2023 എഎഫ്‌സി ഏഷ്യൻ കപ്പിന് ഇന്ത്യക്ക് യോഗ്യത നേടാൻ കഴിയുകയെങ്ങനെ?

Sreejith N
FBL-WC-2022-ASIA-IND-BAN
FBL-WC-2022-ASIA-IND-BAN / DIBYANGSHU SARKAR/GettyImages
facebooktwitterreddit

ഏഷ്യയിലെ ഏറ്റവും മികച്ച ടീമുകളെ കണ്ടെത്തുന്നതിനായി നാലു വർഷം കൂടുമ്പോൾ നടത്തുന്ന ടൂർണമെന്റാണ് എഎഫ്‌സി ഏഷ്യൻ കപ്പ്. 1956 മുതൽ ആരംഭിച്ച ഈ ടൂർണമെന്റ് കോപ്പ അമേരിക്ക കഴിഞ്ഞാൽ ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ കോണ്ടിനെന്റൽ ചാമ്പ്യൻഷിപ്പ് കൂടിയാണ്. നിലവിൽ ഖത്തർ കൈവശം വെച്ചിരിക്കുന്ന ഏഷ്യൻ കപ്പ് ഏറ്റവുമധികം തവണ നേടിയിരിക്കുന്നത് ജപ്പാനാണ്. നാലു തവണയാണ് അവർ കിരീടം സ്വന്തമാക്കിയത്.

ഇന്ത്യ ഏഷ്യൻ കപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയത് ആദ്യമായി പങ്കെടുത്ത ടൂർണമെന്റിൽ ആയിരുന്നു. 1964ൽ ആദ്യമായി ഏഷ്യൻ കപ്പിനിറങ്ങിയ രാജ്യം രണ്ടാം സ്ഥാനം നേടിയാണ് തിരിച്ചു പോന്നത്. ഇതുവരെ നാല് തവണയാണ് ഇന്ത്യ ഏഷ്യൻ കപ്പിനു യോഗ്യത നേടിയിട്ടുള്ളത്. 2019ൽ നടന്ന എഡിഷനിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായ ടീമിനെ സംബന്ധിച്ച് ഇത്തവണ വീണ്ടും യോഗ്യത നേടാനുള്ള അവസരമുണ്ട്.

മൂന്നു റൗണ്ടുകളായാണ് എഎഫ്‌സി ഏഷ്യൻ കപ്പിനു യോഗ്യത നേടാനുള്ള പോരാട്ടങ്ങൾ നടക്കുക. ഇതിൽ ആദ്യത്തെ റൗണ്ടിൽ പന്ത്രണ്ടു ടീമുകളാണ് പങ്കെടുക്കുക. എഎഫ്‌സിയുടെ പ്രവേശക ലിസ്റ്റിൽ 35 മുതൽ 46 റാങ്കുകളുള്ള ടീമുകളായിരിക്കും ഇത്. ഇതിൽ വിജയിക്കുന്ന ആറു ടീമുകൾ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടും. ഇന്ത്യ എഎഫ്‌സി പ്രവേശകലിസ്റ്റിൽ പതിനെട്ടാം സ്ഥാനത്ത് നിൽക്കുന്നതിനാൽ ആദ്യ ഘട്ടത്തിൽ പങ്കെടുത്തിരുന്നില്ല.

2022 ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങൾ എഎഫ്‌സി ഏഷ്യൻ കപ്പിനു യോഗ്യത നേടാനുള്ള രണ്ടാം റൌണ്ട് പോരാട്ടങ്ങളായും ഉപയോഗിക്കുന്നു. ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ മൂന്നാമത്തെ റൗണ്ടിലേക്ക് പ്രവേശിക്കുന്ന ടീമുകൾ നേരിട്ട് 2023 ഏഷ്യൻ കപ്പിന് യോഗ്യത നേടും. ഈ ഘട്ടത്തിൽ ഇന്ത്യ ഗ്രൂപ്പ് ഇയിൽ ഖത്തർ, ഒമാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ളാദേശ് എന്നിവർക്കൊപ്പമായിരുന്നു. ഈ ഘട്ടത്തിൽ മൂന്നാം സ്ഥാനത്തെത്തിയ ഇന്ത്യ ഏഷ്യൻ കപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലേക്ക് പ്രവേശനം നേടുകയുണ്ടായി.

മൂന്നാം റൌണ്ട് യോഗ്യത മത്സരങ്ങൾ ഏഷ്യൻ കപ്പിനു യോഗ്യത നേടാനുള്ള അവസരമൊരുക്കുന്നു. ഈ റൗണ്ടിൽ പതിനൊന്നു സ്ഥാനങ്ങൾക്കു വേണ്ടി 24 ടീമുകൾ കളിക്കും. ഇരുപത്തിനാലു ടീമുകളെ ആറു ഗ്രൂപ്പുകളാക്കി തിരിച്ച് ആറു വേദികളിൽ വെച്ച് ഒരു പാദം മാത്രമുള്ള മത്സരങ്ങളായാണ് ഇതു സംഘടിപ്പിക്കുക. ആറു ഗ്രൂപ്പ് ജേതാക്കളും അഞ്ചു മികച്ച രണ്ടാം സ്ഥാനക്കാർക്കും ഏഷ്യൻ കപ്പ് യോഗ്യത നേടാൻ കഴിയും.

ജൂണിൽ നടക്കുന്ന മത്സരങ്ങളിൽ ഹോങ്‌കോങ്, കംബോഡിയ, അഫ്‌ഗാനിസ്ഥാൻ എന്നിവരാണ് ഇന്ത്യയുൾപ്പെടുന്ന ഗ്രുപ്പ് ഡിയിൽ ഉള്ളത്. ഇന്ത്യയേക്കാൾ റാങ്കിങ്ങിൽ പിന്നിൽ നിൽക്കുന്ന ഈ രാജ്യങ്ങളെ മറികടന്ന് ഗ്രൂപ്പ് ജേതാക്കളാവുകയോ അല്ലെങ്കിൽ മികച്ച രണ്ടാം സ്ഥാനക്കാരാവുകയോ ചെയ്‌താൽ ചരിത്രത്തിൽ ആദ്യമായി തുടർച്ചയായി രണ്ടു തവണ ഏഷ്യൻ കപ്പിന് യോഗ്യത നേടാൻ ഇന്ത്യക്ക് കഴിയും. ഇന്ത്യയുൾപ്പെടുന്ന ടീമിന്റെ മത്സരങ്ങൾ കൊൽക്കത്തയിൽ വെച്ചാണ് നടക്കുകയെന്നത് കൂടുതൽ പ്രതീക്ഷ നൽകുന്ന കാര്യമാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit