"ഞാൻ പഴയ താരം തന്നെയാകും"- ബെൽജിയം പോളണ്ടിനെതിരെ നേടിയ വമ്പൻ വിജയത്തിനു ശേഷം ഈഡൻ ഹസാർഡ്

Hazard Feels He Is On The Way To His Best Form
Hazard Feels He Is On The Way To His Best Form / BSR Agency/GettyImages
facebooktwitterreddit

യുവേഫ നേഷൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ പോളണ്ടിനെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് കീഴടക്കി വമ്പൻ വിജയം സ്വന്തമാക്കിയതിനു പിന്നാലെ താൻ ഫോം വീണ്ടെടുത്ത് പഴയ താരം തന്നെയായി മാറുമെന്ന് ഈഡൻ ഹസാർഡ്. ഇന്നലെ നടന്ന മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം നടത്തിയ ഹസാർഡ് ഒരു അസിസ്റ്റ് സ്വന്തമാക്കിയിരുന്നു.

ലെവൻഡോസ്‌കി നേടിയ ഗോളിൽ ഇരുപത്തിയെട്ടാം മിനുട്ടിൽ പോളണ്ട് മുന്നിലെത്തിയെങ്കിലും പിന്നീട് ബെൽജിയമാണ് കളിക്കളം ഭരിച്ചത്. ആക്‌സൽ വിറ്റ്‌സലിന്റെ ഗോളിൽ ഒപ്പമെത്തിയ അവർ നാല് ഗോളുകൾ നേടുന്നത് അവസാനത്തെ ഇരുപതു മിനുട്ടിലാണ്. വിറ്റ്‌സെലിനു പുറമെ ഡി ബ്രൂയ്ൻ, ഡെൻഡൊക്കെർ, ഒപ്പേണ്ട എന്നിവർ ഗോൾ നേടിയപ്പോൾ ട്രോസാർഡ് ഇരട്ടഗോളുകളും സ്വന്തമാക്കി.

"ഞാൻ പഴയ കളിക്കാരനായി തിരിച്ചു വരാൻ പോവുകയാണ്. മത്സരങ്ങളും കൂടുതൽ മിനുട്ടുകളും ലഭിച്ച് അതിലേക്ക് തിരിച്ചു പോകാനൊരുങ്ങുകയാണ് ഞാൻ. നെതർലാൻഡ്‌സിനെതിരെ കളിച്ചവരിൽ നിന്നും ഈ ടീമിന് ആഗ്രഹങ്ങൾ കൂടുതലില്ല, സ്‌കോർ മാത്രമാണ് വ്യത്യസ്ഥമായത്." മത്സരത്തിനു ശേഷം ആർടിഎൽ സ്പോർട്ടിനോട് ഹസാർഡ് പറഞ്ഞു.

"എന്നാൽ കഴിഞ്ഞ മത്സരത്തിലെ തോൽവിക്കു ശേഷം ഞങ്ങൾ പരസ്‌പരം സംസാരിക്കുകയും പ്രതിജ്ഞ ചെയ്യുകയുമുണ്ടായി. എന്നാൽ അതെന്താണെന്ന് ഞങ്ങളിൽ തന്നെ രഹസ്യമായി നിൽക്കും. ടീമിൽ നിന്നും മികച്ച പ്രതികരണമാണ് ഉണ്ടായത്. ഞങ്ങൾക്ക് തോൽവിക്ക് ശേഷം മറുപടി വേണമായിരുന്നു. അതു ചെയ്‌തു. ഞാനടക്കം ഒരുപാട് പേർ സുഖമായി ഉറങ്ങും എന്നു പ്രതീക്ഷിക്കുന്നു." ഹസാർഡ് വ്യക്തമാക്കി.

ബെൽജിയം മികച്ച താരങ്ങളുടെ ഒരു കൂട്ടമാണെന്നും സ്‌ക്വാഡ് ഡെപ്ത്ത് കൂടുതലാണെന്നും ഹസാർഡ് അഭിപ്രായപ്പെട്ടു. പരിശീലകനായ റോബർട്ടോ മാർട്ടിനസിനോട് കൂടുതൽ താരങ്ങൾക്ക് അവസരം നൽകാനും റയൽ മാഡ്രിഡ് താരം ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.