Football in Malayalam

പ്രതിവാര ശമ്പളം ഇരട്ടിയാക്കി ടോട്ടൻഹാം സൂപ്പർതാരം ഹാരി കെയ്‌നിനെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

Gokul Manthara
Leicester City v Tottenham Hotspur - Premier League
Leicester City v Tottenham Hotspur - Premier League / Visionhaus/Getty Images
facebooktwitterreddit

പ്രീമിയർ ലീഗിലെ ഈ‌ സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവായ ഇംഗ്ലീഷ് സൂപ്പർ താരം ഹാരി കെയിൻ, വരാനിരിക്കുന്ന വേനൽക്കാല‌ ട്രാൻസ്ഫർ ജാലകത്തിൽ തന്റെ ക്ലബ്ബായ ടോട്ടൻഹാം ഹോട്സ്പർ വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. താരം ടോട്ടനം വിടുകയാണെങ്കിൽ അദ്ദേഹത്തെ സ്വന്തമാക്കാൻ യൂറോപ്പിലെ‌ വമ്പൻ ക്ലബ്ബുകളിൽ പലരും രംഗത്തുണ്ടാവും.

കെയ്‌നിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ചൂടു പിടിച്ചു കൊണ്ടിരിക്കുന്നതിനിടെ ഇപ്പോളിതാ പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ സ്വന്തമാക്കാൻ ശക്തമായി രംഗത്തുണ്ടാകുമെന്ന് റിപ്പോർട്ടുകൾ വന്നിരിക്കുന്നു. കെയ്‌നിനെ സ്വന്തമാക്കാൻ വൻ തുക ആവശ്യം വരുമെന്നതിനാൽ അത് കണ്ടെത്താൻ തങ്ങളുടെ ഫ്രെഞ്ച് മുന്നേറ്റ താരം ആന്തണി മാർഷ്യലിനെ വിൽക്കാനും മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറായേക്കുമെന്നാണ് ദി ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

നേരത്തെ ബെൽജിയൻ താരമായ റൊമേലു ലുക്കാക്കുവിനെ ഇന്റർ മിലാനിലേക്ക്‌ വിറ്റത് മുതൽ ഒരു മികച്ച സെന്റർ ഫോർവേഡിനെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ആ അന്വേഷണം കെയ്‌നിൽ അവസാനിപ്പിക്കാനുള്ള നീക്കങ്ങളിലാണ് ഇപ്പോൾ ക്ലബ്ബെന്നാണ് പുറത്ത് വരുന്ന സൂചനകളിൽ നിന്ന് വ്യക്തമാകുന്നത്.

നിലവിൽ ലോകത്തെ ഏറ്റവും മികച്ച മുന്നേറ്റ താരങ്ങളിലൊരാളായ കെയ്‌നിന്റെ പ്രതിവാര ശമ്പളം ഇപ്പോളത്തേതിലും ഇരട്ടിയാക്കാനുള്ള (400,000 പൗണ്ടിനടുത്ത്) പദ്ധതികൾ യുണൈറ്റഡിനുണ്ടെന്നാണ് ദി ട്രാൻസ്ഫർ വിൻഡോ പോഡ്കാസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പുറമേ ടോട്ടനവുമായുള്ള കരാർ അവസാനിപ്പിക്കുന്നതിലൂടെ വരുന്ന നഷ്ടം നികത്താൻ 18 മില്ല്യൺ പൗണ്ട് സൈൻ ഓൺ ഫീയായി കെയ്‌നിന് നൽകാനും യുണൈറ്റഡ് തയ്യാറാണെന്ന് അവരുടെ റിപ്പോർട്ടിൽ പറയുന്നു.

അതേ സമയം 2020-21 സീസണിൽ ഉജ്ജ്വല ഫോം പുറത്തെടുത്ത കെയിൻ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായാലും അതിൽ അത്ഭുതപ്പെടാനൊന്നുമില്ല. പ്രീമിയർ ലീഗിന്റെ ഈ ‌സീസണിലെ ഗോൾഡൻ ബൂട്ടും, ഏറ്റവും മികച്ച പ്ലേമേക്കർക്കുള്ള പുരസ്കാരവും സ്വന്തമാക്കിയ ഇംഗ്ലീഷ് താരം, എല്ലാ ടൂർണമെന്റുകളിലുമായി ഇക്കുറി 49 മത്സരങ്ങളിൽ നിന്ന് 33 ഗോളുകളും, 17 അസിസ്റ്റുകളുമാണ് നേടിയത്.


facebooktwitterreddit