Football in Malayalam

ക്രിസ്റ്റ്യാനോയെ ടീമിലെത്തിക്കുന്നത് റയൽ മാഡ്രിഡിന് കഠിനമാകും, കാരണം സ്പെയിനിലെ വൻ നികുതി

By Gokul Manthara
RC Deportivo La Coruna v Real Madrid CF - La Liga
RC Deportivo La Coruna v Real Madrid CF - La Liga / Juan Manuel Serrano Arce/Getty Images
facebooktwitterreddit

യുവന്റസിന്റെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വരും സമ്മറിൽ തന്റെ മുൻ ക്ലബ്ബായ‌ റയൽ മാഡ്രിഡിലേക്ക് തിരിച്ചു പോയേക്കുമെന്നുള്ള വാർത്തകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫുട്ബോൾ ലോകത്ത് നിറഞ്ഞു നിൽക്കുകയാണ്‌. യുവന്റസ് ഇക്കുറി ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ കാണാതെ പുറത്തായതിന് പിന്നാലെയായിരുന്നു ഇത്തരത്തിലൊരു അഭ്യൂഹം ആദ്യമായി പുറത്ത് വന്നത്. റയലും ക്രിസ്റ്റ്യാനോയുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങൾക്ക് കൂടുതൽ ചൂടുപിടിക്കുന്നതിനിടെ സ്പാനിഷ് ക്ലബ്ബിന് താരത്തെ സ്വന്തമാക്കുന്നത് അല്പം സങ്കീർണമായിരിക്കുമെന്നുള്ള സൂചനകൾ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നു.

സ്പെയിനിലെ അമിത ടാക്സ് നിരക്ക് റോണോയെ ടീമിലേക്ക് തിരിച്ചെത്തിക്കാനുള്ള റയലിന്റെ നീക്കങ്ങൾക്ക് തടസമായേക്കാമെന്നാണ് ഹിംനസ് ഫുട്ബോൾ ലോയേഴ്സിന്റെ സിഇഓ ആയ ടോണി റോക്ക ചൂണ്ടിക്കാട്ടുന്നത്. യൂറോപ്പിലെ പ്രധാന അഞ്ച് ലീഗുകളിൽ ഏറ്റവും അനുകൂലമായ നികുതി നിരക്കുള്ള രാജ്യം ഇറ്റലിയാണെന്നും അവിടെ വളരെ കുറവ് പണമാണ്‌ നികുതിയിനത്തിൽ റോണോ അടച്ചു കൊണ്ടിരിക്കുന്നതെന്നും പറയുന്ന റോക്ക, സ്പെയിനിലെ നികുതി നിരക്ക് ഇറ്റലിയിലേക്കാൾ കൂടുതലാണെന്നും അവിടേക്ക് പോയാൽ ഇറ്റലിയിൽ അടക്കുന്നതിനേക്കാൾ പതിമടങ്ങ് തുക ടാക്സ് ഇനത്തിൽ റോണോക്ക് നൽകേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടുന്നു.

അതേ സമയം ഒരു വർഷ കരാറിലാണ് ക്രിസ്റ്റ്യാനോയെ റയൽ മാഡ്രിഡ് ടീമിലേക്ക് കൊണ്ടു വരുന്നതെ‌ങ്കിൽ അമിത നികുതി നിരക്കിന്റെ പ്രശ്നം വരുന്നില്ലെന്നാണ് റോക്ക ചൂണ്ടിക്കാട്ടുന്നത്‌. ഒരു വർഷ കരാറിലാണ് ക്രിസ്റ്റ്യാനോയെത്തുന്നതെങ്കിൽ ഒരു പ്രവാസി എന്ന നിലയിലാകും റോണോക്ക് നികുതി അടക്കേണ്ടി‌ വരുകയെന്നും ഇങ്ങനെ വരുമ്പോൾ വ്യക്തിഗത ആദായ നികുതിയുടെ 19 ശതമാനം മാത്രമേ അദ്ദേഹത്തിന് അടക്കേണ്ടി വരുകയുള്ളൂവെന്നും റോക്ക പറയുന്നു.

എന്നാൽ ഇത്തരത്തിലൊരു കരാറിലെത്തുകയാണെങ്കിൽ 2022 ജൂൺ 30ന് മുൻപ് റോണോക്ക് സ്പെയിൻ വിട്ടു‌ പോകേണ്ടി വരും. അല്ലാത്ത പക്ഷം താരത്തെ പ്രവാസിയായി കണക്കാക്കുകയില്ലെ‌ന്നും ഇതോടെ ടാക്സ് നിരക്ക് വർധിക്കുമെന്നുമാണ് റോക്ക ചൂണ്ടിക്കാട്ടുന്നത്. നികുതിയുമായി ബന്ധപ്പെട്ട് ഉയരാൻ സാധ്യതയുള്ള ഇത്തരം കാര്യങ്ങൾ റോണോക്ക് സ്പെയിനിലേക്ക് വരുന്നതിന് താല്പര്യക്കുറവ് ഉണ്ടാക്കിയേക്കുമെന്നാണ് സൂചനകൾ. എന്തായാലും റയൽ മാഡ്രിഡിന് റോണോയെ ടീമിലേക്ക് തിരികെ കൊണ്ടു വരാൻ ആഗ്രഹമുണ്ടെങ്കിൽ അത് അത്ര എളുപ്പം നടക്കില്ലെന്ന് ഉറപ്പ്.

facebooktwitterreddit