കിരീടം നേടിയതോടെ ഉഴപ്പുന്ന ബയേൺ മറ്റു ടീമുകളുടെ ലക്ഷ്യങ്ങളെ തകർക്കുന്നുവെന്ന് വിമർശനം

Hertha Coach Criticise Bayern's Soft Approach After Title Win
Hertha Coach Criticise Bayern's Soft Approach After Title Win / Stuart Franklin/GettyImages
facebooktwitterreddit

ജർമൻ ലീഗ് കിരീടം നേടിയതിനു ശേഷം കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മെയിൻസിനെതിരെ തോൽവി വഴങ്ങിയ ബയേൺ മ്യൂണിക്കിനെതിരെ വിമർശനവുമായി ഹെർത്താ ബെർലിൻ പരിശീലകൻ ഫെലിക്‌സ് മഗത്ത്. കിരീടം നേടിയതിനു ശേഷം ബയേണിന്റെ വിജയിക്കാനുള്ള ആഗ്രഹം നഷ്‌ടമായത്‌ മറ്റു ടീമുകളുടെ പദ്ധതികൾക്ക് ഭീഷണിയാണെന്നാണ് മഗത്ത് പറയുന്നത്.

ബൊറൂസിയ ഡോർട്മുണ്ടിനെതിരെ നടന്ന മത്സരത്തിൽ വിജയം നേടിയാണ് ബയേൺ മ്യൂണിക്ക് ബുണ്ടസ്‌ലിഗ കിരീടം സ്വന്തമാക്കിയത്. എന്നാൽ അതിനു ശേഷം ഇന്നലെ ഒൻപതാം സ്ഥാനക്കാരായ മെയിൻസിനെതിരെ ടീം ഒന്നിനെതിരെ മൂന്നു ഗോളുകളുടെ തോൽവി വഴങ്ങുകയായിരുന്നു. അടുത്ത മത്സരത്തിൽ ബയേൺ നേരിടുന്നത് സ്റ്റുട്ട്ഗർട്ടിനെ ആയതു കൊണ്ടാണ് ഹെർത്ത പരിശീലകൻ ബയേൺ അലംഭാവം കാണിക്കുന്നതിനെ വിമർശിച്ചത്.

ജർമൻ ലീഗിൽ ഹെർത്ത ബെർലിൻ നിലവിൽ തരം താഴ്ത്തൽ മേഖലക്കു തൊട്ടു മുകളിൽ നിൽക്കുമ്പോൾ സ്റ്റുട്ട്ഗർട്ട് അവർക്കു പിന്നിലുണ്ട്. അടുത്ത മത്സരത്തിലും ബയേൺ തോൽവി വഴങ്ങിയാൽ അത് ഹെർത്ത ലീഗിൽ തുടരാനുള്ള സാധ്യതക്ക് മങ്ങലേൽപ്പിക്കും. ഈ സാഹചര്യത്തിലാണ് അലംഭാവപൂർണമായി കളിക്കരുതെന്ന് മഗത്ത് ആവശ്യപ്പെട്ടത്.

സ്റ്റുട്ട്ഗർട്ടിനും ബീലെഫെൽഡിനും ഞങ്ങൾക്കും ഈ സാഹചര്യം വളരെ സങ്കീർണമാണ്. ബയേണിന്റെ അടുത്ത മത്സരത്തെക്കുറിച്ച് എന്തു പറയണമെന്നറിയില്ല. ബയേൺ മ്യൂണിക്ക് ചാമ്പ്യന്മാരായ ടീമാണ്, അവർ കളിക്കുന്നത് നിർത്തിയോ എന്നെനിക്ക് അറിയില്ല. ഞാൻ റിസൾട്ട് മാത്രമേ കണ്ടുള്ളൂ, അതെങ്ങിനെ വന്നു എന്നറിയില്ല, എന്തായാലും അത് നല്ലതല്ല." മഗത്ത് പറഞ്ഞു.

ഒരു സീസൺ അവസാനത്തെ ലീഗ് മത്സരം വരെ തുടരുന്ന ഒന്നാണെന്നും ചാമ്പ്യന്മാർ ആയതു കൊണ്ട് അവസാനത്തെ മത്സരങ്ങളിൽ കൃത്യമായി കളിക്കില്ലെന്ന് ഒരു ടീമിനും പറയാൻ കഴിയില്ലെന്നും മഗത്ത് പറഞ്ഞു. ബുണ്ടസ്‌ലീഗക്കോ ഈ ടൂര്ണമെന്റിനോ അതൊരു ഗുണവും ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.