ഹക്കിമിയുടെ ആഗ്രഹം റയൽ മാഡ്രിഡിലേക്ക് തിരിച്ചു പോകാൻ, പിഎസ്‌ജി താരം ലോകോത്തര നിലവാരമുള്ള കളിക്കാരനെന്ന് കൊണ്ടേ

Sreejith N
Paris Saint-Germain v Clermont Foot 63 - Ligue 1
Paris Saint-Germain v Clermont Foot 63 - Ligue 1 / John Berry/Getty Images
facebooktwitterreddit

പിഎസ്‌ജി ഫുൾ ബാക്കായ അഷ്‌റഫ് ഹക്കിമിയുടെ ആഗ്രഹം റയലിനു വേണ്ടി വീണ്ടും കളിക്കുകയെന്നാണെന്ന് താരത്തിന്റെ മുൻ പരിശീലകനായ അന്റോണിയോ കൊണ്ടേ. കൊണ്ടേക്കു കീഴിൽ ഇന്റർ മിലാനിൽ കളിച്ച് സീരി എ കിരീടം സ്വന്തമാക്കിയ മൊറോക്കൻ താരം കഴിഞ്ഞ ട്രാൻസ്‌ഫർ ജാലകത്തിലാണ് പിഎസ്‌ജിയിലേക്ക് ചേക്കേറിയത്. ഹക്കിമിക്ക് ലോകോത്തര നിലവാരമുണ്ടെന്നും കൊണ്ടേ അഭിപ്രായപ്പെട്ടു.

റയൽ മാഡ്രിഡ് താരമായിരുന്ന ഹക്കിമിക്ക് പക്ഷെ സിനദിൻ സിദാൻ പരിശീലകൻ ആയിരുന്നപ്പോൾ അവസരങ്ങൾ വളരെ കുറവായിരുന്നു. ഇതേതുടർന്ന് ബൊറൂസിയ ഡോർട്മുണ്ടിൽ ലോണിൽ കളിച്ച താരം മികച്ച പ്രകടനം നടത്തിയെങ്കിലും അതിനു ശേഷവും ടീമിൽ നിലനിർത്താതെ ഇന്ററിനു വിൽക്കുകയാണ് റയൽ മാഡ്രിഡ് ചെയ്‌തത്‌. ഇന്ററിനൊപ്പവും താരം മികവു തുടർന്നതോടെയാണ് ഈ സീസണിനു മുന്നോടിയായി താരത്തെ പിഎസ്‌ജി 60 മില്യൺ യൂറോക്ക് സ്വന്തമാക്കി.

"റയൽ മാഡ്രിഡിന്റെ ഒരു പ്രധാന താരമായി അവിടെ കളിക്കുന്നതാണ് ഹക്കിമിയുടെ സ്വപ്‌നം" സ്കൈ സ്പോർട്സ് ഇറ്റാലിയയോട് സംസാരിക്കുമ്പോൾ വർഷങ്ങൾക്കു ശേഷം ഇന്റർ മിലാന് സീരി എ കിരീടം സ്വന്തമാക്കി നൽകാൻ സഹായിച്ച കൊണ്ടേ പറഞ്ഞു. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സെൽഫ് ഗോൾ നേടിയത് താരത്തെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

"കഴിഞ്ഞ വർഷത്തിലെ മത്സരത്തിൽ മാനസികമായി ഹക്കിമി ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ആ രണ്ടു മത്സരങ്ങളും ഞാൻ നന്നായി ഓർക്കുന്നുണ്ട്. അവിടെ നിന്നും താരം വളരെയധികം അധ്വാനിച്ചിട്ടുണ്ട്. മെച്ചപ്പെടാൻ വളരെയധികം ആഗ്രഹിക്കുന്ന ഒരു യുവതാരത്തെയാണ് ഞാൻ അവിടെ കണ്ടത്."

"ആക്രമണത്തിൽ നൽകുന്ന സംഭാവനകൾ മാത്രം മതിയാവില്ലെന്ന് താരം മനസിലാക്കി. നിലവിൽ താരം ലോകത്തിലെ തന്നെ മികച്ചവരിൽ ഒരാളാണ്. ഫൈനൽ ബോളിൽ കൂടി ഹക്കിമി കൂടുതൽ മെച്ചപ്പെട്ടാൽ ലോകോത്തര നിലവാരമുള്ള താരമായി ഹക്കിമി മാറും." കൊണ്ടേ വ്യക്തമാക്കി.

facebooktwitterreddit