ജർമൻ ടീമിൽ മുള്ളർക്കും ഹമ്മൽസിനും സംഭവിച്ചത് തനിക്കു കീഴിലുണ്ടാവില്ലെന്ന് ഹാൻസി ഫ്ലിക്ക്


ജർമൻ ദേശീയ ടീമിൽ നിന്നും തോമസ് മുള്ളറിനെയും ഹാൻസി ഫ്ലിക്കിനെയും ഒഴിവാക്കിയതു പോലൊരു സംഭവം തനിക്കു കീഴിൽ ഉണ്ടാകില്ലെന്ന് പരിശീലകനായ ഹാൻസി ഫ്ലിക്ക്. 2019ൽ മുൻ പരിശീലകനായ ജോക്കിം ലോ യുവതാരങ്ങൾക്ക് അവസരം നൽകി ജർമനിയുടെ പുതിയൊരു തലമുറയെ സൃഷ്ടിക്കുന്നതിനു വേണ്ടി മുള്ളർ, ഹമ്മൽസ് എന്നിങ്ങനെ പ്രായമേറിയ താരങ്ങളെ ദേശീയ ടീമിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു.
എന്നാൽ ജോക്കിം ലോയുടെ പദ്ധതികൾക്കു തിരിച്ചടികൾ നേരിട്ടതിനെ തുടർന്ന് കഴിഞ്ഞ സീസണിൽ ബയേൺ മ്യൂണിക്കിനും ബൊറൂസിയ ഡോർട്മുണ്ടിനുമായി മികച്ച പ്രകടനം നടത്തിയ ഈ രണ്ടു താരങ്ങളെയും യൂറോ കപ്പിനുള്ള ടീമിലേക്ക് തിരിച്ചു വിളിക്കേണ്ടി വന്നു. ഇതേക്കുറിച്ച് സംസാരിക്കുമ്പോൾ തന്റെ ടീമിൽ നിന്നും പ്രായത്തിന്റെ പേരിൽ ഒരു താരവും ഒഴിവാക്കപ്പെടില്ലെന്ന് ഫ്ലിക്ക് വ്യക്തമാക്കി.
Hansi Flick's first interview as German national coach was good news for the likes of Mats Hummels and Thomas Muller ? pic.twitter.com/qhvDWNrp7p
— Goal (@goal) August 1, 2021
ഹമ്മൽസ്, മുള്ളർ എന്നിവരെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ജർമൻ ടീമിലേക്ക് പരിഗണിക്കുമോയെന്ന ചോദ്യത്തതിന് ജർമൻ ഫുട്ബോൾ ഫെഡറേഷന്റെ വെബ്സൈറ്റിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം. "പ്രായത്തിന്റെ പേരിൽ ഒരു താരത്തെയും ഞാൻ ദേശീയ ടീമിൽ നിന്നും ഒഴിവാക്കില്ല. കളിക്കാർ മികവു പുലർത്തുകയും ദേശീയ ടീമിനോട് ആഗ്രഹം ഉണ്ടാവുകയും ചെയ്യുകയാണ് പ്രധാന കാര്യം."
"രാജ്യത്തിലെ ഏറ്റവും മികച്ച താരങ്ങൾക്കൊപ്പമാണ് ഞങ്ങൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. അവർ ഏറ്റവും മികച്ചവരാണെന്ന് കാണിച്ചു തരികയും വേണം. ഓരോ താരവും അവരുടെ ഏറ്റവും മികച്ച പ്രകടനം നടത്തി എല്ലാം നൽകണം. ആക്രമണം കൊണ്ട് ആരാധകരെ വിസ്മയിപ്പിക്കാൻ ഇനിയും ഒരുപാട് ചെയ്യാനുണ്ട്." ഫ്ലിക്ക് ജർമനിയുടെ ശൈലിയെക്കുറിച്ച് വ്യക്തമാക്കി.
സ്ഥാനമേറ്റെടുത്ത ആദ്യത്തെ സീസണിൽ തന്നെ ബയേൺ മ്യൂണിക്കിന് സാധ്യമായ എല്ലാ കിരീടങ്ങളും നേടിക്കൊടുത്ത ഹാൻസി ഫ്ലിക്ക് പരിശീലകനായതോടെ യൂറോ കപ്പിലേറ്റ തിരിച്ചടികളിൽ നിന്നും കൂടുതൽ കരുത്തരായാവും ലോകകപ്പിൽ ജർമനിയെത്തുക. യോഗ്യത മത്സരങ്ങളിൽ വിജയിച്ച് ഗ്രൂപ്പിൽ ഒന്നാം സ്ഥാനമാണ് ലക്ഷ്യമെന്നും ഫ്ലിക്ക് വ്യക്തമാക്കി.