Football in Malayalam

ബ്ലാസ്റ്റേഴ്സ് കൂടുതൽ ആക്രമണാത്മകമായ ടീമായി മാറും, നോർത്തീസ്റ്റിനെതിരെ ഗോൾ വഴങ്ങാത്തതിൽ സന്തോഷമെന്നും വുകോമനോവിച്ച്

By Gokul Manthara
FBL-EUR-C3-BEL-STANDARD
FBL-EUR-C3-BEL-STANDARD / NICOLAS LAMBERT/GettyImages
facebooktwitterreddit

ഐ എസ് എല്ലിൽ ഇന്നലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിൽ ഗോൾ രഹിത സമനില കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നെങ്കിലും മികച്ച പ്രകടനമായിരുന്നു കേരളാ ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. ആദ്യ മത്സരത്തിൽ എടികെ മോഹൻ ബഗാനോട് കനത്ത പരാജയം ഏറ്റുവാങ്ങിയ ടീം രണ്ടാം മത്സരത്തിൽ ശ്രദ്ധേയ പ്രകടനത്തോടെ ശക്തമായി തിരിച്ചു വന്നത് ആരാധകർക്ക് വളരെയധികം ആശ്വാസം നൽകുന്നുണ്ട്. നോർത്തീസ്റ്റിനെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പുറത്തെടുത്ത പ്രകടനത്തിൽ സംതൃപ്തി പ്രകടിപ്പിച്ച പരിശീലകൻ ഇവാൻ വുകോമനോവിച്ച് മത്സരത്തിൽ ഗോളുകളൊന്നും വഴങ്ങിയില്ല എന്നതിൽ തൻ സന്തുഷ്ടനാണെന്നും മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ചൂണ്ടിക്കാട്ടി.

നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിര മികച്ച പ്രകടനം കാഴ്ച വെച്ചെന്നാണ് വുകോമനോവിച്ചിന്റെ പക്ഷം. ഇതാദ്യമായാണ് ടീം രണ്ട് വിദേശ താരങ്ങളുമായി കളി ആരംഭിച്ചതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അത് ടീമിന് സ്ഥിരത സമ്മാനിച്ചുവെന്ന കാര്യവും എടുത്തു പറഞ്ഞു. താൻ ആക്രമണ ഫുട്ബോൾ ഇഷ്ടപ്പെടുന്ന പരിശീലകനാണെന്ന് സംസാരത്തിനിടെ വ്യക്തമാക്കിയ ഇവാൻ, ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് കൂടുതൽ ആക്രമണാത്മകമായി കളിക്കുമെന്ന് ആരാധകർക്ക് ഉറപ്പ് നൽകാനും മറന്നില്ല.

"ഞങ്ങൾ പ്രതിരോധപരമായ സെറ്റ് പീസുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഞങ്ങൾ അവിടെ ഒതുക്കമുള്ളവരും, മികച്ചവരുമായിരുന്നു. പ്രതിരോധനിരയുടെ പ്രകടനത്തിൽ ഞാൻ സന്തുഷ്ടനായിരുന്നു. ഈ മത്സരത്തിൽ ഞങ്ങളാകും ആധിപത്യം പുലർത്തുകയെന്ന കാര്യം ഞങ്ങൾക്കറിയാമായിരുന്നു‌. എന്നാൽ കണക്കുകളെക്കുറിച്ച് സംസാരിച്ചാൽ ഡിഫൻസീവ് സെറ്റ് പീസുകളിൽ നിന്ന് ധാരാളം ഗോളുകൾ കഴിഞ്ഞ സീസണിൽ സംഭവിച്ചിരുന്നു. എന്നാൽ ഇന്ന് രാത്രി ഒരു ഗോൾ പോലും വഴങ്ങാത്തതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്."

"ഇത് ആദ്യമായിട്ടായിരുന്നു ഞങ്ങൾ രണ്ട് വിദേശ പ്രതിരോധ താരങ്ങളുമായി കളി ആരംഭിച്ചത്. ഇത് ടീമിന് സ്ഥിരത കൊണ്ടു വരുന്നു എന്നതിൽ എനിക്ക് സന്തോഷമുണ്ട്. പ്രതിരോധത്തിന്റെ സ്ഥിരത വർധിക്കുകയും, ആക്രമണകാരിയായ എതിർ താരങ്ങൾക്ക് പലതും അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് നിങ്ങൾക്ക് ഒരു പോയിന്റ് കൊണ്ടു വരും. ഞങ്ങൾക്ക് അവസരങ്ങളുണ്ടായിരുന്നു (ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഗോളുകളടിക്കാൻ)."

"ഞാൻ ആക്രമണ ഫുട്ബോൾ ഇഷ്ടപ്പെടുന്ന പരിശീലകനാണെന്നത്, എല്ലാ ആരാധകരോടും, കേരളാ ബ്ലാസ്റ്റേഴ്സിനെ സ്നേഹിക്കുന്ന എല്ലാവരോടും പറയാൻ ആഗ്രഹിക്കുന്നു. ആക്രമണാത്മകമായ സാഹചര്യങ്ങൾ സൃഷ്ടിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. താരങ്ങൾ ആ സാഹചര്യങ്ങളിൽ പ്രവേശിച്ച് ആ ഗോളുകൾ നേടാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ന് രാത്രി അവസരങ്ങൾ തുലച്ച കളികാർക്ക് പോലും മികച്ച നിലവാരമുണ്ട്. അവർ കൂടുതൽ സ്കോർ ചെയ്യുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. സഹലോ മറ്റേത് താരമോ ആയിക്കോട്ടെ, അവർ സ്കോർ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു‌. അതാണ് ഞങ്ങളുടെ ലക്ഷ്യം. കാരണം ഈ കുട്ടികൾ, അവർ മെച്ചപ്പെടുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു‌. അവർ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഒരു പ്രധാന ഭാഗമാണ്." വുകോമനോവിച്ച് പറഞ്ഞു നിർത്തി.

facebooktwitterreddit