Football in Malayalam

റയൽ മാഡ്രിഡ് താരമായതു കൊണ്ട് ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് കിരീടനേട്ടം ആഘോഷിച്ചില്ലെന്നു ഹസാർഡ്

Sreejith N
Real Madrid v Sevilla FC - La Liga Santander
Real Madrid v Sevilla FC - La Liga Santander / Denis Doyle/Getty Images
facebooktwitterreddit

റയൽ മാഡ്രിഡ് താരമാണ് താനിപ്പോൾ എന്നതു കൊണ്ട് ഈ സീസണിൽ ചെൽസി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത് ആഘോഷിച്ചില്ലെന്ന് ഈഡൻ ഹസാർഡ്. ടൂർണമെന്റിന്റെ സെമി ഫൈനൽ മത്സരത്തിൽ ചെൽസി റയൽ മാഡ്രിഡിനെതിരെ വിജയം നേടിയതിനു ശേഷം തന്റെ മുൻ സഹതാരങ്ങൾക്കൊപ്പം ഹസാർഡ് ചിരിച്ചു സംസാരിച്ചതിനെതിരെ സ്‌പാനിഷ്‌ മാധ്യമങ്ങൾ രൂക്ഷവിമർശനം നടത്തിയതിനു ശേഷമാണ് ഹസാർഡിന്റെ പുതിയ വെളിപ്പെടുത്തലെന്നത് ശ്രദ്ധേയമാണ്.

"ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് വിജയം ഞാൻ ആഘോഷിച്ചില്ല. ഞാൻ റയൽ മാഡ്രിഡിന്റെ താരമായതു കൊണ്ടു തന്നെ എനിക്കതിൽ സന്തോഷിക്കാനും കഴിഞ്ഞില്ല. എന്റെ സുഹൃത്തുക്കളെയോർത്ത് ഞാൻ സന്തോഷവാനാണ്. അടുത്ത സീസണിൽ റയൽ മാഡ്രിഡ് കിരീടം നേടുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു," യൂറോ കപ്പിനായി ദേശീയ ടീമിനൊപ്പം ചേർന്ന ഹസാർഡ് പത്രസമ്മേളനത്തിൽ പറഞ്ഞു.

റയൽ മാഡ്രിഡിനൊപ്പം മോശം ഫോമിലാണെങ്കിലും ചെൽസിയിലേക്ക് തിരിച്ചു പോകുന്ന കാര്യം പരിഗണനയിലില്ലെന്നും ഹസാർഡ് വ്യക്തമാക്കി. "എനിക്ക് റയൽ മാഡ്രിഡുമായി മൂന്നു വർഷത്തെ കരാറുണ്ട്. അതുകൊണ്ടു തന്നെ ഇംഗ്ലണ്ടിലേക്ക് തിരിച്ചു പോകുമോയെന്ന ചോദ്യം പ്രസക്തമല്ല. എന്റെ ആദ്യത്തെ രണ്ടു വർഷങ്ങൾ മികച്ചതായിരുന്നില്ലെന്ന് എല്ലാവർക്കുമറിയാം. അതുകൊണ്ടു തന്നെ എനിക്ക് പലതും തെളിയിക്കാനുണ്ട്. അതിനു വേണ്ടിയാണ് ശ്രമം."

"കരാറിന്റെ സാഹചര്യം കൂടി കണക്കാക്കി ഞാൻ റയൽ മാഡ്രിഡ് വിടുന്ന കാര്യം പരിഗണിക്കുന്നേയില്ല. എനിക്കെന്നെയറിയാം ഞാൻ എപ്പോഴാണ് മികച്ച ഫിറ്റ്നസിൽ എത്തുകയെന്നുമറിയാം. അടുത്ത സീസണിൽ റയലിന് വേണ്ടി എല്ലാം നൽകാൻ എനിക്ക് കഴിയും. അതു തന്നെയാണ് എന്റെ പദ്ധതി." ഹസാർഡ് വ്യക്തമാക്കി.

യൂറോ കപ്പിനുള്ള ബെൽജിയൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് തന്റെ ഫോം തെളിയിക്കാൻ ഹസാർഡിനു ലഭിച്ച മികച്ച ഒരവസരമാണ്. നിരവധി പ്രതിഭയുള്ള താരങ്ങളുള്ള ബെൽജിയൻ ടീമിനെ ഇത്തവണയൂറോയിൽ മികച്ച പ്രകടനത്തിലേക്ക് നയിക്കാൻ അത് താരത്തിന്റെ ആത്മവിശ്വാസം വർധിക്കാനും സഹായിക്കുമെന്നുറപ്പാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ

facebooktwitterreddit