പ്രീമിയർ ലീഗിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന പത്തു താരങ്ങൾ

Pierre-Emerick Aubameyang
Arsenal v Chelsea - FA Cup Final | Marc Atkins/Getty Images

ആഴ്‌സണൽ ആരാധകരുടെ വളരെക്കാലമായുള്ള ആശങ്ക പരിഹരിച്ച് ക്ലബുമായുള്ള കരാർ മൂന്നു വർഷത്തേക്കു കൂടി പുതുക്കിയിരിക്കുകയാണ് സൂപ്പർ സ്‌ട്രൈക്കർ ഒബമയാങ്. കഴിഞ്ഞ സീസണുകളിൽ ആഴ്‌സനലിനു വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടുകയും, തന്റെ ആഴ്‌സണൽ കരിയറിൽ ഒരു തവണ ഗോൾഡൻ ബൂട്ട് സ്വന്തമാക്കുകയും ചെയ്ത ഗാബോൺ സ്‌ട്രൈക്കർ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അർട്ടേറ്റയുടെ കീഴിൽ ടീമിനുണ്ടായ മുന്നേറ്റം കൂടി കണക്കാക്കിയാണ് ക്ലബിൽ തുടരാനുള്ള തീരുമാനമെടുത്തതെന്നു വേണം അനുമാനിക്കാൻ.

പുതിയ കരാർ ഒപ്പിട്ടതോടെ പ്രീമിയർ ലീഗിൽ തന്നെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന കളിക്കാരനായി ഒബമയാങ് മാറി. ആഴ്ചയിൽ രണ്ടു ലക്ഷം പൗണ്ട് പ്രതിഫലം വാങ്ങിയിരുന്ന താരം പുതിയ കരാർ ഒപ്പിടുന്നതിനായി വേതനത്തിൽ ഒന്നര ലക്ഷം പൗണ്ടിന്റെ വർദ്ധനവാണ് ആഴ്‌സണൽ നൽകിയത്. ഇതോടെ പ്രതിഫലക്കാര്യത്തിൽ ആഴ്‌സണൽ സഹതാരമായ ഓസിലിനൊപ്പമെത്താൻ ഒബമയാങിനു കഴിഞ്ഞു.

സൺസ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം മൂന്നര ലക്ഷം പൗണ്ട് ആഴ്ചയിൽ പ്രതിഫലം വാങ്ങുന്ന ഒബമയാങിനൊപ്പം ഓസിലിനു പുറമെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പറായ ഡേവിഡ് ഡി ഗിയ കൂടിയുണ്ട്. ഈ മൂന്നു പേർക്കൊപ്പം പ്രീമിയർ ലീഗിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിലെ ആദ്യ പത്ത് സ്ഥാനക്കാർ ഇവരാണ്:

10. വില്യൻ (ആഴ്‌സണൽ) - ആഴ്ചയിൽ 220000 പൗണ്ട്

9. സെർജിയോ അഗ്യൂറോ (മാഞ്ചസ്റ്റർ സിറ്റി) - ആഴ്ചയിൽ 230000 പൗണ്ട്

8. ആന്റണി മാർഷ്യൽ (മാഞ്ചസ്റ്റർ യുണൈറ്റഡ്) - ആഴ്ചയിൽ 250000 പൗണ്ട്

7. പോൾ പോഗ്ബ (മാഞ്ചസ്റ്റർ യുണൈറ്റഡ്) - ആഴ്ചയിൽ 290000 പൗണ്ട്

6. റഹീം സ്റ്റെർലിങ് (മാഞ്ചസ്റ്റർ സിറ്റി) - ആഴ്ചയിൽ 300000 പൗണ്ട്

5. കെയ് ഹാവേർട്സ് (ചെൽസി) - ആഴ്ചയിൽ 310000 പൗണ്ട്

4. കെവിൻ ഡി ബ്രൂയ്ൻ (മാഞ്ചസ്റ്റർ സിറ്റി) - ആഴ്ചയിൽ 320000 പൗണ്ട്

3. ഡേവിഡ് ഡി ഗിയ (മാഞ്ചസ്റ്റർ യുണൈറ്റഡ്) - ആഴ്ചയിൽ 350000 പൗണ്ട്

2. മെസൂത് ഓസിൽ (ആഴ്‌സണൽ) - ആഴ്ചയിൽ 350000 പൗണ്ട്

1. പിയറി എമെറിക്ക് ഒബാമയാങ് (ആഴ്‌സണൽ) - ആഴ്ചയിൽ 350000 പൗണ്ട്

ബാഴ്‌സലോണയുടെയും ഇന്റർ മിലാന്റെയും വമ്പൻ വാഗ്ദാനങ്ങൾ തള്ളിയാണ് ഒബമയാങ് ആഴ്‌സണലുമായി പുതിയ കരാറൊപ്പിട്ടതെന്ന് റിപ്പോർട്ടുകളുണ്ട്. ആഴ്‌സണലിൽ തന്നെ തുടർന്ന് ക്ലബിന്റെ ഇതിഹാസങ്ങളിൽ ഒരാളായി മാറാനും മികച്ച നേട്ടങ്ങൾ സ്വന്തമാക്കുകയുമാണ് തന്റെ ലക്ഷ്യമെന്ന് ഗാബോൺ സ്‌ട്രൈക്കർ പറഞ്ഞു.