Football in Malayalam

മെസിയേയും, ക്രിസ്റ്റ്യാനോയേയും ഏറ്റവും നന്നായി മനസിലാക്കിയ കളികാരൻ താനെന്ന് ഗോൺസാലോ ഹിഗ്വെയിൻ

Gokul Manthara
United States v Argentina: Semifinal - Copa America Centenario
United States v Argentina: Semifinal - Copa America Centenario / Bob Levey/Getty Images
facebooktwitterreddit

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളാണ് ലയണൽ മെസിയും, ക്രിസ്റ്റ്യാനോ റൊണാൾഡോയും. ലോക ഫുട്ബോളിലെ മിന്നും താരങ്ങളായ ഇവർക്ക് ഇരുവർക്കുമൊപ്പം കളിക്കാനുള്ള ഭാഗ്യം അപൂർവ്വം ചില താരങ്ങൾക്കേ ലഭിച്ചിട്ടുള്ളൂ, അവരിലൊരാളാണ് ഗോൺസാലോ ഹിഗ്വെയിൻ. ലയണൽ മെസിക്കൊപ്പം അർജന്റീന ദേശീയ ടീമിൽ പന്ത് തട്ടിയിട്ടുള്ള ഹിഗ്വെയിൻ, ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം റയൽ മാഡ്രിഡിലും, യുവന്റസിലുമാണ് കളിച്ചിട്ടുള്ളത്.

മെസിക്കും, ക്രിസ്റ്റ്യാനോക്കുമൊപ്പം ഏറെ നാൾ ഒരുമിച്ച് കളിച്ചിട്ടുള്ള ഹിഗ്വെയിൻ ഇപ്പോളിതാ ഈ രണ്ട് താരങ്ങളേയും മറ്റേത് കളികാരേക്കാളും നന്നായി മനസിലാക്കിയിട്ടുള്ളത് താനാണെന്ന് പ്രസ്താവിച്ചിരിക്കുന്നു. മെസി, റൊണാൾഡോ എന്നിവർക്കൊപ്പം ഏറ്റവും കൂടുതൽ കളിച്ച താരം താനാണെന്നും അതിനാൽ അവരെ ഏറ്റവുമധികം അടുത്ത് മനസിലാക്കിയതും താനാണെന്ന് അർജന്റൈൻ ദിനപത്രമായ ലാ നാസിയണ് നൽകിയ അഭിമുഖത്തിനിടെയായിരുന്നു ഹിഗ്വെയിൻ പറഞ്ഞത്.

മെസിയും, ക്രിസ്റ്റ്യാനോയും ഇഷ്ടപ്പെടുന്ന കാര്യങ്ങളും, അവർക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങളും എന്തെന്ന് തനിക്ക് കൃത്യമായി അറിയാമെന്ന് ഹിഗ്വെയിൻ പറയുന്നു. മെസിയും, റൊണാൾഡോയും തനിക്കൊപ്പം കളിക്കുന്നത് വളരെയധികം ആസ്വദിച്ചിരുന്നതായി ചൂണ്ടിക്കാട്ടിയ അർജന്റൈൻ സൂപ്പർ താരം, തന്നെയും അവർ ഏറെ പിന്തുണച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

അതേ സമയം ഒരു കാലത്ത് ലോകഫുട്ബോളിലെ ഏറ്റവും മികച്ച മുന്നേറ്റ താരങ്ങളിലൊരാളായിരുന്നു ഹിഗ്വെയിൻ. വമ്പൻക്ലബ്ബുകളായ റയൽ മാഡ്രിഡ്, നാപ്പോളി, യുവന്റസ്, എസി മിലാൻ, ചെൽസി എന്നിവർക്ക് വേണ്ടിയെല്ലാം കളിച്ചിട്ടുള്ള ഹിഗ്വെയിൻ, നിലവിൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയുടെ താരമാണ്. അർജന്റീനക്കായി 31 ഗോളുകൾ നേടിയിട്ടുള്ള ഈ മുപ്പത്തിമൂന്നുകാരൻ, 2019 ൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന്‌ വിരമിച്ചിരുന്നു.

facebooktwitterreddit