Football in Malayalam

2022 ഖത്തർ ലോകകപ്പ് യൂറോപ്പിലെ പ്രധാന ലീഗുകളിൽ വരുത്തുന്ന മാറ്റങ്ങൾ അറിയാം

Sreejith N
In this photo illustration, FIFA World Cup Qatar 2022 logo...
In this photo illustration, FIFA World Cup Qatar 2022 logo... / SOPA Images/GettyImages
facebooktwitterreddit

2022 ഫുട്ബാൾ ലോകകപ്പ് മിഡിൽ ഈസ്റ്റ് രാജ്യമായ ഖത്തറിലാണു നടക്കുന്നത് എന്നതിനാൽ കാലാവസ്ഥയുടെ അനുയോജ്യത കണക്കിലെടുത്ത് മുൻ വർഷങ്ങളിൽ നിന്നെല്ലാം വിഭിന്നമായി നവംബർ, ഡിസംബർ മാസങ്ങളിലാണ് ടൂർണമെന്റ് സംഘടിപ്പിക്കപ്പെടുന്നത്. ഈ മാസങ്ങളിൽ ടൂർണമെന്റ് നടത്തുമ്പോൾ യൂറോപ്പിലെ പ്രധാന ലീഗുകളെല്ലാം മത്സരങ്ങൾ മാറ്റി വെക്കേണ്ട സാഹചര്യമുണ്ട്. യൂറോപ്പിലെ അഞ്ചു പ്രധാന ലീഗുകൾ ടൂർണമെന്റുമായി ഒത്തുപോകാൻ വരുത്തുന്ന മാറ്റങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്.

2022 ലോകകപ്പിന്റെ ഷെഡ്യൂൾ

നവംബർ 21നാണു 2022 ഖത്തർ ലോകകപ്പ് ആരംഭിക്കുന്നത്. ഡിസംബർ 2 വരെ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നീണ്ടു നിൽക്കും. അതിനു ശേഷം ഡിസംബർ 3നാണു റൗണ്ട് ഓഫ് 16 മത്സരങ്ങൾ ആരംഭിക്കുക. ഓരോ ദിവസവും രണ്ടു മത്സരങ്ങൾ വീതം നടന്ന് ഡിസംബർ 6നു റൗണ്ട് ഓഫ് 16 അവസാനിക്കും.

പ്രീ ക്വാർട്ടറിനു ശേഷം മൂന്നു ദിവസത്തെ ഇടവേളക്ക് ശേഷമാണ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടക്കുക. രണ്ടു മത്സരങ്ങൾ ഡിസംബർ 9നും രണ്ടു മത്സരങ്ങൾ ഡിസംബർ 10നും നടക്കും. സെമി ഫൈനൽ മത്സരങ്ങൾ ഡിസംബർ 13, 14 തീയതികളിൽ നടക്കുമ്പോൾ ഖത്തറിന്റെ ദേശീയ ദിനമായ ഡിസംബർ 18നാണു ലോകകപ്പ് ഫൈനൽ നടക്കുക.

പ്രീമിയർ ലീഗ്

ലോകകപ്പിന്റെ ഭാഗമായി ആറാഴ്‌ചത്തെ ഇടവേളയാണ് പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് ഉണ്ടാവുക. നവംബർ 14നു നിർത്തി വെക്കുന്ന മത്സരങ്ങൾ പിന്നീട് ആരംഭിക്കുക ഡിസംബർ 26നാണ്. ലോകകപ്പ് നടക്കുന്നതിനാൽ അടുത്ത സീസൺ പതിവിലും നേരത്തെയുള്ള തീയതിയായ ഓഗസ്റ്റ് 6നു ആരംഭിച്ച് പതിവിലും വൈകി മെയ് 28, 2023നാണ് അവസാനിക്കുക.

ലാ ലിഗ

ലോകകപ്പിന്റെ ഭാഗമായി എന്നാണു സീസൺ ആരംഭിക്കേണ്ടത്, എത്ര ആഴ്‌ചകൾ മത്സരങ്ങൾ നിർത്തി വെക്കണം എന്നതടക്കമുള്ള കാര്യങ്ങൾ ലാ ലിഗ ഇതുവരെയും തീരുമാനിച്ചിട്ടില്ല.

ബുണ്ടസ്‌ലിഗ

പ്രീമിയർ ലീഗിനു സമാനമായി നവംബർ 14നു തന്നെയാണ് ജർമൻ ലീഗും സീസൺ നിർത്തിവെക്കുക. എന്നാൽ പ്രീമിയർ ലീഗിൽ നിന്നും തീർത്തും വിഭിന്നമായി ലോകകപ്പിനു ശേഷം വിന്റർ ബ്രേക്ക് നൽകുന്ന ബുണ്ടസ്‌ലിഗ പിന്നീട് ആരംഭിക്കുക ജനുവരി 20, 2023നാണു. മെയ് 27നാണു സീസൺ അവസാനിക്കുക.

സീരി എ

ലോകകപ്പിന് അനുബന്ധമായി മത്സരങ്ങൾ മാറ്റി വെക്കേണ്ടതിനെ പറ്റിയും പുതുക്കിയ ഫിക്‌സ്ച്ചറും സീരി എ പ്രതിനിധികൾ തയ്യാറാക്കിക്കൊണ്ടിരിക്കയാണ്.

ലീഗ് വൺ

പ്രീമിയർ ലീഗിനും ബുണ്ടസ്‌ലിഗക്കും സമാനമായി ലീഗ് വണും നവംബർ 14നു നിർത്തിവെക്കും. അതിനു ശേഷം ഡിസംബർ 28നാണു മത്സരങ്ങൾ പുനരാരംഭിക്കുക. ജൂൺ 4, 2023നാണു അടുത്ത സീസണിലെ ഫ്രഞ്ച് ലീഗ് അവസാനിക്കുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit