Football in Malayalam

ഹാരി കെയ്ൻ ട്രാൻസ്‌ഫർ ബാഴ്‌സക്കും നിർണായകമാകും, താരത്തിന് പകരക്കാരനായി ടോട്ടനം കുട്ടീന്യോയെ നോട്ടമിടുന്നു

Sreejith N
Tottenham Hotspur v Sheffield United - Premier League
Tottenham Hotspur v Sheffield United - Premier League / James Williamson - AMA/Getty Images
facebooktwitterreddit

ഹാരി കെയിൻ ടോട്ടനം വിടാനുള്ള സാധ്യതകൾ വർധിച്ചു കൊണ്ടിരിക്കെ പകരക്കാരനായി ബാഴ്‌സലോണ താരം ഫിലിപ്പെ കുട്ടീന്യോയെ ടീമിലെത്തിക്കാനുള്ള പദ്ധതികളുമായി ടോട്ടനം ഹോട്സ്‌പർ. ബാഴ്‌സലോണയിൽ മികച്ച പ്രകടനം നടത്താൻ പരാജയപ്പെട്ട കുട്ടീന്യോയെ ഏജന്റായ കിയാ ജൂറാബ്ചിയാൻ പ്രീമിയർ ലീഗ് ക്ലബിന് വാഗ്‌ദാനം ചെയ്‌തുവെന്ന്‌ സ്‌പാനിഷ്‌ മാധ്യമമായ മുണ്ടോ ഡിപോർറ്റീവോ റിപ്പോർട്ടു ചെയ്യുന്നു.

2018 ജനുവരിയിലാണ് ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവുമുയർന്ന തുകക്ക് കുട്ടീന്യോയെ ബാഴ്‌സലോണ സ്വന്തമാക്കുന്നത്. എന്നാൽ ലിവർപൂളിലെ പ്രധാന താരമായിരുന്ന കുട്ടീന്യോക്ക് ആ മികവ് ബാഴ്‌സലോണക്കൊപ്പം തുടരാൻ കഴിഞ്ഞില്ല. ഫോം നഷ്‌ടവും തുടർച്ചയായ പരിക്കുകളും ലിവർപൂളിൽ കളിച്ചിരുന്നപ്പോഴത്തെ ശൈലിയിൽ മാറ്റം വരുത്തേണ്ടി വന്നതെല്ലാമാണ് താരത്തിനു തിരിച്ചടിയായത്.

ബാഴ്‌സലോണയിൽ തിളങ്ങാനാവാതെ പോയതിനാൽ പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചുവരവ് കുട്ടീന്യോ ആഗ്രഹിച്ചിരുന്നെങ്കിലും ഇതുവരെയും അതിനുള്ള വഴികൾ തെളിഞ്ഞു വന്നിരുന്നില്ല. എന്നാൽ കെയിൻ ക്ലബ് വിടാനുള്ള സാധ്യതകൾ വർധിച്ചതോടെ പകരക്കാരനായി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പരിചയസമ്പന്നനായ ബ്രസീലിയൻ താരത്തെയാണ് ടോട്ടനം പരിഗണിക്കുന്നത്.

കെയിനുമായി ബന്ധപ്പെട്ട ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ വളരെയധികം ശക്തിപ്പെട്ടു കൊണ്ടിരിക്കെ ഒരു മാർക്വീ സൈനിങ്‌ ടോട്ടനം ആഗ്രഹിക്കുന്നുണ്ടെന്നും അതുകൊണ്ടു തന്നെ ഇംഗ്ലണ്ട് നായകൻ ടീം വിട്ടാലും ടീമിൽ തന്നെ തുടർന്നാലും കുട്ടീന്യോയുടെ സൈനിങ് സ്‌പർസ് നടത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നുണ്ട്.

അതേസമയം, സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ബാഴ്‌സലോണ കുട്ടീന്യോയെ വിട്ടുകൊടുക്കാൻ തന്നെയാണ് സാധ്യത. എന്നാൽ ലാ ലിഗയുടെ പുതിയ കരാർ സാമ്പത്തിക ഉത്തേജനം നൽകിയതിനാൽ തനിക്ക് താൽപര്യമുള്ള താരത്തെ നിലനിർത്താൻ കൂമാൻ ശ്രമിക്കാനും സാധ്യതയുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit