അടുത്ത സീസണിൽ മെസിക്കും എംബാപ്പക്കും ചേർന്ന് മികച്ചൊരു കൂട്ടുകെട്ടു സൃഷ്‌ടിക്കാൻ കഴിയുമെന്ന് ആൻഡർ ഹെരേര
By Sreejith N

അടുത്ത സീസണിൽ മെസിയും എംബാപ്പയും ചേർന്ന് മികച്ചൊരു കൂട്ടുകെട്ട് പിഎസ്‌ജിയിൽ സൃഷ്‌ടിക്കാൻ കഴിയുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് ക്ലബിന്റെ മധ്യനിര താരമായ ആൻഡർ ഹെരേര. കഴിഞ്ഞ സീസണിൽ പിഎസ്‌ജിയിലേക്ക് ചേക്കേറിയ താരത്തിനു തന്റെ കഴിവിനനുസരിച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്നതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു സ്‌പാനിഷ് താരം.
മെസി, റൊണാൾഡോ എന്നിവരുടെ ഫോമിൽ ഒരിക്കലും മങ്ങൽ ഉണ്ടായിട്ടില്ലെന്നു പറഞ്ഞ ആൻഡർ ഹെരേര അടുത്ത സീസണിൽ എംബാപ്പയുടെ ഗോൾസ്കോറിങ് മികവും അവസരങ്ങൾ ഒരുക്കാനുള്ള മെസിയുടെ കഴിവും കൂടിച്ചേരുന്നത് ടീമിന് കൂടുതൽ കരുത്തു പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
"ലിയോയിൽ നിന്നും കിലിയന് ഒരുപാട് നേടാനുണ്ട്. ലയണൽ മെസിക്ക് പന്ത് എവിടേക്കു വേണമെങ്കിലും നൽകാനാവും, എംബാപ്പെ തന്റെ വേഗത കൊണ്ട് ഗോൾകീപ്പറെ മറികടക്കുകയും ചെയ്യും, അതിൽ താരം വളരെ മികച്ചതാണ്. മെസിക്ക് ഒരു സീസണിൽ അമ്പതു ഗോളൊന്നും ഇപ്പോൾ ആവശ്യം വരുമെന്ന് തോന്നുന്നില്ല." എഎസിനോട് ഹെരേര പറഞ്ഞു.
മെസിയെപ്പോലൊരു താരത്തിൽ നിന്നും ആരാധകർ അൻപതോളം ഗോളുകൾ പ്രതീക്ഷിക്കുമ്പോൾ അതു നൽകാൻ കഴിഞ്ഞില്ലെങ്കിൽ വിമർശനം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ഹെരേര പറഞ്ഞു. ബാഴ്‌സലോണയിൽ വളരെക്കാലം കളിച്ചതിനു ശേഷം പിഎസ്‌ജിയിലേക്ക് ചേക്കേറിയ താരത്തിന് ഇണങ്ങിച്ചേരാൻ സമയമെടുക്കുമെന്നും ഹെരേര വ്യക്തമാക്കി.
യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനായിരുന്ന മെസി കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ലീഗിൽ വെറും ആറു ഗോളുകൾ മാത്രമാണ് നേടിയിരിക്കുന്നത്. അതേസമയം പതിനാല് അസിസ്റ്റുകൾ അതിനൊപ്പം സ്വന്തമാക്കാൻ കഴിഞ്ഞ മെസിക്ക് അടുത്ത സീസണിൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.