മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൊണാൾഡോയുമായി അധികാരത്തർക്കമുണ്ടെന്ന വാർത്തകൾ നിഷേധിച്ച് ഹാരി മാഗ്വയർ


മാഞ്ചസ്റ്റർ യുണൈറ്റഡ് ഡ്രസിങ് റൂമിലെ താരങ്ങളുടെ മേലുള്ള അധികാരം വിഘടിപ്പിച്ച് റൊണാൾഡോക്കും കൈമാറുന്നതുമായി ബന്ധപ്പെട്ട് പരിശീലകൻ റാങ്നിക്കുമായി കലഹമുണ്ടായെന്ന വാർത്തകൾ നിഷേധിച്ച് ടീമിന്റെ നായകനായ ഹാരി മാഗ്വയർ. ടീമിലെ യുവതാരങ്ങളെ കൃത്യമായി മുന്നോട്ടു നയിക്കാനുള്ള ചുമതല റാൾഫ് റാങ്നിക്ക് റൊണാൾഡോക്കു നൽകിയതിനെ തുടർന്ന് അദ്ദേഹവുമായി തർക്കമുണ്ടായെന്ന വാർത്തകളെയാണ് മാഗ്വയർ നിഷേധിച്ചത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നായകനും ടീമിലെ പ്രധാനപ്പെട്ട പ്രതിരോധതാരവും ആണെങ്കിലും കഴിഞ്ഞ കുറെ മത്സരങ്ങളായി മാഗ്വയർ ഒട്ടും ഫോമിലല്ലെന്നു മാത്രമല്ല, നിർണായക പിഴവുകൾ വരുത്തുകയും ചെയ്യുന്നുണ്ട്. ഇതിനു പിന്നാലെയാണ് ടീമിലെ യുവതാരങ്ങളെ നയിക്കാനുള്ള ചുമതല റൊണാൾഡോക്ക് റാങ്നിക്ക് നൽകിയെന്നും ഇതിന്റെ ഭാഗമായി അദ്ദേഹവുമായി തർക്കങ്ങൾ ഉണ്ടായെന്നും ദി മിറർ റിപ്പോർട്ടു ചെയ്തത്.
I’ve seen a lot of reports about this club that aren’t true and this is another. Not going to start posting about everything that is written but I needed to make this one clear. We’re united and focused on Sunday. Enjoy your day everyone ?? @ManUtd https://t.co/YxLhQn8pqf
— Harry Maguire (@HarryMaguire93) February 18, 2022
എന്നാൽ ഏതാനും മണിക്കൂറുകൾക്കു മുൻപാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ മാഗ്വയർ ഈ റിപ്പോർട്ടുകൾ നിഷേധിച്ചത്. "ഈ ക്ലബിനെക്കുറിച്ച് സത്യമല്ലാത്ത നിരവധി കാര്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇതും അതിലൊന്നാണ്. എഴുതുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും ഞാൻ പോസ്റ്റു ചെയ്യാൻ പോകുന്നില്ലെങ്കിലും ഇതെനിക്ക് വ്യക്തമാക്കണം. ഞങ്ങൾ വളരെ ഐക്യത്തോടെ ഞായറാഴ്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. എല്ലാവരും നല്ലൊരു ദിവസം ആസ്വദിക്കുക." താരം കുറിച്ചു.
മാഞ്ചസ്റ്റർ യുണൈറ്റഡിനുള്ളിൽ താരങ്ങൾ തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്ന റിപ്പോർട്ടുകളോട് ആദ്യമായി പ്രതികരിക്കുന്ന താരമല്ല മാഗ്വയർ. നേരത്തെ ഫ്രെഡ്, മാർക്കസ് റാഷ്ഫോഡ് എന്നീ താരങ്ങൾ ഇതിനെതിരെ രംഗത്തു വന്നിരുന്നു. ഇത്തരം റിപ്പോർട്ടുകൾ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് റാഷ്ഫോഡ് പറഞ്ഞപ്പോൾ വ്യാജവാർത്തയെന്നാണ് ഫ്രെഡ് പ്രതികരിച്ചത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.