൂടെ ഫിയോള ഗോൾ വല കുലുക്കിയപ്പോൾ ഗ്യാലറി ഇളകി.

ഏത് വിധേനയും ഗോൾ മടക്കാൻ ശ്രമിച്ച ഫ്രാൻസിനെയാണ് രണ്ടാം പകുതിയുടെ തുടക്കത്തിൽ കണ്ടത്‌‌‌. റാബിയറ്റിന് പകരക്കാരനായി കളിക്കാനിറങ്ങിയ ഡെംബലെ ഒരു തവണ ഗോളിന് തൊട്ടടുത്തെത്തിയെങ്കിലും പോസ്റ്റ് വില്ലനായി. എന്നാൽ അറുപത്തിയാറാം മിനുറ്റിൽ ഫ്രാൻസിന്റെ തുടർച്ചയായുള്ള ആക്രമണങ്ങൾക്ക് ഫലം കണ്ടു. എംബാപ്പെ ബോക്സിന് വലത് വശത്ത് നിന്ന് നൽകിയ ക്രോസ് കൃത്യമായി ക്ലിയർ ചെയ്യാൻ ഹംഗറി പ്രതിരോധതാരത്തിന് കഴിഞ്ഞില്ല. അത് മുതലെടുത്ത ഗ്രീസ്മാൻ ഫ്രാൻസിനെ മത്സരത്തിൽ ഒപ്പമെത്തിച്ചു. സ്കോർ 1-1.

ഗോൾ വഴങ്ങിയതിന്‌ ശേഷം ഹംഗറിയും, മത്സരത്തിൽ ഒപ്പമെത്തിയതിന് ശേഷം ഫ്രാൻസും ആക്രമണം കൂടുതൽ ശക്തമാക്കിയെങ്കിലും ഗോളുകളൊന്നും പിറന്നില്ല. പ്രതിരോധത്തിൽ അനാവശ്യ തിടുക്കമൊന്നും കാണിക്കാതിരുന്ന ഹംഗറി, ഫ്രാൻസിന്റെ പേരു കേട്ട മുന്നേറ്റത്തെ ശരിക്കും വിറപ്പിക്കുകയായിരുന്നുവെന്ന് പറയാം. ലോക ചാമ്പ്യന്മാരെന്ന ഖ്യാതിയുമായി കളിക്കാനെത്തിയ ഫ്രാൻസിനെ വിജയത്തേക്കാൾ മധുരമുള്ള ഒരു സമനിലയിൽ ഹംഗറി പിടിച്ചുകെട്ടിയ കാഴ്ച ഫുട്ബോൾ ലോകത്തെ മുഴുവൻ ത്രില്ലടിപ്പിച്ചുവെന്നതിൽ സംശയമില്ല. ഈ ഹംഗേറിയൻ ടീം നോക്കൗട്ട് ഘട്ടത്തിലേക്ക്‌ യോഗ്യത നേടുമോ ഇല്ലയോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെങ്കിലും അത് അവർ അർഹിക്കുന്നുണ്ട് എന്നത് വാസ്തവം.


facebooktwitterreddit