Football in Malayalam

ഹാരി കേൻ ടോട്ടനവുമായി തുറന്ന പോരിനൊരുങ്ങുന്നോ? പ്രീ സീസണു മുൻപേ ക്ലബിൽ റിപ്പോർട്ടു ചെയ്യാതെ ഇംഗ്ലീഷ് സ്‌ട്രൈക്കർ

Sreejith N
Leicester City v Tottenham Hotspur - Premier League
Leicester City v Tottenham Hotspur - Premier League / Visionhaus/Getty Images
facebooktwitterreddit

ഹാരി കേനുമായി ബന്ധപ്പെട്ട ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ ടോട്ടനം ഹോസ്‌പറിന്റെ പ്രീ സീസൺ ട്രെയിനിങ് ഗ്രൗണ്ടിൽ താരം എത്തിയിട്ടില്ലെന്നത് കൂടുതൽ സങ്കീർണതകൾ സൃഷ്‌ടിക്കുന്നു. നേരത്തെ തന്നെ ക്ലബ് വിടാനുള്ള ആഗ്രഹം ഹാരി കേൻ പ്രകടിപ്പിച്ചിട്ടുള്ളതാണെങ്കിലും ടോട്ടനം ഹോസ്‌പർ നേതൃത്വം ഇക്കാര്യത്തിൽ അനുകൂല തീരുമാനം എടുക്കാത്തതു മൂലം ക്ലബുമായി തുറന്ന പോരിന് താരം ഒരുങ്ങിയോയെന്നാണ് ഏവരും സംശയിക്കുന്നത്.

ഇംഗ്ലണ്ട് ടീമിനെ യൂറോ കപ്പ് ഫൈനൽ വരെയെത്തിക്കുന്നതിൽ നിർണായക സാന്നിധ്യമായിരുന്ന താരം ഒഴിവു ദിവസങ്ങൾക്കു ശേഷം ഇന്ന് ടോട്ടനം ഹോസ്‌പറിന്റെ ട്രെയിനിങ് കോംപ്ലെക്സിൽ എത്തേണ്ടതാണ്. ഇവിടെ നിന്നും കോവിഡ് പരിശോധനയും ബ്ലഡ് വർക്കും ചെയ്തതിനു ശേഷമാണ് പ്രീ സീസണുള്ള ടീമിനൊപ്പം താരവും ചേരുക. എന്നാൽ താരം ക്ലബ്ബിൽ ഇതുവരെയും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് സ്കൈ സ്പോർട്സ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

യൂറോ കപ്പ്, കോപ്പ അമേരിക്ക ടൂർണമെന്റുകളിൽ പങ്കെടുത്ത ഡെന്മാർക്കിന്റെയും അർജന്റീനയുടെയും താരങ്ങളായ ഹോബർഗ്, ജിയോവാനി ലോ സെൽസോ എന്നിവർ ടോട്ടനത്തിൽ എത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇവർക്കൊപ്പം ക്ലബിൽ റിപ്പോർട്ട് ചെയ്യേണ്ട ഹാരി കേൻ ഇതുവരെയും എത്താത്തത് മറ്റു ക്ലബുകളിലേക്കുള്ള ട്രാൻസ്ഫറിന് സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

നേരത്തെ മാഞ്ചസ്റ്റർ സിറ്റി, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബുകൾ താരത്തിനു വേണ്ടി ശ്രമം നടത്തിയിരുന്നെങ്കിലും ഇപ്പോൾ സിറ്റിയാണ് കേനിനു വേണ്ടി സജീവമായി രംഗത്തുള്ളത്. എന്നാൽ അടുത്ത സീസണിൽ തിരിച്ചുവരവ് ലക്ഷ്യമിട്ട് ക്ലബ്ബിനെ കെട്ടിപ്പടുക്കുന്ന സ്‌പർസ് നേതൃത്വത്തിന് താരത്തെ നിലനിർത്താനാണ് താൽപര്യം. വരും ദിവസങ്ങളിൽ രണ്ടു വിഭാഗവും തമ്മിലുള്ള പോരിന് മൂർച്ച കൂടുമോ, അതോ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമോയെന്നു കണ്ടറിയേണ്ടതാണ്.

facebooktwitterreddit