നിലവിലുള്ള മൂന്നു പരിശീലകർ ഗ്വാർഡിയോളയെക്കാൾ വിജയമുണ്ടാക്കിയവരാണെന്ന് മുൻ മാഞ്ചസ്റ്റർ സിറ്റി താരം ഹമൻ


മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോളക്കു ലഭിക്കുന്ന അമിതമായ പ്രചാരണം തനിക്കു മനസിലാകുന്നില്ലെന്ന് ലിവർപൂളിന്റെയും മാഞ്ചസ്റ്റർ സിറ്റിയുടെയും മുൻ താരമായ ഡെയ്റ്റ്മർ ഹമൻ. മുൻ ജർമൻ താരമായ ഹമന്റെ അഭിപ്രായത്തിൽ യർഗൻ ക്ലോപ്പ്, ഹോസെ മൗറീന്യോ, കാർലോ ആൻസലോട്ടി എന്നിവർ ഗ്വാർഡിയോളയെക്കാൾ വിജയം സ്വന്തമാക്കിയ പരിശീലകരാണ്.
ബാഴ്സലോണയിലൂടെ സീനിയർ കോച്ചിങ് കരിയറിനു തുടക്കം കുറിച്ച ഗ്വാർഡിയോള സ്പെയിൻ, ജർമനി എന്നിവിടങ്ങളിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയതിനു ശേഷം ഇംഗ്ലണ്ടിലും അതാവർത്തിക്കുകയാണ്. ഈ മൂന്നു ലീഗുകളിലും ആഭ്യന്തര കിരീടങ്ങളിൽ ആധിപത്യം സ്ഥാപിച്ചെങ്കിലും ജർമനിയിലും ഇംഗ്ലണ്ടിലും പരിശീലകനായി നിന്ന് ചാമ്പ്യൻസ് ലീഗ് നേടാൻ മാത്രമേ ഗ്വാർഡിയോളക്കു കഴിയാത്തതായിട്ടുള്ളൂ.
Dietmar Hamann claims there are three 'more successful' managers than Pep Guardiola - https://t.co/CTgP8LD2ET pic.twitter.com/byU8zYmO3q
— Squawka News (@SquawkaNews) April 10, 2022
"നിലവിലുള്ളതിൽ ഏറ്റവും വിജയം നേടിയ പരിശീലകരായി മൂന്നു പേരെയാണ് ഞാൻ കരുതുന്നത്. എന്നാൽ അവർക്കൊന്നും ഗ്വാർഡിയോളക്കു ലഭിക്കുന്ന തലത്തിലുള്ള പ്രചാരം നേടാനും കഴിഞ്ഞിട്ടില്ല. മൗറീന്യോ നാല് ലീഗുകളിൽ ലീഗ് കിരീടങ്ങൾ നേടുകയും രണ്ടു ക്ലബുകൾക്കൊപ്പം ചാമ്പ്യൻസ് ലീഗ് നേടുകയും ചെയ്തിട്ടുണ്ട്. കാർലോ ആൻസലോട്ടിയുടെ റെക്കോർഡും ആർക്കും പുറകിലല്ല, റയൽ മാഡ്രിഡ് ലാ ലിഗ വിജയിച്ചാൽ അതു കൂടുതൽ മികച്ചതാവുകയേ ഉള്ളൂ."
"മൂന്നാമത്തെ മാനേജർ? അതെനിക്ക് യർഗൻ ക്ലോപ്പാണ്. ബഡ്ജറ്റിനുള്ളിൽ നിന്ന് അദ്ദേഹം ലിവർപൂളിനൊപ്പമുണ്ടാക്കിയ നേട്ടങ്ങൾ മികച്ചതാണ്. അസാധാരണനായ പരിശീലകനാണ് അദ്ദേഹം. കളിക്കാരെ ഒരുമിച്ചു ചേർക്കുന്നതിൽ അദ്ദേഹത്തിനുള്ള കഴിവ് അതെ രീതിയിൽ ഗ്വാർഡിയോളക്കുണ്ടെന്നു കരുതാൻ കഴിയില്ല." ഡെയിലി മെയിലിനോട് സംസാരിക്കുമ്പോൾ ഹമൻ പറഞ്ഞു.
താരങ്ങളെ റിക്രൂട്ട് ചെയ്യുന്നതിൽ രണ്ടു പരിശീലകർക്കുമുള്ള വ്യത്യാസം ലൂയിസ് ഡയസ്, ജാക്ക് ഗ്രീലിഷ് എന്നിവരെ ഉദാഹരണമാക്കി അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ജാക്ക് ഗ്രീലിഷ് ക്ലബ്ബിലെത്തി ഏറ്റവും മികച്ച പ്രകടനം നടത്താൻ കഴിയാതെ പതറുമ്പോൾ ലൂയിസ് ഡയസ് വളരെ പെട്ടന്നു തന്നെ ടീമിനോട് ഇണങ്ങിച്ചേർന്നത് താരങ്ങളെ റിക്രൂട്ട് ചെയ്യുന്നതിൽ ക്ലോപ്പിനു കൂടുതൽ കഴിവുണ്ടെന്നു വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.