Tottenham Hotspur News

മെസിയുടെയും റൊണാൾഡോയുടെയും തലത്തിലെത്തണം, ഭാവിയെക്കുറിച്ചുള്ള സുപ്രധാന വെളിപ്പെടുത്തലുമായി ഹാരി കേൻ

Sreejith N
Tottenham Hotspur v Aston Villa - Premier League
Tottenham Hotspur v Aston Villa - Premier League / Richard Heathcote/Getty Images
facebooktwitterreddit

മെസി, റൊണാൾഡോ എന്നിവരുടെ തലത്തിലേക്കെത്താൻ വേണ്ടി തനിക്കു പരിശ്രമിക്കണമെന്നും ഭാവിയെക്കുറിച്ച് നിർണായക തീരുമാനം എടുക്കേണ്ട സമയമടുത്തെന്നും വെളിപ്പെടുത്തി ടോട്ടനം ഹോസ്‌പർ സൂപ്പർതാരം ഹാരി കേൻ. നിരവധി വർഷങ്ങളായി ടോട്ടനത്തിനു വേണ്ടി മികച്ച പ്രകടനം കാഴ്‌ച വെക്കുന്ന താരം കിരീടങ്ങൾ സ്വന്തമാക്കാനും വമ്പൻ പോരാട്ടങ്ങളുടെ ഭാഗമാകാനുമുള്ള തന്റെ ആഗ്രഹവും വ്യക്തമാക്കി.

ടോട്ടനത്തിനു വേണ്ടി ഇതുവരെ 220 ഗോളുകൾ നേടിയിട്ടുള്ള ഹാരി കേൻ നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണെങ്കിലും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കളിച്ചതു മാത്രമാണ് ക്ലബിനൊപ്പം സ്വന്തമാക്കിയ പ്രധാന നേട്ടം. എല്ലാ കാലത്തും ഇതേ നിലവാരമുള്ള പ്രകടനം തനിക്ക് നടത്താൻ കഴിയില്ലെന്നും ഇപ്പോൾ ഉചിതമായ തീരുമാനമെടുത്താൽ ഫുട്ബോളിലെ വമ്പൻ പോരാട്ടങ്ങളുടെ ഭാഗമാകാൻ തനിക്കു കഴിയൂവെന്നും ഗാരി നെവില്ലെയുടെ യൂട്യൂബ് ഷോയിൽ കേൻ പറഞ്ഞ വാക്കുകളിൽ തെളിഞ്ഞു നിൽക്കുന്നു.

"എനിക്കിനിയും ഒരുപാട് നൽകാനുണ്ട്, ഇപ്പോഴത്തെ കണക്കുകളേക്കാൾ കൂടുതൽ മികച്ച പ്രകടനം എനിക്കു നൽകാൻ കഴിയും. ഏറ്റവും മികച്ച താരമാകണമെന്നു പറയാൻ ഞാൻ മടിക്കുന്നില്ല. മെസിയും റൊണാൾഡൊയുമെത്തിയ തലത്തിലേക്കെത്താൻ എനിക്കു ശ്രമിക്കേണ്ടതുണ്ട്. എല്ലാ സീസണിലും 50,60,70 ഗോളുകൾ നേടുക, എല്ലാ സീസണിലും കിരീടങ്ങൾ നേടുകയെന്നതൊക്കെയാണ് എന്റെ പ്രധാന ലക്‌ഷ്യം. ആ ലക്‌ഷ്യം നടത്താൻ മറ്റൊരാളിൽ നിന്നുമല്ല, എന്നിൽ നിന്നു തന്നെയാണ് ഞാൻ സമ്മർദ്ദം അനുഭവിക്കുന്നത്."

"കരിയർ വലിയൊരു നിരാശയോടെ അവസാനിപ്പിക്കാൻ എനിക്കു താൽപര്യമില്ല. എനിക്ക് കഴിയുന്ന ഏറ്റവും മികച്ച തലത്തിലേക്ക് എത്തണം. ഞാൻ കരിയറിന്റെ അവസാനം വരെ സ്‌പർസിൽ തുടരുമെന്നോ സ്‌പർസ് വിടുമെന്നോ ഞാൻ പറയുന്നില്ല."

"എനിക്ക് ട്രോഫികളോട് അഭിനിവേശമാണെന്നും കിരീടങ്ങൾ ആവശ്യമാണെന്നും പലരും പറഞ്ഞേക്കാം. എന്നാൽ മറ്റൊരു കരിയർ കൂടി കളിക്കാനുണ്ടെന്നാണ് ഞാൻ കരുതുന്നത്. പ്രീമിയർ ലീഗിൽ ഇതുവരെ തുടർന്നതു പോലെ ഏഴോ എട്ടോ വർഷങ്ങൾ എന്റെ മുന്നിലുണ്ട്. അതുകൊണ്ടു തന്നെ എനിക്ക് ധൃതിയില്ല, സഹികെട്ട് എന്തും ചെയ്യാനും ഞാൻ കരുതുന്നില്ല." കേൻ വ്യക്തമാക്കി.

ഈ സീസണിൽ ഇംഗ്ലീഷ് ടീമുകൾ ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം നടത്തുന്നത് കണ്ടിരിക്കേണ്ട അവസ്ഥയാണ് തനിക്കുണ്ടായതെന്നും അതിലെ പല മത്സരങ്ങളിലും ഉൾപ്പെടാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും കേൻ പറഞ്ഞു. ഏറ്റവും മികച്ച മത്സരങ്ങളിൽ കളിക്കണമെന്നു വ്യക്തമാക്കിയ കേൻ കരിയറിന് ഗുണം ചെയ്യുന്ന തീരുമാനങ്ങൾ എടുക്കേണ്ടതുണ്ടെന്നും പ്രതികരിച്ചു.

facebooktwitterreddit