Football in Malayalam

മെസി ബാഴ്‌സ വിട്ടതോടെ അവസാനിക്കുന്നത് റൊണാൾഡോയുടെ പിഎസ്‌ജി സ്വപ്‌നം

Sreejith N
Cristiano Ronaldo (R) of Juventus FC and Lionel Messi of FC...
Cristiano Ronaldo (R) of Juventus FC and Lionel Messi of FC... / Nicolò Campo/Getty Images
facebooktwitterreddit

ബാഴ്‌സലോണയോടു വിടപറഞ്ഞ ലയണൽ മെസി കഴിഞ്ഞ ദിവസത്തെ പ്രസ് മീറ്റിനിടെ പിഎസ്‌ജിയിലേക്ക് ചേക്കേറാനുള്ള സാധ്യതകളും വ്യക്തമാക്കിയിരുന്നു. ഫ്രഞ്ച് ക്ലബിലേക്കുള്ള ട്രാൻസ്‌ഫർ ഒരു സാധ്യതയാണെന്നും പല ക്ലബുകളും തന്നെ സമീപിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയ താരം ഭാവിയെക്കുറിച്ച് ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും പറഞ്ഞു.

അതേസമയം നിലവിലെ സാഹചര്യങ്ങളിൽ മെസിയെ സ്വന്തമാക്കാൻ യൂറോപ്പിൽ ഏറ്റവുമധികം സാധ്യത പിഎസ്‌ജിക്കു തന്നെയാണെന്നു വ്യക്തമാണ്. ഖത്തറിന്റെ ഉടമസ്ഥതയിലുള്ള ക്ലബ് മെസിയുടെ വേതനവ്യവസ്ഥകൾ അംഗീകരിക്കാൻ കഴിയുന്ന താരത്തിൽ അതിസമ്പന്നമാണെന്നതിനു പുറമെ അടുത്ത സുഹൃത്തായ നെയ്‌മറുടെ സാന്നിധ്യവും മെസി പിഎസ്‌ജിയിലേക്ക് ചേക്കേറാനുള്ള വഴികാട്ടുന്നു.

അതേസമയം ബാഴ്‌സ വിട്ട ലയണൽ മെസിക്കു പിന്നാലെ പിഎസ്‌ജി നീങ്ങുന്നത് യുവന്റസ് സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബാധിച്ചിക്കുമെന്നാണ് സ്‌പാനിഷ്‌ മാധ്യമം എഎസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. മെസിയെ സ്വന്തമാക്കാനുള്ള വഴികൾ പിഎസ്‌ജി തേടിക്കൊണ്ടിരിക്കുമ്പോൾ ഫ്രഞ്ച് ക്ലബ്ബിലേക്ക് ചേക്കേറാമെന്നുള്ള റൊണാൾഡോയുടെ പദ്ധതികളാണ് ഇല്ലാതാവുന്നത്.

ഈ സമ്മർ ജാലകത്തിൽ ഏറ്റവുമധികം പേർ പ്രതീക്ഷിച്ച ട്രാൻസ്‌ഫർ റൊണാൾഡോ പിഎസ്‌ജിയിലേക്ക് ചേക്കേറുമെന്നതാണ്. കരാർ അവസാനിക്കാൻ ഒരു വർഷം കൂടി മാത്രം ബാക്കിയുള്ള എംബാപ്പെ റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്നും അതിനു പകരക്കാരനായി റൊണാൾഡോ ഫ്രഞ്ച് ക്ലബിലെത്തുമെന്നുമുള്ള അഭ്യൂഹങ്ങളും ശക്തമായിരുന്നു.

മെസി പിഎസ്‌ജിയിൽ എത്തുന്നതോടെ എംബാപ്പെ ക്ലബ് വിടാനുള്ള സാധ്യതകൾ വർധിക്കുമെങ്കിലും റൊണാൾഡോയുടെ പിഎസ്‌ജി മോഹം അതോടെ അവസാനിക്കുമെന്ന് ഉറപ്പാണ്. പോർച്ചുഗൽ താരത്തിന്റെ പ്രതിഫലം യൂറോപ്പിലെ മറ്റൊരു ക്ലബിനും താങ്ങാൻ കഴിയില്ലെന്നിരിക്കെ യുവന്റസിനൊപ്പം തന്നെ റൊണാൾഡോ തുടരുന്നതിനാണ് അതു വഴിയൊരുക്കുക.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit