റയൽ മാഡ്രിഡിൽ സുഹൃത്തുക്കളെ ഉണ്ടാക്കുക വളരെ ബുദ്ധിമുട്ടാണ്, ആഴ്സണലിൽ വളരെ സന്തുഷ്ടനാണെന്നും ഒഡേഗാർഡ്


റയൽ മാഡ്രിഡിൽ വളരെ തിളക്കമുള്ള ഒരു കരിയർ ഉണ്ടാകുമെന്നു പ്രതീക്ഷിച്ചെങ്കിലും വർഷങ്ങളായി സീനിയർ ടീമിൽ സ്ഥിരമായി സ്ഥാനം ലഭിക്കാതിരുന്നതിനാൽ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പ്രീമിയർ ലീഗ് ക്ലബായ ആഴ്സണലിലേക്ക് ചേക്കേറുകയായിരുന്നു നോർവേ താരമായ മാർട്ടിൻ ഒഡേഗാർഡ്. കഴിഞ്ഞ ജനുവരിയിൽ ലോണിൽ ആഴ്സണലിനു വേണ്ടി മികച്ച പ്രകടനം നടത്തിയ താരം സമ്മറിൽ സ്ഥിരം ട്രാൻസ്ഫർ പൂർത്തിയാക്കിയതിനു ശേഷവും തന്റെ പ്രതിഭ തെളിയിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം നോർവീജിയൻ മാധ്യമമായ ടിവി2യോട് റയൽ മാഡ്രിഡിലെ തന്റെ സാഹചര്യത്തെക്കുറിച്ച് ഒഡേഗാർഡ് സംസാരിക്കുകയുണ്ടായി. റയൽ മാഡ്രിഡിനെ പോലെ ഒരു വലിയ ക്ലബിൽ ഏറ്റവുമുയർന്ന തലത്തിൽ കളിക്കുന്ന താരങ്ങളോടൊപ്പം സൗഹൃദം ഉണ്ടാക്കുക വളരെ ബുദ്ധിമുട്ടായിരുന്നു എന്നു പറഞ്ഞ ഒഡേഗാർഡ് ആഴ്സണലിൽ തനിക്ക് ഇപ്പോഴുള്ള ജീവിതം വളരെ സന്തോഷം നൽകുന്നതാണെന്നും പറഞ്ഞു.
Martin Odegaard's biggest issue at Real Madrid could end up as a huge boost for Arsenal https://t.co/7TK08V103U pic.twitter.com/xdj1jCJa0s
— Mirror Football (@MirrorFootball) October 6, 2021
"ഫസ്റ്റ് ടീമിനും സെക്കൻഡ് ടീമിനുമൊപ്പം നിരവധി കഠിനമായ കാലഘട്ടങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഏറ്റവും മികച്ചവരുടെ ഇടയിലുള്ള ജീവിതം എന്നെ ശക്തനാക്കി. ഞാൻ വളർന്നുവന്ന് എനിക്കു തോന്നുന്നു, മാഡ്രിഡിന് നന്ദി. സെർജിയോ റാമോസ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നീ താരങ്ങളിൽ നിന്നും ഞാൻ പലതും പഠിക്കുകയും ചെയ്തു."
"നമ്മൾ ഏറ്റവുമുയർന്ന തലത്തിലുള്ളവരുടെ കൂടെ നിൽക്കുമ്പോൾ സുഹൃത്തുക്കളെ ഉണ്ടാക്കുക തുടങ്ങിയ കാര്യങ്ങൾ അത്രക്ക് എളുപ്പമായിരിക്കില്ല. നമ്മൾ ചെറുപ്പവും മറ്റൊരു സ്ഥലത്തു നിന്നും വരുന്നവരുമാകുമ്പോൾ പ്രത്യേകിച്ചും. മറ്റൊരു ഡ്രസിങ് റൂം സംസ്കാരത്തിൽ നിന്നും വന്ന എനിക്ക് റയലിൽ ഒത്തുപോകുക എളുപ്പമായിരുന്നില്ല. എന്നാൽ അതെന്നെ കരുത്തനാക്കിയതു കൊണ്ടു തന്നെ അതനുഭവിക്കാൻ കഴിഞ്ഞതിൽ തൃപ്തിയുണ്ട്." ഒഡേഗാർഡ് പറഞ്ഞു.
അതേസമയം ആഴ്സണലിൽ വളരെ വ്യത്യസ്തമായൊരു ഡ്രസിങ് റൂം എക്സ്പീരിയൻസാണു തനിക്കു ലഭിച്ചതെന്നും ക്ലബിൽ താൻ വളരെ സന്തുഷ്ടനാണെന്നും ഒഡേഗാർഡ് പറഞ്ഞു. റയൽ മാഡ്രിഡ് നായകനായ റാമോസിനെപ്പറ്റി പ്രത്യേകം പരാമർശിച്ച താരം ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞുവെന്നും വ്യക്തമാക്കി.