Chelsea News

ചാമ്പ്യൻസ് ലീഗിൽ ചെൽസി നേരിട്ടതിൽ ഏറ്റവും കടുപ്പമേറിയ എതിരാളിയെ വെളിപ്പെടുത്തി ഹാവേർട്സ്

Sreejith N
Chelsea FC v Porto  - UEFA Champions League Quarter Final: Leg Two
Chelsea FC v Porto - UEFA Champions League Quarter Final: Leg Two / Quality Sport Images/Getty Images
facebooktwitterreddit

ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ ചെൽസി നേരിട്ടതിൽ ഏറ്റവും ബുദ്ധിമുട്ടേറിയ എതിരാളിയാരാണെന്നു വെളിപ്പെടുത്തി മുന്നേറ്റനിര താരം കയ് ഹാവേർട്സ്. സെമി ഫൈനലിൽ ചെൽസി നേരിട്ട സ്‌പാനിഷ്‌ വമ്പന്മാരായ റയൽ മാഡ്രിഡിനെ തഴഞ്ഞ ജർമൻ താരം അത്ലറ്റികോ മാഡ്രിഡ്, പോർട്ടോ എന്നീ ക്ലബുകളെയാണ് മറികടക്കാൻ ദുഷ്‌കരമാണെന്നു പറഞ്ഞത്. അതേസമയം റയലുമായി നടന്ന സെമിയിലെ രണ്ടാം പാദമത്സരം ഏറ്റവും പ്രിയപ്പെട്ടതാണെന്നും ഹാവേർട്സ് പറഞ്ഞു.

ചാമ്പ്യൻസ് ലീഗ് കലാശപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനിരിക്കുന്ന ചെൽസി ഗ്രൂപ്പ് ഘട്ടം ഫ്രാങ്ക് ലാംപാർഡിനു കീഴിൽ അജയ്യരാണ് പൂർത്തിയാക്കിയത്. അതിനു ശേഷം ടുഷെൽ സ്ഥാനമേറ്റെടുത്ത് അത്ലറ്റികോ മാഡ്രിഡ്, പോർട്ടോ, റയൽ മാഡ്രിഡ് എന്നിവരെ മറികടന്ന് ചെൽസിയെ ഫൈനലിൽ എത്തിക്കുകയായിരുന്നു.

"പോർട്ടോ, അത്ലറ്റികോ എന്നിവർക്കെതിരെ കളിക്കുക ബുദ്ധിമുട്ടായിരുന്നു. അവരുടെ പ്രതിരോധ മികവാണ് അതിനു കാരണം. അവർ സ്വന്തം ഹാഫിൽ അണിനിരന്ന് നമ്മൾ എന്തെങ്കിലും പിഴവു വരുത്താൻ കാത്തിരിക്കുകയാണ് ചെയ്യുക." ചെൽസിയുടെ വെബ്‌സൈറ്റിനോട് സംസാരിക്കുമ്പോൾ ഹാവേർട്സ് പറഞ്ഞു.

"എന്നെ സംബന്ധിച്ച് അത് രണ്ടുമായിരുന്നു ബുദ്ധിമുട്ടേറിയ മത്സരങ്ങൾ. എന്നാൽ എന്റെ പ്രിയപ്പെട്ട മത്സരം റയൽ മാഡ്രിഡിനെതിരെ ഞങ്ങൾ വിജയം നേടി ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിയ സെമി ഫൈനൽ രണ്ടാം പാദ മത്സരമായിരുന്നു. വേറെയും നല്ല മത്സരങ്ങൾ ഉണ്ടായിരുന്നെങ്കിലും എന്നെ സംബന്ധിച്ച് മുന്നിൽ നിൽക്കുന്നത് റയൽ മാഡ്രിഡിന് എതിരേയുള്ളതാണ്." ഹാവേർട്സ് വ്യക്തമാക്കി.

ചെൽസി പരിശീലകനായി തോമസ് ടുഷെൽ എത്തിയതിനു ശേഷം ടീമിന്റെ ആത്മവിശ്വാസം ഉയർന്നതും നിലവാരം മെച്ചപ്പെട്ടതും ഫൈനൽ വരെയെത്താൻ ടീമിനെ സഹായിച്ചെന്നും ജർമൻ താരം പറഞ്ഞു. കഴിഞ്ഞ സീസണിൽ പിഎസ്‌ജിയെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിക്കാനും ടുഷെലിനു കഴിഞ്ഞിരുന്നു.

facebooktwitterreddit