ഇംഗ്ലണ്ടിനു വേണ്ടി നാലു ഗോളുകൾ, 94 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ഹാരി കേൻ

Sreejith N
San Marino v England - 2022 FIFA World Cup Qualifier
San Marino v England - 2022 FIFA World Cup Qualifier / Danilo Di Giovanni/GettyImages
facebooktwitterreddit

സാൻ മരിനോക്കെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ നേടിയ നാലു ഗോളുകളുടെ പിൻബലത്തിൽ 94 വർഷം പഴക്കമുള്ള ഇംഗ്ലീഷ് റെക്കോർഡ് ഭേദിച്ച് ടോട്ടനം ഹോസ്‌പർ താരം ഹാരി കേൻ. എതിരില്ലാത്ത പത്തു ഗോളുകൾക്ക് ഇംഗ്ലണ്ട് വിജയം നേടിയ മത്സരത്തിൽ നേടിയ നാലു ഗോളുകളോടെ ഒരു വർഷത്തിൽ ഇംഗ്ലണ്ടിനു വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന റെക്കോർഡാണ് കേൻ സ്വന്തമാക്കിയത്.

1908ൽ ജോർജ് ഹിൽസ്‌ഡണും 1927ൽ ഡിക്സീ ഡീനും നേടിയിട്ടുള്ള റെക്കോർഡാണ് ഹാരി കേൻ ഇന്നലത്തെ പ്രകടനത്തോടെ തകർത്തെറിഞ്ഞത്. രണ്ടു താരങ്ങളും ഒരു കലണ്ടർ വർഷത്തിൽ 12 ഗോളുകൾ നേടിയപ്പോൾ ഇന്നലത്തെ നാലു ഗോളുകളടക്കം ഈ വർഷം ഇംഗ്ലണ്ടിനു വേണ്ടി പതിനാറു ഗോളാണ് കേൻ നേടിയത്. 2019ൽ ഇംഗ്ലണ്ടിനു വേണ്ടി 12 തവണ ലക്‌ഷ്യം കണ്ടിരുന്നെങ്കിലും റെക്കോർഡ് തകർക്കാൻ കേനിനു കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞയാഴ്‌ച ഇംഗ്ലണ്ടിനു വേണ്ടി ഒൻപതു ഗോളുകൾ മാത്രം നേടിയിരുന്ന കേനാണ് കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ഹാട്രിക്ക് നേട്ടവുമായി ഒരു നൂറ്റാണ്ടിനടുത്ത് പഴക്കമുള്ള റെക്കോർഡ് തകർത്തത്. നേരത്തെ അൽബാനിയക്കെതിരെ നടന്ന മത്സരത്തിൽ ഹാട്രിക്ക് നേടിയ താരം സാൻ മരിനോക്കെതിരെയും അത് ആവർത്തിച്ചതിലൂടെ ഇംഗ്ലണ്ടിനു വേണ്ടി തുടർച്ചയായ മത്സരങ്ങളിൽ ഹാട്രിക്ക് നേടിയ നാലാമത്തെ മാത്രം താരമെന്ന റെക്കോർഡും താരം സ്വന്തമാക്കി.

രണ്ടു പെനാൽറ്റികൾ ഉൾപ്പെടെ കേൻ നേടിയ ഗോളുകളെല്ലാം മത്സരത്തിന്റെ ആദ്യ പകുതിയിലാണ് പിറന്നത്. കേനിനു പുറമെ ഹാരി മാഗ്വയർ എമിലി സ്‌മിത്ത്‌ റോവ, ടാമി അബ്രഹാം, ബുകായോ സാക, ടൈറോൺ മിങ്‌സ് എന്നിവരും ഇംഗ്ലണ്ടിനു വേണ്ടി ഗോളുകൾ സ്വന്തമാക്കി. ഇതോടെ ഗ്രൂപ്പ് ഐയിൽ നിന്നും ഒന്നാം സ്ഥാനക്കാരായി ഇംഗ്ലണ്ട് ലോകകപ്പിനു യോഗ്യത നേടുകയും ചെയ്‌തു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit