അഭ്യൂഹങ്ങൾക്ക് അവസാനം; ടോട്ടനത്തിൽ തുടരുമെന്ന് സ്ഥിരീകരിച്ച് ഹാരി കെയിൻ

മാസങ്ങളോളം നീണ്ടു നിന്ന ഊഹാപോഹങ്ങൾക്ക് ശേഷം താൻ ടോട്ടനത്തിൽ തുടരുമെന്ന് വ്യക്തമാക്കി ഇംഗ്ലീഷ് സൂപ്പർ താരം ഹാരി കെയിൻ. ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ടോട്ടനം വിടാൻ തയ്യാറായി നിന്ന കെയിൻ, മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നുവെങ്കിലും ഇക്കുറി അത് സംഭവിക്കില്ലെന്ന് താരത്തിന്റെ ഔദ്യോഗിക സ്ഥിരീകരണത്തോടെ ഉറപ്പാവുകയായിരുന്നു. ഇന്ന് വൈകിട്ട് തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയായിരുന്നു ടോട്ടനത്തിൽ തുടരാൻ തീരുമാനിച്ച വിവരം കെയിൻ പുറത്ത് വിട്ടത്. ടോട്ടനം ആരാധകർക്ക് വലിയ ആശ്വാസവും, സിറ്റി ആരാധകർക്ക് നിരാശയും സമ്മാനിക്കുന്ന വാർത്തയാണിത്.
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ടോട്ടനം വിടാൻ തീരുമാനിച്ചുറപ്പിച്ചിരുന്ന കെയിനെ സ്വന്തമാക്കാൻ ശക്തമായി രംഗത്തുണ്ടായിരുന്ന മാഞ്ചസ്റ്റർ സിറ്റി, താരത്തെ വാങ്ങാൻ ടോട്ടനത്തിന് 2 തവണ ബിഡ് സമർപ്പിച്ചെങ്കിലും രണ്ട് തവണയും ക്ലബ്ബ് അത് തള്ളിക്കളയുകായിരുന്നു. കെയിനെ ടീമിലെത്തിക്കാൻ വളരെയധികം താല്പര്യം പ്രകടിപ്പിച്ചിരുന്ന മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള അതിനിടെ താരത്തിന്റെ വില താഴ്ത്താൻ ടോട്ടനം ചെയർമാൻ ഡാനിയൽ ലെവി തയ്യാറാകാത്തതിൽ നിരാശയും പ്രകടിപ്പിച്ചിരുന്നു. എന്നാൽ സിറ്റി തനിക്കായി രംഗത്തെത്തിയ സമയത്ത് കെയിൻ, ടോട്ടനത്തിന്റെ പരിശീലന സെഷനുകളിൽ നിന്ന് വിട്ടു നിന്നത് അദ്ദേഹം ട്രാൻസ്ഫർ ജാലകത്തിൽ ഏത് വിധേനയും മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുമെന്ന സൂചനകൾ ശക്തമാക്കി. എന്നാൽ ഇപ്പോളിതാ ക്ലബ്ബിൽ തുടരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം.
ഞായറാഴ്ച സ്പർസ് ആരാധകരിൽ നിന്ന് ലഭിച്ച സ്വീകരണത്തേയും കഴിഞ്ഞ കുറച്ച് ആഴ്ചകളായി തനിക്ക് ലഭിക്കുന്ന പിന്തുണ സന്ദേശങ്ങളേയും അവിശ്വസനീയമെന്ന് ട്വിറ്ററിലൂടെ വിശേഷിപ്പിച്ച കെയിൻ, ഈ സമ്മറിൽ താൻ ടോട്ടൻഹാമിൽ തുടരുമെന്നും, ടീമിനെ വിജയം നേടാൻ സഹായിക്കുന്നതിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കൂട്ടിച്ചേർത്തു.
It was incredible to see the reception from the Spurs fans on Sunday and to read some of the messages of support I've had in the last few weeks. ?⚽
— Harry Kane (@HKane) August 25, 2021
I will be staying at Tottenham this summer and will be 100% focused on helping the team achieve success. #COYS pic.twitter.com/uTN78tHlk1
അതേ സമയം ടോട്ടൻഹാം ഹോട്സ്പറിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ കെയിൻ, അവർക്കായി ഇതു വരെ 337 മത്സരങ്ങളിലാണ് കളിച്ചിട്ടുള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 221 ഗോളുകൾ നേടിയ അദ്ദേഹം 47 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 2016ൽ ക്ലബ്ബുമായി പുതിയ കരാറിൽ ഒപ്പുവെച്ചിരുന്ന അദ്ദേഹത്തിന് നിലവിൽ 2024 വരെയാണ് ടോട്ടനവുമായി കോണ്ട്രാക്ടുള്ളത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.