Football in Malayalam

ഹാൻസി ഫ്ലിക്ക് ബയേൺ മ്യൂണിക്കിന്റെ പരിശീലക സ്ഥാനം ഒഴിയുന്നു ; അടുത്ത ദൗത്യം ജെർമ്മൻ ദേശീയ ടീമിനൊപ്പമെന്ന് സൂചന

Gokul Manthara
VfL Wolfsburg v FC Bayern Muenchen - Bundesliga
VfL Wolfsburg v FC Bayern Muenchen - Bundesliga / Martin Rose/Getty Images
facebooktwitterreddit

ബയേൺ മ്യൂണിക്കിന്റെ മുഖ്യ പരിശീലകനായ ഹാൻസി ഫ്ലിക്ക് 2020-21 സീസണ് ശേഷം ക്ലബ്ബ് വിടും. ഇന്നലെ വൈകിട്ട് വോൾഫ്സ്ബർഗിനെതിരെ നടന്ന മത്സരത്തിൽ ബയേണിനെ വിജയത്തിലേക്ക് നയിച്ചതിന് ശേഷം സ്കൈ‌ ടിവിയോട് സംസാരിക്കവെയാണ് ഈ സീസണോടെ താൻ ബയേൺ വിടാനൊരുങ്ങുകയാണെന്ന് ഫ്ലിക്ക് വ്യക്തമാക്കിയത്.

താൻ ഈ‌ സീസണോടെ ബയേൺ വിടുകയാണെന്ന കാര്യം ക്ലബ്ബിലെ ഉന്നതരോട് നേരത്തെ അറിയിച്ചിരുന്നതായി പറഞ്ഞ ഫ്ലിക്ക്, ശനിയാഴ്ചത്തെ മത്സരത്തിന് ശേഷം ടീമിലെ കളികാരോടും ഇക്കാര്യം പറഞ്ഞതായി വ്യക്തമാക്കി. എന്നാൽ ക്ലബ്ബ് ഇതു വരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

ബയേൺ മ്യൂണിക്കിന് വലിയ നേട്ടങ്ങൾ സമ്മാനിച്ച ഫ്ലിക്ക് ഇപ്പോൾ ക്ലബ്ബ് വിടാനൊരുങ്ങുന്നതിന്റെ വ്യക്തമായ കാരണങ്ങൾ പുറത്ത് വന്നിട്ടില്ലെങ്കിലും, ക്ലബ്ബിന്റെ ബോർഡിലെ ചിലരുമായി അദ്ദേഹത്തിനുള്ള അഭിപ്രായ വ്യത്യാസം ഇതിന് കാരണങ്ങളിലൊന്നാണെന്ന് കരുതപ്പെടുന്നു. ബയേൺ മ്യൂണിക്ക്, വിടുന്ന ഫ്ലിക്ക് വരുന്ന യൂറോ കപ്പിന് ശേഷം ജെർമ്മൻ ദേശീയ ടീമിന്റെ പരിശീലകനാകുമെന്നാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ‌. എന്നാൽ ഈ റിപ്പോർട്ടിനോട് പ്രതികരിക്കാൻ ഇന്നലെ ഫ്ലിക്ക് തയ്യാറായില്ല.

2019 ൽ ബയേൺ മ്യൂണിക്കിന്റെ പരിശീലകനായി ചുമതലയേറ്റ ഫ്ലിക്ക് കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ 6 കിരീടങ്ങളാണ് ക്ലബ്ബിന് നേടിക്കൊടുത്തത്. എന്നാൽ ഇക്കുറിയാവട്ടെ ബുണ്ടസ് ലീഗയിൽ മാത്രമാണ് അവർക്ക് കിരീട പ്രതീക്ഷകളുള്ളത്. നിലവിൽ 29 മത്സരങ്ങളിൽ 68 പോയിന്റുമായി ബുണ്ടസ് ലീഗയിൽ ഒന്നാം സ്ഥാനത്താണ് ബയേൺ. ഹാൻസി ഫ്ലിക്ക് ക്ലബ്ബ് വിടുമെന്നുറപ്പായതോടെ അടുത്ത സീസണിൽ പുതിയ പരിശീലകനെ കണ്ടെത്താൻ നിർബന്ധിതരായ ബയേണിന്, ആർ ബി ലെപ്സിഗിന്റെ പരിശീലകനായ ജൂലിയൻ നേഗിൾസ്മാനിൽ കണ്ണുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത പുറത്ത് വരുമെന്നാണ് കരുതപ്പെടുന്നത്.

facebooktwitterreddit