Football in Malayalam

സ്വർണമുറപ്പിക്കാൻ വമ്പൻ താരനിരയുമായി ഒളിമ്പിക്‌സിനിറങ്ങുന്ന ബ്രസീലിന്റെ സാധ്യത ലൈനപ്പ് അറിയാം

Sreejith N
Brazil v Argentina: Final - Copa America Brazil 2021
Brazil v Argentina: Final - Copa America Brazil 2021 / Alexandre Schneider/Getty Images
facebooktwitterreddit

കോപ്പ അമേരിക്ക കിരീടം ചിരവൈരികളായ അർജന്റീനക്കു മുന്നിൽ അടിയറവു വെച്ചത് ബ്രസീലിനും ബ്രസീലിയൻ ആരാധകർക്കും കടുത്ത നിരാശയാണു സമ്മാനിച്ചത്. എന്നാൽ ആ നിരാശ മാറ്റിയെടുക്കുന്നതിനു വേണ്ടി അവർക്കു ലഭിച്ച അവസരമാണ് ടോക്കിയോ ഒളിമ്പിക്‌സ്. കോപ്പ അമേരിക്കയിൽ സംഭവിച്ച തിരിച്ചടിയുടെ ക്ഷീണം ഒളിമ്പിക്‌സ് ഫുട്ബോൾ സ്വർണം നേടി ഇല്ലാതാക്കുകയെന്ന ഉദ്ദേശത്തോടെ കരുത്തുറ്റ താരനിരയെ തന്നെയാണ് ബ്രസീൽ ടോക്കിയോയിൽ അണിനിരത്തുന്നത്.

കോപ്പ അമേരിക്ക ടൂർണ്ണമെന്റിനിറങ്ങിയ ഏതാനും താരങ്ങളെയും ഉൾപ്പെടുത്തി ഒളിമ്പിക്‌സ് മത്സരങ്ങൾക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച ബ്രസീൽ ഇന്ന് വൈകുന്നേരം ജർമനിക്കെതിരെ അവരുടെ ആദ്യത്തെ മത്സരത്തിനിറങ്ങാൻ ഒരുങ്ങുകയാണ്. നെയ്‌മർ അടക്കമുള്ള താരങ്ങളുടെ കരുത്തിൽ 2016 ഒളിമ്പിക്‌സിൽ നേടിയ സുവർണനേട്ടം ആവർത്തിക്കാൻ ഇറങ്ങുന്ന ബ്രസീലിന്റെ സാധ്യത ലൈനപ്പാണ് ഇവിടെ പരാമർശിക്കുന്നത്.

1. ഗോൾകീപ്പേഴ്‌സ് ആൻഡ് ഡിഫെൻഡേഴ്‌സ്

Brazil v Nigeria - International Friendly
Brazil v Nigeria - International Friendly / Lionel Ng/Getty Images

സാന്റോസ് (ഗോൾകീപ്പർ): തന്റെ കരിയർ മുഴുവൻ അത്ലറ്റികോ പരനായൻസിനു വേണ്ടി കളിച്ച മുപ്പത്തിയൊന്നുകാരനായ താരത്തിന് ദേശീയ ടീമിനെ പ്രതിനിധീകരിക്കാനും നേട്ടങ്ങൾ സ്വന്തമാക്കാനുമുള്ള അവസരമാണ് ഒളിമ്പിക്‌സ് നൽകിയിരിക്കുന്നത്.

ഡാനി ആൽവസ് (റൈറ്റ് ബാക്ക്): പ്രായം തളർത്താത്ത പടക്കുതിരയായ ഡാനി ആൽവസ് ദേശീയ ടീമിനൊപ്പം മറ്റൊരു നേട്ടം കൂടി സ്വന്തം പേരിലെഴുതിച്ചേർക്കാനുള്ള തയ്യാറെടുപ്പിലാണ്. മുപ്പത്തിയെട്ടുകാരനായ താരത്തിന്റെ പരിചയസമ്പത്ത് ബ്രസീലിനു വലിയൊരു മുതൽക്കൂട്ടു തന്നെയായിരിക്കും.

ഡീഗോ കാർലോസ് (സെന്റർ ബാക്ക്): സെവിയ്യക്കൊപ്പം യൂറോപ്പ ലീഗ് നേടുകയും കഴിഞ്ഞ സീസണിൽ ലാ ലീഗയിൽ നാലാം സ്ഥാനം നേടുകയും ചെയ്‌ത ഡീഗോ കാർലോസിന്റെ സാന്നിധ്യം ബ്രസീലിയൻ പ്രതിരോധത്തിന് കരുത്തു പകരുന്നു.

