പരിശീലനത്തിനെത്താൻ വിസമ്മതിച്ചിട്ടില്ല, വിമർശനങ്ങൾക്ക് മറുപടിയുമായി ഹാരി കെയ്ൻ


ക്ലബ് വിടുന്നതിനു വേണ്ടി ടോട്ടനം ഹോട്സ്പറിനൊപ്പമുള്ള പരിശീലനം മനഃപൂർവം ഒഴിവാക്കിയെന്ന ആരോപണങ്ങളെ നിരാകരിച്ച് ഇംഗ്ലീഷ് സ്ട്രൈക്കർ ഹാരി കേൻ. യൂറോ കപ്പിനു ശേഷമുള്ള ഒഴിവു ദിവസങ്ങൾക്കു ശേഷം ടോട്ടനം ക്യാംപിൽ ദിവസങ്ങൾക്കു മുൻപേ റിപ്പോർട്ടു ചെയ്യേണ്ടിയിരുന്ന കെയ്ൻ, അതിനു തയ്യാറാവാതിരുന്നതിനെ തുടർന്നാണ് ഈ ആരോപണം ശക്തമായതെങ്കിലും അതു നിഷേധിച്ച താരം ഇന്നു മുതൽ ട്രെയിനിങ് ആരംഭിക്കുമെന്ന് വ്യക്തമാക്കി.
കഴിഞ്ഞ സീസണു ശേഷം തന്നെ ക്ലബ് വിടാനുള്ള തന്റെ താൽപര്യം കെയ്ൻ വ്യക്തമാക്കിയിരുന്നു. എന്നാൽ താരത്തെ വിട്ടുകൊടുക്കാൻ ടോട്ടനം നേതൃത്വത്തിന് യാതൊരു താൽപര്യവുമില്ല. മാഞ്ചസ്റ്റർ സിറ്റി കെയ്നിനു വേണ്ടി സജീവമായ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കെയാണ് താരം ട്രെയിനിങിന് എത്താതിരുന്നത്. എന്നാൽ ഇന്നലെ സോഷ്യൽ മീഡിയ പോസ്റ്റിൽ ഇതേക്കുറിച്ച് താരം വ്യക്തത വരുത്തി.
"ഞാൻ സ്പർസിനൊപ്പം അരങ്ങേറ്റം കുറിച്ചിട്ട് ഏതാണ്ട് പത്തു വർഷത്തോളമായി. ഈ വർഷങ്ങളിലെല്ലാം നിങ്ങൾ - ആരാധകർ - എനിക്ക് പൂർണ പിന്തുണയും സ്നേഹവും കാണിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ എന്റെ പ്രൊഫെഷണലിസം ചോദ്യം ചെയ്യുന്ന തരത്തിൽ ഈയാഴ്ചയിൽ ഉയർന്നു വന്ന പ്രതികരണങ്ങൾ വേദനയുണ്ടാക്കുന്നതാണ്.
"നിലവിലെ സാഹചര്യത്തിന്റെ വിശദവിവരങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല. എന്നാൽ ഞാൻ ഇതുവരെയും, ഒരിക്കലും ട്രെയിനിങ്ങിൽ പങ്കെടുക്കാൻ വിസമ്മതിച്ചിട്ടില്ലെന്നു വ്യക്തമാക്കുകയാണ്. ഞാൻ തീരുമാനിച്ചതു പോലെ തന്നെ അടുത്ത ദിവസം ട്രെയിനിങ്ങിനായി ക്ലബ്ബിലേക്ക് മടങ്ങിയെത്തും.
"ഞാൻ ക്ലബിനൊപ്പമുള്ള സമയത്ത് എനിക്ക് അചഞ്ചലമായ പിന്തുണ നൽകിയ ആരാധകരുമായുള്ള ബന്ധം മോശമാക്കുന്ന യാതൊന്നും ഞാൻ ചെയ്യില്ല. ഇന്നത്തെപ്പോലെ തന്നെ അതെല്ലായിപ്പോഴും അങ്ങിനെയായിരിക്കും," കെയ്ൻ ട്വിറ്ററിൽ വ്യക്തമാക്കി.
അതേസമയം, കെയ്നിൽ തങ്ങൾക്ക് താൽപര്യമുണ്ടെന്ന് കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ ഗാർഡിയോള വ്യക്തമാക്കിയിരുന്നു. ഇംഗ്ലണ്ട് താരത്തെ സ്വന്തമാക്കാൻ സിറ്റി ശ്രമം നടത്തുമെന്നും എന്നാൽ ട്രാൻസ്ഫറിൽ തീരുമാനം എടുക്കേണ്ടത് ടോട്ടനം ആണെന്നും ഗ്വാർഡിയോള വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.