Football in Malayalam

കോപ്പ അമേരിക്ക കളിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ പുറത്തേക്ക് പോകാം; ടിറ്റെക്ക് മുന്നറിയിപ്പുമായി ബ്രസീൽ ഉപരാഷ്ട്രപതി

Gokul Manthara
Brazil v Bolivia - South American Qualifiers for Qatar 2022
Brazil v Bolivia - South American Qualifiers for Qatar 2022 / Buda Mendes/Getty Images
facebooktwitterreddit

കോപ്പ അമേരിക്ക ടൂർണമെന്റിന്റെ കിക്കോഫിലേക്ക് വളരെ കുറച്ച് ദിവസങ്ങൾ കൂടിയേ ബാക്കിയുള്ളെങ്കിലും ടൂർണമെന്റുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. ബ്രസീലിൽ വെച്ചു കോപ്പ അമേരിക്ക ടൂർണമെന്റ് നടത്തുന്നതിനെതിരെയാണ് ബ്രസീൽ താരങ്ങളെന്നും, അവർക്ക് പി‌ന്തുണ നൽകുന്ന നിലപാടാണ് പരിശീലകൻ ടിറ്റെ കൈക്കൊണ്ടെന്നും റിപോർട്ടുകളുണ്ട്. കോപ്പയിൽ നിന്ന് വിട്ടു നിൽക്കാനുള്ള ബ്രസീലിയൻ താരങ്ങളുടെ നീക്കങ്ങളെ അനുകൂലിച്ച ടിറ്റെയെ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള നീക്കങ്ങൾ ബ്രസീലിൽ നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അതിനിടെ ഇപ്പോളിതാ ടിറ്റെക്കെതിരെ ആഞ്ഞടിച്ച് ബ്രസീലിയൻ ഉപരാഷ്ട്രപതിയായ ഹാമിൽട്ടൺ മൗറാവോയും രംഗത്തെത്തിയിരിക്കുന്നു.

കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ ബ്രസീൽ കോപ്പ അമേരിക്കയുടെ ആതിഥേയരാവുന്നതിനെ പിന്തുണച്ച് സംസാരിച്ച മൗറാവോ, ഇതിനൊപ്പമായിരുന്നു പേരെടുത്ത് പറയാതെ ബ്രസീൽ പരിശീലകൻ ടിറ്റെയെ വിമർശിച്ചത്‌. കോപ്പ അമേരിക്കയിൽ കളിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അദ്ദേഹത്തിന് (ടിറ്റെക്ക്) ബ്രസീൽ ടീമിൽ നിന്ന് പുറത്തേക്ക് പോകാമെന്ന് ചൂണ്ടിക്കാട്ടിയ മൗറാവോ, സമീപകാലത്ത് ബ്രസീലിയൻ ഒന്നാം ഡിവിഷനിലെത്തിയ കുയിബ ടീമിന് ഒരു പരിശീലകനെ ആവശ്യമാണെന്നും പരിഹാസരൂപേണ ചൂണ്ടിക്കാട്ടി.

അതേ സമയം, കോപ്പ അമേരിക്ക സ്വന്തം രാജ്യത്തു വെച്ചു നടത്തുന്നതിന് ബ്രസീലിയൻ ടീമിലെ എല്ലാ താരങ്ങളും എതിരാണെന്ന സൂചന ടീമിന്റെ നായകനായ കസമീറോ നൽകിയിരുന്നു. ഇക്വഡോറിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇതുമായി ബന്ധപ്പെട്ട സൂചനകൾ നൽകിയത്. തങ്ങളുടെ നിലപാട് വളരെ വ്യക്തമാണെന്ന് പറഞ്ഞ കസമീറോ, ബ്രസീൽ പരിശീലകൻ ടിറ്റെ ഉൾപ്പെടെ എല്ലാവരും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണെന്നും വ്യക്തമാക്കിയിരുന്നു. പരാഗ്വായ്ക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിന് ശേഷം ബ്രസീൽ താരങ്ങൾ തങ്ങളുടെ നിലപാട് പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.

അതേ സമയം, ടിറ്റെയെ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിവാക്കുമെന്നും പകരം ബ്രസീലിയൻ സർക്കാരിന്റെ പിന്തുണക്കാരനായ റെനാറ്റോ ഗൗച്ചയെ പുതിയ പരിശീലകനായി അവർ നിയമിക്കുമെന്നുമുള്ള റിപ്പോർട്ടുകളും ബ്രസീലിൽ നിന്ന് വരുന്നുണ്ട്. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ അന്തിമ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കാമെന്നാണ് കരുതപ്പെടുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit