Transfers

എംബാപ്പെക്ക് റയൽ മാഡ്രിഡിലേക്കുള്ള വഴിതുറക്കാൻ അഗ്യൂറോ

Sreejith N
FBL-WC-2018-MATCH50-FRA-ARG
FBL-WC-2018-MATCH50-FRA-ARG / BENJAMIN CREMEL/Getty Images
facebooktwitterreddit

മറ്റു സമ്മർ ട്രാൻസ്‌ഫർ ജാലകങ്ങളിൽ നിന്നും വ്യത്യസ്‌തമായി ഈ സീസണിൽ നിരവധി സൂപ്പർതാരങ്ങളുടെ ട്രാൻസ്ഫറുകൾ നടക്കാൻ സാധ്യത നിലനിൽക്കുന്നുണ്ട്. ഈ സീസണോടെ കരാർ അവസാനിക്കുന്നതും അടുത്ത സീസണിൽ കരാർ അവസാനിക്കാനിരിക്കുന്നതുമായ നിരവധി താരങ്ങൾ അതിലുൾപ്പെടുന്നു. അസാധാരണമായ വസ്‌തുത ഇതിൽ പല താരങ്ങളുടെയും ട്രാൻസ്ഫർ നീക്കങ്ങൾക്ക് മറ്റു താരങ്ങളുടെ ട്രാൻസ്ഫറിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്നതാണ്.

ഇതിൽ മറ്റു താരങ്ങളുടെ ട്രാൻസ്ഫറിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിയുന്ന നീക്കം സെർജിയോ അഗ്യൂറോ മാഞ്ചസ്റ്റർ സിറ്റി വിടുന്നതാണെന്ന് മാർക്ക വെളിപ്പെടുത്തുന്നു. ഈ സീസണോടെ കരാർ അവസാനിക്കാനിരിക്കുന്ന അഗ്യൂറോയുടെ കോൺട്രാക്‌ട് പുതുക്കുന്നില്ലെന്നു മാഞ്ചസ്റ്റർ സിറ്റി തീരുമാനിച്ചതോടെ അർജന്റീനിയൻ താരം ഫ്രീ ട്രാൻസ്ഫറിൽ ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്നാണ് റിപ്പോർട്ടുകൾ.

അഗ്യൂറോ ടീം വിടുന്നതോടെ ഒരു മികച്ച സ്‌ട്രൈക്കറെ ആവശ്യമുള്ള മാഞ്ചസ്റ്റർ സിറ്റി ബൊറൂസിയ ഡോർട്മുണ്ട് താരമായ എർലിങ് ബ്രൂട് ഹാലൻഡിനെ സ്വന്തമാക്കാൻ വളരെയധികം സാധ്യതയുണ്ട്. ബാഴ്‌സലോണക്കും താരത്തിൽ താൽപര്യമുണ്ടെങ്കിലും നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ അവർക്ക് പ്രതികൂലമാണ്. ഹാലാൻഡിനെ സിറ്റി സ്വന്തമാക്കിയാൽ താരത്തിൽ താല്പര്യമുള്ള മറ്റൊരു ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഹാരി കേനിലേക്ക് ശ്രദ്ധ തിരിക്കേണ്ടി വരും.

ഈ സീസണു ശേഷം റൊണാൾഡോ യുവന്റസ് വിടുമെന്നിരിക്കെ താരം ചേക്കേറാൻ സാധ്യതയുള്ള ക്ലബുകളിലൊന്നായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഹാരി കേനിനെ സ്വന്തമാക്കിയാൽ പോർച്ചുഗീസ് നായകൻ പിഎസ്‌ജിയിലാവും എത്താൻ കൂടുതൽ സാധ്യത. ഇതോടെ എംബാപ്പെ ഫ്രഞ്ച് ക്ലബ് വിട്ട് റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്നതിനു അതു വഴിയൊരുക്കും.

താരങ്ങളുടെ ട്രാൻസ്ഫറുകൾ ഇത്തരത്തിൽ പരസ്‌പരം ബന്ധപ്പെട്ടു കിടക്കുന്നതാണെങ്കിലും ടീമിന്റെ സാമ്പത്തിക സ്ഥിതി അതിൽ നിർണായകമാകും. പല ക്ലബുകളും കൊറോണ വൈറസ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും മോചിതരായിട്ടില്ലെന്നിരിക്കെ സൂപ്പർതാരങ്ങൾക്കു വേണ്ടി ക്ലബുകൾ ആവശ്യപ്പെടുന്ന വലിയ തുകകൾ നൽകാൻ തയ്യാറാവണമെന്നില്ല.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം ഫോളോ ചെയ്യൂ.

facebooktwitterreddit