"മെസിയിവിടെ സന്തോഷവാനായിരിക്കും"- അർജന്റീന നായകൻ അമേരിക്കൻ ലീഗിൽ കളിക്കുമെന്ന പ്രതീക്ഷയിൽ ഹിഗ്വയ്ൻ


ലയണൽ മെസി അമേരിക്കൻ ലീഗിലേക്ക് ചേക്കേറുമെന്ന പ്രതീക്ഷ ഒരിക്കൽ കൂടി പ്രകടിപ്പിച്ച് അർജന്റീന സഹതാരമായിരുന്ന ഗോൺസാലോ ഹിഗ്വയ്ൻ. എംഎൽഎസിൽ താരം വളരെയധികം സന്തോഷവാനായിരിക്കുമെന്നും നിലവിൽ അമേരിക്ക ലീഗിൽ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റർ മിയാമിക്കു വേണ്ടി കളിക്കുന്ന ഗോൺസാലോ ഹിഗ്വയ്ൻ പറഞ്ഞു.
ലയണൽ മെസി ബാഴ്സലോണ വിട്ട സമയത്ത് ചേക്കേറാൻ സാധ്യത കൽപ്പിച്ചിരുന്ന ക്ലബുകളിലൊന്നായിരുന്നു ഇന്റർ മിയാമിയെങ്കിലും ഒടുവിൽ താരം പിഎസ്ജിയിലേക്കാണ് എത്തിയത്. ദേശീയ തലത്തിൽ മെസിയോടൊപ്പം നിരവധി വർഷങ്ങൾ കളിച്ചിട്ടുള്ള ഹിഗ്വയ്ൻ പിഎസ്ജി കരിയറിനു ശേഷം മെസി അമേരിക്കൻ ലീഗിലേക്ക് ചേക്കേറുമെന്ന പ്രതീക്ഷയും വെളിപ്പെടുത്തി.
Gonzalo Higuain would relish Leo Messi playing in MLS#MLSisBack https://t.co/u4ELYUptUJ
— AS USA (@English_AS) February 23, 2022
"ഇതു വളരെ പ്രധാനപ്പെട്ട ഒരു ലീഗാണ് അതു വളരെ വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്നുമുണ്ട്. പ്രധാനപ്പെട്ട താരങ്ങൾ വരുന്നതിനാൽ തന്നെ ഭാവിയിൽ ഇതെനിയും വളരുമെന്നാണ് ഞാൻ കരുതുന്നത്." സ്റ്റാറ്റ്സ് പെർഫോമിനോട് സംസാരിക്കുമ്പോൾ ഗോൺസാലോ ഹിഗ്വയ്ൻ പറഞ്ഞു.
ലയണൽ മെസി അമേരിക്കൻ ലീഗിലെത്തുമോയെന്ന ചോദ്യം ഉയർന്നതിനും ഗോൺസാലോ ഹിഗ്വയ്ൻ മറുപടി നൽകി. "ഞാനങ്ങനെ കരുതുന്നു, കാരണം അത് എംഎൽഎസിനും ആ രാജ്യത്തിനും വളരെയധികം ഗുണം ചെയ്യും. താരത്തിന് അതാഗ്രഹമുണ്ടെങ്കിലും ഇവിടെ വളരെ സന്തോഷത്തോടെ കഴിയുകയും ചെയ്യാം." ഹിഗ്വയ്ൻ പറഞ്ഞു.
ഇന്റർ മിയാമിയുടെ പ്രഥമസീസണിന്റെ അവസാനമാണ് ഹിഗ്വയ്ൻ ടീമിലേക്ക് ചേക്കേറുന്നത്. ആദ്യ ഒൻപതു മത്സരങ്ങളിൽ നിന്നും ഒരു ഗോൾ മാത്രം കണ്ടെത്തിയ ഹിഗ്വയ്ന് ഇപ്പോൾ മുപ്പതു മത്സരങ്ങളിൽ നിന്നും 12 ഗോളുകളുണ്ട്. അതേസമയം ലീഗിൽ ഇന്റർ മിയാമിക്ക് പ്രതീക്ഷിച്ച നിലവാരം കാണിക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.