Real Madrid News

ബാഴ്‌സയിലേക്ക് ചേക്കേറിയിരുന്നെങ്കിൽ ഹസാർഡ് ലോകത്തിലെ ഏറ്റവും മികച്ച താരമാകുമായിരുന്നു എന്ന് മുൻ ഏജന്റ്

Sreejith N
Deportivo Alaves v Real Madrid - La Liga Santander
Deportivo Alaves v Real Madrid - La Liga Santander / Soccrates Images/Getty Images
facebooktwitterreddit

ഈഡൻ ഹസാർഡ് റയൽ മാഡ്രിഡിലേക്ക് ചേക്കേറിയത് ഉചിതമായ സമയത്തായിരുന്നില്ലെന്നും ബാഴ്‌സലോണയിലാണ് താരം കളിച്ചിരുന്നതെങ്കിൽ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി മാറിയേനെയെന്നും മുൻ ഏജന്റായ ജോണ് ബികോ. ക്രിസ്റ്റ്യാനോയുടെ അഭാവം പരിഹരിക്കുന്നതിനായി റയൽ മാഡ്രിഡിലേക്കുള്ള ഹസാർഡിന്റെ ട്രാൻസ്‌ഫർ ഒരു വർഷം വൈകിയെന്നും 2013 വരെ ബെൽജിയൻ താരത്തിന്റെ ഏജന്റായിരുന്ന ബിക്കോ പറഞ്ഞു.

"റയൽ മാഡ്രിഡിലേക്ക് ആ സമയത്ത് ചേക്കേറിയത് ഒരു തെറ്റായിരുന്നു. ഹൃദയത്തിൽ നിന്നും വന്ന ഒരു തീരുമാനമായിരുന്നു അതെങ്കിലും വ്യക്തമായ യുക്തിയുണ്ടായിരുന്നില്ല. ഹസാർഡ് ഒരു വർഷം മുൻപേ റയലിലേക്ക് ചേക്കേറേണ്ടതായിരുന്നു. റൊണാൾഡോക്ക് ശേഷം റയൽ മാഡ്രിഡിലേക്ക് പോകുകയെന്നത് വെറും കൈകളോടെ ഹിമാലയം കേറുന്നതു പോലെയാണ്. ഞാനദ്ദേഹത്തോട് ഒരു വർഷം മുൻപേ ട്രാൻസ്‌ഫർ നടത്താനായിരിക്കും പറഞ്ഞിട്ടുണ്ടാവുക," ബിക്കോ പറഞ്ഞത് മാർക്ക റിപ്പോർട്ടു ചെയ്‌തു.

റയൽ കായികപരമായി വളരെ ഉയർന്ന തലത്തിലുള്ള പ്രകടനം ആവശ്യപ്പെടുന്ന ക്ലബാണെന്നും അത് ഹസാർഡിനു നികത്താൻ കഴിയില്ലെന്നും ബിക്കോ പറഞ്ഞു. "ഈ ക്ലബിന്റെ വലിപ്പം എത്രത്തോളമുണ്ടെന്ന് ആളുകൾ പലപ്പോഴും മനസിലാക്കാറില്ല. വേഗതയും അതീവ തീവ്രതയുള്ള മത്സരങ്ങളുമായി കായികപരമായി വളരെക്കൂടുതൽ ആവശ്യപ്പെടുന്ന ക്ലബാണ് റയൽ മാഡ്രിഡ്."

"ഹമേസ് റോഡ്രിഗസിനെ പോലുള്ള താരങ്ങളടക്കം റയലുമായി ഒത്തുപോകാൻ ബുദ്ധിമുട്ടി. അതു കണക്കിലാക്കുമ്പോൾ ഹസാർഡ് റയൽ മാഡ്രിഡ് താരമല്ല, ഒരു ബാഴ്‌സലോണ താരമാണ്. ബാഴ്‌സലോണയിലേക്കായിരുന്നു താരം പോകേണ്ടിയിരുന്നത്, അവിടെയാണ് കളിക്കാരേക്കാൾ വേഗത്തിൽ പന്തു നീങ്ങുന്ന സ്ഥലം." ജോൺ ബിക്ക വ്യക്തമാക്കി.

ഇതുവരെയുള്ള കാര്യങ്ങൾ വിശകലനം ചെയ്യുമ്പോൾ റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ ഹസാർഡിന്റെ തീരുമാനം തെറ്റായിരുന്നു എന്നതിൽ സംശയമൊന്നുമില്ല. ലോസ് ബ്ലാങ്കോസിൽ രണ്ടു വര്ഷം പൂർത്തിയാക്കാനൊരുങ്ങുന്ന താരം പരിക്കും ഫോം നഷ്ടവും മൂലം വളരെ കുറച്ചു മത്സരങ്ങൾ മാത്രമാണ് കളിച്ചിരിക്കുന്നത്. ചെൽസിയെ പലപ്പോഴും ഒറ്റക്ക് മുന്നോട്ടു കൊണ്ടുപോയിരുന്ന താരത്തിന് ഇതുവരെയും അതുപോലെയൊരു പ്രകടനം റയലിനൊപ്പം കാഴ്ച വെക്കാൻ കഴിഞ്ഞിട്ടില്ല.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം ഫോളോ ചെയ്യൂ.

facebooktwitterreddit