FC Barcelona News

ലെവൻഡോസ്‌കി ട്രാൻസ്‌ഫർ: റയൽ മാഡ്രിഡിന് മുന്നറിയിപ്പു നൽകി ബാഴ്‌സലോണ ഇതിഹാസം

Sreejith N
Stoichkov Send Lewandowski Warning To Real Madrid
Stoichkov Send Lewandowski Warning To Real Madrid / Sylvain Lefevre/GettyImages
facebooktwitterreddit

ബയേൺ മ്യൂണിക്ക് സ്‌ട്രൈക്കറായ റോബർട്ട് ലെവൻഡോസ്‌കിയെ ബാഴ്‌സലോണ സ്വന്തമാക്കിയതിനു പിന്നാലെ റയൽ മാഡ്രിഡിന് മുന്നറിയിപ്പു നൽകി കാറ്റലൻ ക്ലബിന്റെ ഇതിഹാസതാരം ഹ്രിസ്റ്റോ സ്റ്റോയ്‌ഷ്കോവ്. ബൊറൂസിയ ഡോർട്മുണ്ടിൽ കളിക്കുന്ന സമയത്ത് റയൽ മാഡ്രിഡിനെതിരെ ലെവൻഡോസ്‌കി നാല് ഗോളുകൾ നേടിയത് ഓർമിപ്പിച്ച സ്റ്റോയ്‌ഷ്കോവ് അടുത്ത സീസണിൽ ലീഗ് നേടാൻ ബാഴ്‌സക്കു കഴിയുമെന്നും വ്യക്തമാക്കി.

ലെവൻഡോസ്‌കിക്കു പുറമെ മുന്നേറ്റനിരയിലേക്ക് റഫിന്യയെ കൂടി സ്വന്തമാക്കിയ ബാഴ്‌സലോണ കരാർ അവസാനിച്ച ഒസ്മാനെ ഡെംബലെയുമായി കരാർ പുതുക്കുകയും ചെയ്തിരുന്നു. ഇതിനു പുറമെ ഫ്രീ ഏജന്റായി ചെൽസി പ്രതിരോധതാരം ക്രിസ്റ്റൻസെൻ, എസി മിലാൻ മധ്യനിരതാരം ഫ്രാങ്ക് കെസി എന്നിവരെയും സ്വന്തമാക്കിയ ബാഴ്‌സലോണ അടുത്ത സീസണ് ഇരട്ടി കരുത്തു നേടിയാണ് ഇറങ്ങുന്നത്.

"ഈ ടീമുമായി ബാഴ്‌സലോണക്ക് ലാ ലിഗ നേടാൻ കഴിയും, ഞാനതിപ്പോൾ തന്നെ പറയുന്നു. ലെവൻഡോസ്‌കിയെ ടീമിൽ എത്തിച്ചതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. താരം മികച്ചൊരു ഗോൾ സ്കോററാണ്, ഒരുപാട് സവിശേഷതകൾ കൊണ്ടു വരാൻ താരത്തിന് കഴിയും. അത് ബോക്‌സിൽ മാത്രമല്ല, ഒരുപാട് നീക്കങ്ങളിൽ പങ്കു ചേരുന്ന താരം കൂടുതൽ ജോലി ചെയ്യും."

"ഒരു ഗോൾസ്കോററെ ആവശ്യമുള്ള ബാഴ്‌സലോണയെ സംബന്ധിച്ച് വലിയ സൈനിങാണ് ലെവൻഡോസ്‌കി. ഞങ്ങൾക്കവനുണ്ട്, ഒബാമയങ്ങുണ്ട്, ഫാറ്റിയുണ്ട്, ഫെറൻ ടോറസും ഡെംബലെയുമുണ്ട്. ഒരുപാട് ഗോളുകൾ നേടുന്ന ലെവൻഡോസ്‌കി എതിരാളികൾക്ക് വലിയ തലവേദനയായിരിക്കും. റയൽ മാഡ്രിഡിനെതിരെ മുൻപ് നാല് ഗോളുകൾ ലെവൻഡോസ്‌കി നേടിയിട്ടുണ്ട്. അവർ ഇപ്പോഴും ചിരിക്കുന്നുണ്ടോയെന്ന് നമുക്ക് നോക്കാം." സ്റ്റോയ്‌ഷ്കോവ് സ്പോർട്ടിനോട് പറഞ്ഞു.

ലെവൻഡോസ്‌കിയും അൻസു ഫാറ്റിയും തമ്മിൽ അവസരങ്ങളുടെ പേരിൽ ഈഗോ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. ഫാറ്റിയുടെ വളർച്ചക്ക് പോളണ്ട് താരത്തിന്റെ സാന്നിധ്യം സഹായിക്കുമെന്നു പറഞ്ഞ അദ്ദേഹം ഈ താരങ്ങളുടെ പിതൃസ്ഥാനത്തു നിൽക്കാൻ ലെവൻഡോസ്‌കിക്ക് കഴിയുമെന്നും കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit