പരിശീലനം നടത്തിയില്ലെങ്കിലും ഹസാർഡ് അത്ഭുതങ്ങൾ കാണിക്കും, റയൽ താരത്തെ പ്രശംസിച്ച് മുൻ അത്ലറ്റികോ മാഡ്രിഡ് താരം

Sreejith N
Feb 23, 2021, 12:31 PM GMT+5:30
Chelsea FC v Atletico Madrid - UEFA Champions League
Chelsea FC v Atletico Madrid - UEFA Champions League | Clive Rose/Getty Images
facebooktwitterreddit

പരിശീലനം നടത്തിയില്ലെങ്കിൽ പോലും പന്ത് കാലിൽ ലഭിക്കുമ്പോൾ അത്ഭുതങ്ങൾ കാണിക്കാൻ കഴിയുന്ന താരമാണ് ഈഡൻ ഹസാർഡെന്ന് മുൻ അത്ലറ്റികോ മാഡ്രിഡ് താരമായ ഫിലിപ്പെ ലൂയിസ്. ചെൽസിയിൽ ഒരു സീസൺ കളിച്ചിട്ടുള്ള ഫിലിപ്പെ ലൂയിസ്, ബെൽജിയൻ താരത്തിനൊപ്പം നിരവധി മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കഴിവുകളുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച താരമാകാൻ തനിക്ക് കഴിയുമെന്നു പറയാനുള്ള ആർജ്ജവം ഹസാർഡിനില്ലെന്നും ലൂയിസ് പറഞ്ഞു.

"ഞാൻ ഒപ്പം കളിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ച താരങ്ങളിൽ നെയ്മർക്കൊപ്പം നിൽക്കുന്നയാളാണ് ഈഡൻ ഹസാർഡ്. അതിനൊപ്പം മെസിയുണ്ട്. ഹസാർഡ് നേരെ പരിശീലനം നടത്തില്ല. മത്സരത്തിന്റെ അഞ്ചു മിനുട്ട് മുൻപ് വരെയും ഡ്രസിങ് റൂമിൽ മാരിയോ കാർട്ടോ കളിച്ചിരിക്കുകയാവും ചിലപ്പോൾ," ഡെയിലി സ്റ്റാറിനോട് ഫിലിപ്പെ ലൂയിസ് പറഞ്ഞു.

"ബൂട്ട്ലേസുകൾ കെട്ടാതെയാവും ചിലപ്പോൾ താരം വാമപ്പ് നടത്തുക. പക്ഷെ അതിനു ശേഷം ഒരാൾക്കും അദ്ദേഹത്തിൽ നിന്നും പന്തെടുക്കാൻ കഴിയില്ല. മൂന്നോ നാലോ താരങ്ങളെ ഡ്രിബിൾ ചെയ്യാനും മത്സരങ്ങൾ സ്വന്തം കഴിവ് കൊണ്ട് വിജയിക്കാനും ഹസാർഡിനു കഴിയും.

"ഹസാർഡിന് വളരെയധികം കഴിവുണ്ട്. എന്നാൽ ഞാൻ ലോകത്തിലെ ഏറ്റവും മികച്ച താരമായി മാറും എന്നു പറയാനുള്ള ആർജ്ജവം അദ്ദേഹത്തിനില്ലെന്ന ചെറിയ കുറവുണ്ട്. അതിനു കഴിയുന്ന താരമാണ് ഹസാർഡ്."

ചെൽസിയിൽ മികച്ച പ്രകടനം നടത്തിയിരുന്ന ഹസാർഡ് റയൽ മാഡ്രിഡിലെത്തിയതിനു ശേഷം ഇതുവരെയും തന്റെ മികവു കാണിക്കാൻ കഴിഞ്ഞിട്ടില്ല. അടിക്കടിയുള്ള പരിക്കുകളും ഫിറ്റ്നസ് പ്രശ്നങ്ങളും മൂലം നിരന്തരം പുറത്തിരിക്കുന്ന താരം വളരെ കുറച്ച് മത്സരങ്ങൾ മാത്രമാണ് ഒന്നര വർഷത്തിനിടെ പൂർത്തിയാക്കിയിരിക്കുന്നത്.

facebooktwitterreddit