ആദ്യ എൽ ക്ലാസിക്കോക്ക് ഇറങ്ങാനിരിക്കെ റയൽ മാഡ്രിഡിനൊപ്പമുള്ള ലക്ഷ്യങ്ങൾ വെളിപ്പെടുത്തി ഈഡൻ ഹസാർഡ്
By Sreejith N

റയൽ മാഡ്രിഡിലേക്കു ചേക്കേറിയിട്ട് മൂന്നു വർഷങ്ങൾ കടന്നു പോയെങ്കിലും ഇതുവരെയും ഒരു എൽ ക്ലാസിക്കോ മത്സരത്തിൽ പോലും കളിക്കാനിറങ്ങാൻ ബെൽജിയൻ താരമായ ഈഡൻ ഹസാർഡിനു കഴിഞ്ഞിട്ടില്ല. എന്നാൽ പ്രീ സീസണിൽ ലാസ് വെഗാസിൽ വെച്ചു നാളെ രാവിലെ നടക്കാനിരിക്കുന്ന എൽ ക്ലാസിക്കോ മത്സരത്തിൽ താരമിറങ്ങാൻ വളരെയധികം സാധ്യതയുണ്ട്.
ചെൽസിയിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളെന്ന വിശേഷണം ഉണ്ടായിരുന്നെങ്കിലും പരിക്കും ഫോം നഷ്‌ടവും മൂലം റയൽ മാഡ്രിഡ് അതാവർത്തിക്കാൻ ഹസാർഡിനു കഴിഞ്ഞിരുന്നില്ല. സാധ്യമായ ഏഴ് എൽ ക്ലാസിക്കോ മത്സരങ്ങളിലും ഇറങ്ങാൻ കഴിഞ്ഞില്ലെങ്കിലും ഇത്തവണ ഉറച്ച ലക്ഷ്യങ്ങളുമായി തന്നെയാണ് താരം പുതിയ സീസണു വേണ്ടി ഒരുങ്ങുന്നത്.
"എന്റെ മനസിനുള്ളിൽ ഞാൻ എന്നോടു തന്നെ പറയും, ഒക്കെ, എനിക്ക്കളിക്കാൻ കഴിയും, എനിക്ക് വേദന തോന്നുന്നില്ലെന്നും. ഞാൻ മുന്നോട്ടു പോവുകയാണ്. ഞാൻ ഒഴിവു ദിവസങ്ങൾ ആസ്വദിക്കുകയും അതിനു ശേഷം പ്രീ സീസണു വേണ്ടി തയ്യാറെടുക്കാൻ തിരിച്ചെത്തുകയും ചെയ്‌തു." ഹസാർഡ് മാധ്യമങ്ങളോട് പറഞ്ഞു.
"ഞങ്ങൾ കിരീടങ്ങൾ നേടിയപ്പോൾ ക്ലബിലെ സഹതാരങ്ങൾ, ആരാധകർ എന്നിവരുടെ കാര്യത്തിലെല്ലാം എനിക്ക് സന്തോഷം തോന്നിയിരുന്നു. എന്നാൽ എന്റെയുള്ളിൽ ഒന്നുണ്ട്. ഗ്രൂപ്പിനൊപ്പം ഞാൻ സന്തോഷവാനാണെങ്കിലും എനിക്കിനിയും കളിക്കാൻ കഴിയുമെന്നും ഈ ടീമിന് എനിക്കൊപ്പം വിജയങ്ങൾ നേടാൻ കഴിയുമെന്നു കാണിക്കണമെന്നും ഞാൻ ചിന്തിക്കാറുണ്ട്." താരം വ്യക്തമാക്കി.
ഇന്ത്യൻ സമയം ജൂലൈ ഇരുപത്തിനാലിനു രാവിലെ എട്ട് മുപ്പത്തിനാണ് റയൽ മാഡ്രിഡും ബാഴ്‌സലോണയും തമ്മിൽ ലാസ് വെഗാസിൽ ഏറ്റുമുട്ടുന്നത്. രണ്ടു ടീമുകൾക്കും സീസണിനു മുൻപ് തങ്ങളുടെ കരുത്ത് പ്രകടിപ്പിക്കാനുള്ള അവസരമാണ് ഈ മത്സരം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.