Football in Malayalam

വമ്പൻ തുക ഒഴുകിയെത്തും, സൂപ്പർ ലീഗിലൂടെ ക്ലബുകൾക്ക് ലഭിക്കുന്ന വരുമാനക്കണക്കുകൾ ഇങ്ങനെ

Sreejith N
The Top European Football Club Badges
The Top European Football Club Badges / Visionhaus/Getty Images
facebooktwitterreddit

യൂറോപ്പിലെ പന്ത്രണ്ടു വമ്പൻ ക്ലബുകൾ പങ്കെടുക്കാൻ സമ്മതമറിയിച്ച യൂറോപ്യൻ സൂപ്പർ ലീഗിനെക്കുറിച്ചാണ് നിലവിൽ‌ ഫുട്ബോൾ ലോകത്തെ ചർച്ച മുഴുവനും. പ്രസ്‌തുത ക്ലബുകൾ നിലനിൽക്കുന്ന ഓരോ രാജ്യത്തെയും ആഭ്യന്തര ലീഗിന്റെ നേതൃത്വവും ഫുട്ബോൾ അസോസിയേഷനുകളും യുവേഫയും ഫിഫയുമെല്ലാം എതിരായിട്ടു കൂടി ടൂർണമെന്റ് നടത്താനുള്ള തീരുമാനവുമായി മുന്നോട്ടു പോവാനാണ് സൂപ്പർ ലീഗിന്റെ മേധാവികളുടെ തീരുമാനം.

സൂപ്പർ ലീഗിൽ പങ്കെടുത്താൽ ലഭിക്കുന്ന വലിയ പ്രതിഫലത്തുക തന്നെയാണ് ക്ലബുകൾക്ക് പുതിയ ടൂർണ്ണമെന്റിനോട് ഇത്രയധികം താല്പര്യമുണ്ടാകാൻ കാരണമെന്നതു വ്യക്തമാണ്. ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടുകൾ പ്രകാരം സൂപ്പർ ലീഗിൽ പങ്കെടുത്താൽ മാത്രം ഓരോ ക്ലബിനും നാനൂറു മില്യൺ ഡോളർ വരെയാണ് പ്രതിഫലമായി ലഭിക്കുക. നിലവിൽ യുവേഫ ചാമ്പ്യൻസ് ലീഗ് വിജയികൾക്ക് ലഭിക്കുന്നതിന്റെ നാലിരട്ടിയാണ് ഈ തുക.

സൂപ്പർ ലീഗിൽ പങ്കെടുക്കാൻ ആദ്യം സമ്മതമറിയിക്കുന്ന പതിനഞ്ചു ക്ലബുകൾക്ക് സ്ഥിരമായി സ്ഥാനം ലഭിക്കുന്ന തരത്തിലാണ് ടൂർണ്ണമെന്റ് തയ്യാറാക്കുന്നത്. ഇതിനു പുറമെ അഞ്ചു ക്ലബുകളെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഓരോ വർഷവും ക്ഷണിച്ച് ഇരുപതു ടീമുകൾ തമ്മിലുള്ള മത്സരമാണ് നടക്കുക. പത്ത് ടീമുകളടങ്ങുന്ന രണ്ടു ഗ്രൂപ്പുകളായി ഇവരെ തിരിച്ച് ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ നാല് സ്ഥാനക്കാർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറും.

നിലവിൽ റയൽ മാഡ്രിഡ്, ബാഴ്‌സലോണ, അത്ലറ്റികോ, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ലിവർപൂൾ, ആഴ്‌സണൽ, ടോട്ടനം, യുവന്റസ്, എസി മിലാൻ, ഇന്റർ മിലാൻ എന്നിങ്ങനെ പന്ത്രണ്ടു ക്ലബുകളാണ് ലീഗിൽ ചേർന്നിരിക്കുന്നത്. ബയേൺ അടക്കം മൂന്നു ക്ലബുകളെക്കൂടി ഇതിലുൾപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുമ്പോൾ യുവേഫയോടുള്ള പ്രതിബന്ധത കൊണ്ട് പിഎസ്‌ജി ഇതിൽ നിന്നും വിട്ടു നിൽക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അമേരിക്കൻ ബാങ്കായ ജെപി മോർഗൻ ഈ പ്രോജെക്ടിനു വേണ്ടി ആറു ബില്യൺ യൂറോ നൽകുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രമുഖ ഓൺലൈൻ മീഡിയ പ്ലാറ്റ്‌ഫോമായ ഡിഎസെഡ്എൻ ലീഗിന്റെ ടെലിവിഷൻ അവകാശത്തിനു വേണ്ടി 3.5 ബില്യൺ ഡോളറാണ് മുടക്കുന്നത്. സൂപ്പർലീഗ് ആരംഭിച്ചാൽ അത് യുവേഫ ചാമ്പ്യൻസ് ലീഗിന് അവസാനം കുറിക്കുമെന്നു തന്നെയാണ് ഈ സാമ്പത്തിക കണക്കുകൾ വ്യക്തമാക്കുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി 90Min മലയാളത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യൂ.

facebooktwitterreddit