Football in Malayalam

'ഒന്നും സംഭവിക്കില്ലെന്നു തീർത്തു പറയാൻ നമുക്കാവില്ല' - ഹാലൻഡ് ബയേണിലെത്താൻ സാധ്യതയുണ്ടെന്ന് ഫ്ലിക്ക്

Sreejith N
FBL-GER-BUNDESLIGA-BAYERN MUNICH-DORTMUND
FBL-GER-BUNDESLIGA-BAYERN MUNICH-DORTMUND / ANDREAS GEBERT/Getty Images
facebooktwitterreddit

രണ്ടു വർഷത്തിനിടെ ഫുട്ബോൾ ലോകത്ത് ഏറ്റവുമധികം ഉയർച്ച നേടുകയും വളരെയധികം സംസാരവിഷയമാവുകയും ചെയ്‌ത താരമാണ് എർലിങ് ബ്രൂട് ഹാലