ഒരു പ്രീമിയർ ലീഗ് മത്സരത്തിൽ എത്ര സബ്സ്റ്റിട്യൂഷൻ നടത്താം?
By 90min Staff

മത്സരത്തിനിടെ സബ്സ്റ്റിട്യൂഷൻ നടത്തുന്നത് ഫുട്ബോളിൽ സർവ്വസാധാരണമാണ്. മത്സരത്തിൽ മുന്നിലാണെങ്കിൽ പ്രതിരോധനിര ശക്തിപ്പെടുത്താൻ പ്രതിരോധതാരങ്ങളെയും, പിന്നിലാണെങ്കിൽ ആക്രമണം കനപ്പെടുത്താൻ മുന്നേറ്റനിര താരങ്ങളെയും പരിശീലകർ കളത്തിലിറക്കുന്നത് സ്ഥിരകാഴ്ചയാണ്.
ലോകമെമ്പാടും ഏറ്റവുമധികം കാഴ്ചക്കാരുള്ള ഫുട്ബോൾ ലീഗായ പ്രീമിയർ ലീഗിൽ ഒരു മത്സരത്തിൽ ഒരു ടീമിന് എത്ര താരങ്ങളെ വരെ പകരക്കാരായി ഇറക്കാൻ കഴിയുമെന്ന് നമുക്കിവിടെ നോക്കാം.
എത്ര സബ്സ്റ്റിട്യൂഷൻ ആണ് പ്രീമിയർ ലീഗിൽ അനുവദിച്ചിട്ടുള്ളത്?
കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ പരമാവധി മൂന്ന് സബ്സ്റ്റിട്യൂഷൻ വരെയാണ് ഓരോ ടീമിനും ഓരോ മത്സരത്തിലും അനുവദിച്ചിരുന്നത്. എന്നാൽ, ഓരോ മത്സരത്തിലും അഞ്ച് സബ്സ്റ്റിട്യൂഷൻ വരെ നടത്തുന്നതിന് അനുകൂലമായി 2022 മാർച്ചിൽ പ്രീമിയർ ലീഗ് ടീമുകൾ വോട്ട് ചെയ്‌തിരുന്നു. അതിനാൽ തന്നെ, അടുത്ത സീസണിൽ പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഓരോ ടീമിനും അഞ്ച് താരങ്ങളെ വരെ പകരക്കാരായി കളത്തിലിറക്കാൻ കഴിയും.
നേരത്തെ, 2020 മെയ് മാസത്തിൽ, കൊറോണവൈറസ് വ്യാപനത്തിന്റെ പ്രാരംഭഘട്ടത്തിലും പ്രീമിയർ ലീഗിൽ ഓരോ മത്സരത്തിൽ അഞ്ച് സബ്സ്റ്റിട്യൂഷൻ വരെ അനുവദിച്ചിരുന്നു. എന്നാൽ 2021/22 സീസണിൽ ഇത് പരമാവധി മൂന്ന് സബ്സ്റ്റിട്യൂഷൻ വരെയായി കുറക്കുകയായിരുന്നു.
ടീം ഷീറ്റിൽ ഒൻപത് താരങ്ങളെ വരെ ഓരോ ടീമിനും പകരക്കാരായി ഉൾപ്പെടുത്താൻ കഴിയും. ഈ ലിസ്റ്റിൽ നിന്ന് അഞ്ച് താരങ്ങളെ വരെയാണ് ടീമുകൾക്ക് പകരക്കാരായി കളത്തിലിറക്കാൻ കഴിയുക.
പകരക്കാരെ കളത്തിലിറക്കാൻ ഓരോ ടീമിനും മൂന്ന് അവസരങ്ങളാണുള്ളത്. അതിന് പുറമെ ഹാഫ് ടൈം ഇടവേളയിലും ടീമുകൾക്ക് സബ്സ്റ്റിട്യൂഷൻ നടത്താം.