നിനോ (സെന്റർ ബാക്ക്): സീനിയർ ദേശീയ ടീമിനെ ഇതുവരെയും പ്രതിനിധീകരിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഫ്ലുമിനന്സ് താരത്തിന്‌ ചരിത്രത്തിന്റെ ഭാഗമാകാനുള്ള ഒരവസരമാണ് ടോക്കിയോ ഒളിമ്പിക്‌സ് നൽകുന്നത്.

ഗ്വില്ലെർമെ അരാന (ലെഫ്റ്റ് ബാക്ക്): സെവിയ്യയുടെ മുൻ താരമായ അരാന കഴിഞ്ഞ സീസണിനു മുന്നോടിയായാണ് ബ്രസീലിയൻ ക്ലബായ അത്‌ലറ്റിക് മിനറോയിലേക്ക് ചേക്കേറുന്നത്. അവിടെ നടത്തിയ മികച്ച പ്രകടനം താരത്തിന് ഒളിമ്പിക്‌സ് ടീമിലേക്ക് വഴി തുറക്കുകയും ചെയ്‌തു.

2. മിഡ്‌ഫീൽഡേഴ്‌സ്

FBL-WC-2022-URU-BRA
FBL-WC-2022-URU-BRA / RAUL MARTINEZ/Getty Images

ഡഗ്ലസ് ലൂയിസ് (സെൻട്രൽ മിഡ്‌ഫീൽഡർ): പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ലക്കു വേണ്ടി മികച്ച പ്രകടനം നടത്തി യൂറോപ്പിലെ നിരവധി ക്ലബുകളുടെ ശ്രദ്ധയാകർഷിച്ച താരം ദേശീയ ടീമിനു വേണ്ടിയും അതാവർത്തിക്കാനുള്ള ശ്രമത്തിലാണ്.

ബ്രൂണോ ഗുയ്മെറാസ് (സെൻട്രൽ മിഡ്‌ഫീൽഡർ): 2020 വിന്ററിൽ ഫ്രഞ്ച് ക്ലബായ ലിയോണിലേക്ക് ചേക്കേറിയ ബ്രൂണോ കഴിഞ്ഞ സീസണിൽ ക്ലബ്ബിനെ ലീഗിൽ നാലാം സ്ഥാനത്ത് എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചിരുന്നു.

റെയ്‌നിയർ (അറ്റാക്കിങ് മിഡ്‌ഫീൽഡർ): റയൽ മാഡ്രിഡിൽ നിന്നും ലോണിൽ ബൊറൂസിയ ഡോർട്മുണ്ടിന് വേണ്ടി കഴിഞ്ഞ സീസണിൽ കളിച്ച താരത്തിന് പരിമിതമായ അവസരങ്ങളെ ലഭിച്ചിട്ടുള്ളൂ എങ്കിലും ഒളിപിക്‌സിലെ പ്രകടനത്തോടെ താരത്തിനു തന്റെ ഭാവിയെ മാറ്റിമറിക്കാൻ കഴിയും.

3. ഫോർവേഡ്‌സ്

Malcom, Danilo Mitrovic
Serbia U21 v Brazil U23 - International Friendly / Srdjan Stevanovic/Getty Images

മാൽക്കം (റൈറ്റ് വിങ്): ബാഴ്‌സലോണ കരിയർ ഉദ്ദേശിച്ചതു പോലെ മുന്നോട്ടു കൊണ്ടു പോകാൻ കഴിയാതെ റഷ്യൻ ലീഗിലേക്ക് ചേക്കേറിയ താരത്തിന് വീണ്ടും യൂറോപ്പിലെ വമ്പൻ ക്ലബുകളുടെ ശ്രദ്ധ നേടാൻ ഒളിമ്പിക്‌സിലൂടെ കഴിയും.

റിച്ചാർലിസൺ (സ്‌ട്രൈക്കർ): കോപ്പ അമേരിക്കയിൽ ഫൈനൽ വരെയെത്തിയ ബ്രസീലിന്റെ കുതിപ്പിൽ നിർണായക സാന്നിധ്യമായിരുന്ന എവർട്ടൺ താരം ഒളിമ്പിക്‌സിലും അതാവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.

ഗബ്രിയേൽ മാർട്ടിനെല്ലി (ലെഫ്റ്റ് വിങ്): പ്രീമിയർ ലീഗിൽ വേണ്ടത്ര അവസരം ലഭിച്ചിട്ടില്ലെങ്കിലും ഒളിമ്പിക്‌സിനു മുന്നോടിയായ സൗഹൃദ മത്സരത്തിൽ തന്റെ മികവ് തെളിയിക്കാൻ കഴിഞ്ഞ മാർട്ടിനെല്ലി തന്നെയായിരിക്കും ടൂർണമെന്റിൽ ബ്രസീലിന്റെ കുന്തമുന.

facebooktwitterreddit