'ഒരു ടീമെന്ന നിലയില്‍ നന്നായി കളിക്കാനും ജയിക്കാനും നമ്മൾ തുടങ്ങണം' - മാഞ്ചസ്റ്റർ യുണൈറ്റഡ് സഹതാരങ്ങളോട് മഗ്വയര്‍

സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നടത്തുന്ന പ്രകടനത്തില്‍ നിരാശരാകരുതെന്നും എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നുമുള്ള ആഹ്വാനവുമായി ക്യാപ്റ്റന്‍ ഹാരി മഗ്വയര്‍. സീസണിലെ മോശം ഫോമില്‍ യുണൈറ്റഡ് താരങ്ങള്‍ അസ്വസ്ഥരാണെന്ന വാര്‍ത്തകള്‍ക്കിടെയാണ് മഗ്വയറിന്റെ പ്രതികരണം.
"ഞങ്ങള്‍ ആരാധകരെ നിരാശരാക്കുന്നു എന്നത് ശരിയാണ്. എന്നാല്‍ നമുക്ക് പോരിനിറങ്ങി തിരിച്ചുവരണം. കഴിഞ്ഞ സീസണില്‍ രണ്ടാം സ്ഥാനത്തെത്തിയ ടീമാണ് ഇത്. അതിനേക്കാൾ വലുതും മെച്ചപ്പെട്ടതുമായ ഒരു ടീം നമുക്ക് ഈ വർഷമുണ്ട്. അതിനാല്‍ നാം നമ്മുടെ ശരിയായ മനോഭാവം കാണിക്കണം," സഹതാരങ്ങളും ക്ലബ് മാനേജ്‌മെന്റ് അംഗങ്ങളുമായി നടത്തിയ സ്വകാര്യ ചര്‍ച്ചയില്‍ മഗ്വയര്‍ പറഞ്ഞതായി ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
"നമ്മുടെ ടീമില്‍ വലിയ കളിക്കാരുണ്ട്, നേതാക്കളും. ഇത് വീണ്ടും ആവർത്തിക്കുന്നതിൽ എനിക്ക് മടുപ്പുണ്ട്, പക്ഷെ ഇത് (പ്രകടനം) ഇങ്ങനെ തുടരാൻ കഴിയില്ല. തിങ്കളാഴ്ച മുതല്‍ നമുക്ക് മികച്ച രീതിയില്‍ മുന്നേറണം. ഞാന്‍ ഒരുപാട് വിമര്‍ശനങ്ങള്‍ കേട്ടിട്ടുണ്ട്. അതില്‍ പലതും ശരിയാണ്. ആരാധകരും മുന്‍താരങ്ങളും പറഞ്ഞത് നമുക്ക് വ്യക്തമായി. ക്യാപ്റ്റനെന്ന നിലയില്‍ മറ്റാരെയും പോലെ ഞാനും, നമ്മള്‍ എല്ലാവരും വലിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്. ഒരു ടീമെന്ന നിലയില്‍ നന്നായി കളിക്കാനും ജയിക്കാനും നമ്മൾ തുടങ്ങണം," മഗ്വയര്‍ കൂട്ടിച്ചേർത്തു.
നിലവില്‍ പ്രീമിയര്‍ ലീഗില്‍ 19 മത്സരത്തില്‍ നിന്ന് 31 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയെക്കാള്‍ 22 പോയിന്റ് പിറകിലാണ് യുണൈറ്റഡ് ഇപ്പോള്‍. പ്രീമിയര്‍ ലീഗില്‍ അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിലും ജയിക്കാന്‍ യുണൈറ്റഡിന് കഴിഞ്ഞിരുന്നല്ല.
ന്യൂകാസില്‍ യുണൈറ്റിഡിനെതിരെ സമനില വഴങ്ങിയപ്പോള്‍ വോള്‍വ്‌സിനെതിരേ എതിരില്ലാത്ത ഒരു ഗോളിന്റെ തോല്‍വിയായിരുന്നു നേരിട്ടത്. ഈ മാസം 15ന് ആസ്റ്റണ്‍ വില്ലക്കെതിരേയാണ് യുണൈറ്റഡിന്റെ പ്രീമിയര്‍ ലീഗിലെ അടുത്ത മത്സരം. ഇതില്‍ ജയിച്ച് ലീഗിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് ചുവന്ന ചെകുത്താന്‍മാര്‍.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.