"മെസിയില്ലാതെ കളിച്ചപ്പോൾ പിഎസ്ജി ഒന്നും ചെയ്തില്ല"- മെസി വിമർശകർക്കെതിരെ തിയറി ഹെൻറി


ഫ്രഞ്ച് ലീഗിൽ മൊണാക്കോക്കെതിരെ നടന്ന മത്സരത്തിൽ പിഎസ്ജി കനത്ത തോൽവി വഴങ്ങിയതിനു പിന്നാലെ മെസിയെ വിമർശിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് ഫ്രഞ്ച് ഇതിഹാസം തിയറി ഹെൻറി. മെസിയില്ലാതെ ഇറങ്ങിയ ടീം മൈതാനത്ത് യാതൊന്നും ചെയ്തില്ലെന്നും ലോകത്തിലെ ഏറ്റവും മികച്ച താരത്തെ എങ്ങിനെയാണ് കൂക്കിവിളിക്കാൻ തോന്നുന്നതെന്നും അദ്ദേഹം ചോദിച്ചു.
റയൽ മാഡ്രിഡിനോട് ചാമ്പ്യൻസ് ലീഗിൽ തോറ്റു പുറത്തായതിന് ശേഷം ബോർഡ്യൂനെതിരെ നടന്ന കഴിഞ്ഞ ലീഗ് മത്സരത്തിലാണ് മെസി ആരാധകരുടെ പ്രതിഷേധം ഏറ്റു വാങ്ങിയത്. മത്സരത്തിൽ പിറന്ന മൂന്നു ഗോളുകളിലും മെസിയുടെ സാന്നിധ്യമുണ്ടായിരുന്നു എങ്കിലും താരത്തെ കൂക്കിവിളിച്ചാണ് ആരാധകർ സ്വീകരിച്ചത്. അതിനു പിന്നാലെയാണ് മെസി ഇറങ്ങാതിരുന്ന ഇന്നലത്തെ മത്സരത്തിൽ പിഎസ്ജി കനത്ത തോൽവി വഴങ്ങിയത്.
Arsenal legend and Lionel Messi's former teammate Theirry Henry defended the Argentine after Paris Saint-Germain (PSG) lost 3-0 to AS Monaco in Ligue 1 on Sunday. https://t.co/sqYeoDaBf7
— Sportskeeda Football (@skworldfootball) March 20, 2022
"കഴിഞ്ഞയാഴ്ച പിഎസ്ജി ആരാധകർ മെസിയെ കൂക്കിവിളിച്ചു. എങ്ങിനെയാണ് എക്കാലത്തെയും മികച്ച താരത്തെ നിങ്ങൾക്ക് കൂക്കിവിളിക്കാൻ കഴിയുന്നത്. അവനാണ് ലീഗ് വണിൽ ഏറ്റവുമധികം അസിസ്റ്റ് നൽകിയിട്ടുള്ളത്. മെസിയില്ലാതെ ഈ ടീം ഇന്നൊന്നും ചെയ്തിട്ടില്ല." ആമസോൺ പ്രൈമിനോട് മത്സരത്തിനു ശേഷം ഹെൻറി പറഞ്ഞു.
ബാഴ്സലോണയിൽ നിന്നും പിഎസ്ജിയിൽ എത്തിയതിനു ശേഷം ഗോളുകൾ നേടുന്നതിൽ പിന്നിലാണെങ്കിലും ഗോളവസരങ്ങൾ ഒരുക്കുന്ന കാര്യത്തിൽ മെസി തന്റെ മികവ് കാണിക്കുന്നുണ്ട്. സീസണിലിതു വരെ ഏഴു ഗോളുകൾ മാത്രമേ നേടിയിട്ടുള്ളൂ എങ്കിലും ലീഗ് വണിൽ പതിനെട്ടു മത്സരങ്ങളിൽ നിന്നും പത്ത് അസിസ്റ്റുകളാണ് താരം സ്വന്തമാക്കിയത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.