Football in Malayalam

മത്സരത്തിൽ തോൽവി വഴങ്ങിയിട്ടും ചെൽസി താരങ്ങളുമായി തമാശ പങ്കിട്ട് ഹസാർഡ്, വിമർശനവുമായി റയൽ മാഡ്രിഡ് ആരാധകർ

Sreejith N
Chelsea v Real Madrid - UEFA Champions League Semi Final: Leg Two
Chelsea v Real Madrid - UEFA Champions League Semi Final: Leg Two / James Williamson - AMA/Getty Images
facebooktwitterreddit

ഈ സീസണിൽ സ്ഥിരതയില്ലാത്ത പ്രകടനമാണ് പലപ്പോഴും കാഴ്‌ച വെച്ചിരുന്നതെങ്കിലും സിദാനു കീഴിൽ മറ്റൊരു ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കൂടി റയൽ മാഡ്രിഡിനു പ്രവേശനം ലഭിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ടുഷെലിനു കീഴിൽ കരുത്തരായി മാറിയ ചെൽസി ഇന്നലെ നടന്ന മത്സരത്തിൽ വിജയം നേടി അവരുടെ മൂന്നാമത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് മുന്നേറി റയൽ ആരാധകരുടെ പ്രതീക്ഷകളെ പൂർണമായും ഇല്ലാതാക്കി.

മത്സരത്തിൽ തോൽവി വഴങ്ങിയതിന്റെ നിരാശക്കൊപ്പം റയൽ മാഡ്രിഡ് ആരാധകരുടെ വിമർശനം ക്ലബിലെ സൂപ്പർതാരമായ ഈഡൻ ഹസാർഡിനെതിരെ തിരിയുകയാണ്. കളി പൂർത്തിയായതിനു ശേഷം തോൽവി നേരിട്ടതിന്റെ യാതൊരു ദുഖവുമില്ലാതെ മുൻ ചെൽസി സഹതാരങ്ങൾക്കൊപ്പം തമാശ പറഞ്ഞും ചിരിച്ചുമിരിക്കുന്ന ഹസാർഡിന്റെ പ്രവൃത്തിയാണ് ആരാധകരുടെ രോഷം ഉയർത്തുന്നത്.

2019ലാണ് ചെൽസിയിൽ നിന്നും വൻതുക മുടക്കി ഹസാർഡിനെ റയൽ മാഡ്രിഡ് സ്വന്തമാക്കുന്നത്. എന്നാൽ പരിക്കും ഫോം നഷ്ടവും മൂലം ഇതുവരെയും ടീമിനു വേണ്ടി മികച്ച പ്രകടനം നടത്താൻ താരത്തിനു കഴിഞ്ഞിട്ടില്ല. ഇപ്പോൾ റയലിന്റെ തോൽവിയിലും മുൻ ടീമംഗങ്ങൾക്കൊപ്പം തമാശ പങ്കിടുന്ന താരത്തിന്റെ ചെയ്തികളെ അംഗീകരിക്കാൻ കഴിയാത്ത ആരാധകർ സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനമാണ് നടത്തുന്നത്.

ചെൽസിക്കെതിരായ മത്സരത്തിൽ ഹസാർഡ് ആദ്യ ഇലവനിൽ തന്നെ ഇറങ്ങിയിരുന്നെങ്കിലും റയലിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. സെമി ഫൈനലിനു ശേഷം പരിശീലകൻ സിനദിൻ സിദാൻ ഹസാർഡിനു പൂർണമായും ഫോമിലേക്ക് തിരിച്ചെത്താൻ കൂടുതൽ മത്സരങ്ങൾ കളിക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം ചെൽസി ആരാധകർ ഹസാർഡിന്റെ പ്രവൃത്തിയെ വളരെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. ഹസാർഡ് എല്ലായിപ്പോഴും മനസു കൊണ്ട് പിന്തുണക്കുന്നത് ചെൽസിയെയാണെന്നു താരത്തിന്റെ ചെയ്‌തികൾ വ്യക്തമാക്കുന്നുവെന്ന് ആരാധകർ സാമൂഹ്യ മാധ്യമങ്ങൾ വഴി അഭിപ്രായപ്പെടുന്നു.


facebooktwitterreddit