മെസിയെയും നെയ്മറെയും മറികടന്ന് പിഎസ്ജിയുടെ ഫ്രീകിക്കുകളെടുക്കുമോ? ഹക്കിമിയുടെ മറുപടിയിങ്ങനെ


കാമറൂണിൽ നടന്നു കൊണ്ടിരിക്കുന്ന ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ മൊറോക്കോയുടെ കുതിപ്പിനു പിന്നിലെ ചാലകശക്തിയായി മാറുകയാണ് പിഎസ്ജി താരമായ അഷ്റഫ് ഹക്കിമി. കഴിഞ്ഞ ദിവസം മലാവിക്കെതിരെ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ ഫ്രീ കിക്കിലൂടെ മൊറോക്കോയുടെ വിജയഗോൾ നേടിയത് താരമായിരുന്നു. ടൂർണമെന്റിൽ ഹക്കിമിയുടെ രണ്ടാമത്തെ ഫ്രീ കിക്ക് ഗോൾ കൂടിയായിരുന്നുവത്.
മലാവിക്കെതിരെ ഹക്കിമി നേടിയത് ടൂർണമെൻറിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നെന്നു വിശേഷിപ്പിക്കാൻ കഴിയുന്നതായിരുന്നു. ടൂർണമെന്റിൽ രണ്ടാം ഫ്രീകിക്ക് ഗോൾ കുറിച്ചതോടെ മെസിയെയും നെയ്മറെയും മറികടന്ന് പിഎസ്ജിയുടെ ഫ്രീ കിക്കുകൾ എടുക്കാൻ താരം മുന്നോട്ടു വരുമോയെന്ന ചോദ്യങ്ങൾ ഉയർന്നതിനോട് താരം കഴിഞ്ഞ ദിവസം പ്രതികരിക്കുകയും ചെയ്തു.
Achraf Hakimi was asked whether he would take over free-kick duty at PSG after his AFCON stunner.
— B/R Football (@brfootball) January 26, 2022
Good luck ? pic.twitter.com/l0yJkzPwS6
"പിഎസ്ജിക്കു വേണ്ടി ഫ്രീ കിക്കുകൾ ഷൂട്ട് ചെയ്യാനോ? അതു ബുദ്ധിമുട്ടാണ്. ഞാൻ ലയണൽ മെസിയോടും നെയ്മറോടും കൂടി ചോദിക്കാം." കനാൽ പ്ലസ് സ്പോർട് ആഫിക്കയോട് സംസാരിക്കെ ഇരുപത്തിമൂന്നുകാരനായ താരം പറഞ്ഞു.
"പാരിസിൽ ഫ്രീ കിക്കെടുക്കാൻ കഴിയുന്ന നിരവധി താരങ്ങൾ ഞങ്ങൾക്കുണ്ട്. മെസി, നെയ്മർ, റാമോസ്, എംബാപ്പെ തുടങ്ങിയ താരങ്ങൾ. എനിക്ക് ശ്രമിക്കാം, പക്ഷെ അതു ബുദ്ധിമുട്ടാണ്. ടീമിൽ നിരവധി പ്രതിഭകളുണ്ട്. ഇവിടെ എന്റെ ജോലി ടീമിനെ സഹായിക്കുകയെന്നതാണ്." ഹക്കിമി പറഞ്ഞു.
ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് പ്രീ ക്വാർട്ടർ മത്സരത്തിൽ വിജയിച്ച മൊറോക്കോയെ ക്വാർട്ടറിൽ കാത്തിരിക്കുന്നത് വലിയൊരു പരീക്ഷയാണ്. മൊഹമ്മദ് സലായുടെ നേതൃത്വത്തിൽ ഇറങ്ങുന്ന ഈജിപ്താണ് അവരുടെ എതിരാളികൾ. ക്വാർട്ടർ ഫൈനലിലെ ഏറ്റവും വലിയ പോരാട്ടവും ഇത് തന്നെയാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.