Football in Malayalam

മൊറോക്കോ ടീമിലെ ഏറ്റവും മികച്ച താരമായിട്ടും ആഫ്രിക്കൻ നേഷൻസ് കപ്പിനുള്ള സ്‌ക്വാഡിൽ സിയച്ചില്ല, ചെൽസിക്ക് ആശ്വാസം

Sreejith N
Wolverhampton Wanderers v Chelsea - Premier League
Wolverhampton Wanderers v Chelsea - Premier League / Chris Brunskill/Fantasista/GettyImages
facebooktwitterreddit

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിനുള്ള മൊറോക്കൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ സൂപ്പർതാരമായ ഹക്കിം സിയച്ച് പുറത്ത്. പരിശീലകനു താൽപര്യമില്ലാത്തതിനെ തുടർന്നാണ് മൊറോക്കൻ ടീമിലെ തന്നെ ഏറ്റവും പ്രതിഭയുള്ള താരങ്ങളിൽ ഒരാളായ ഹക്കിം സിയച്ച് ദേശീയ ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടത്. അതേസമയം ചെൽസിയെ സംബന്ധിച്ച് ആശ്വാസവാർത്തയാണിത്.

ഇതാദ്യമായിട്ടല്ല മൊറോക്കോ ദേശീയ ടീമിൽ നിന്നും സിയച്ച് പുറത്താക്കപ്പെടുന്നത്. 2021ൽ മൊറോക്ക കളിച്ച ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഒന്നിൽ പോലും സിയച്ചിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ജൂലൈക്ക് ശേഷം രാജ്യത്തെ ഒരു മത്സരത്തിലും താരം പ്രതിനിധീകരിച്ചിട്ടുമില്ല.

മുൻ അയാക്‌സ് താരത്തിൽ മൊറോക്കൻ പരിശീലകനായ വാഹിദ് ഹാലിൽഹോസിച്ചിനു താത്പര്യമില്ലാത്തതു കൊണ്ടാണ് ദേശീയ ടീമിൽ നിന്നും താരം നിരന്തരം ഒഴിവാക്കപ്പെടുന്നത്. അതേസമയം ഫുട്ബോൾ സംബന്ധമായതോ, ടീമിന്റെ ശൈലിയുമായി ബന്ധപ്പെട്ടതോ ആയ കാരണങ്ങൾ കൊണ്ടല്ല സിയച്ച് ദേശീയ ടീമിൽ നിന്നും തഴയപ്പെടുന്നതെന്നു വ്യക്തമാണ്.

താരം ദേശീയ ടീമിൽ നിന്നും തഴയപ്പെട്ടത് മനസിലാക്കാൻ വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണെങ്കിലും ചെൽസിയെ സംബന്ധിച്ച് അതൊരു ആശ്വാസകരമായ വാർത്തയാണ്. നിലവിൽ മോശം ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന ചെൽസിക്ക് ഒരു മാസത്തോളം സിയച്ചിന്റെ സേവനം ലഭ്യമാകില്ലെന്ന ഭീഷണിയാണ് ഇതോടെ ഒഴിവാക്കപ്പെട്ടത്.

സിയച്ച് ഒഴിവാക്കപ്പെട്ടപ്പോൾ പിഎസ്‌ജി വിങ്ബാക്കായ അഷ്‌റഫ് ഹക്കിമി ടീമിൽ ഇടം നേടിയിട്ടുണ്ട്. ഹക്കിമിക്കു പുറമെ ബാഴ്‌സ താരമായ അബ്ദെസമ്മദ് എസ്സൽസൂലി, സെവിയ്യ താരങ്ങളായ മുനീർ എൽ ഹദ്ദാദി, യൂസഫ് എൽ നെസിരി എന്നിവരാണ് ടീമിലുൾപ്പെട്ട പ്രധാന താരങ്ങൾ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit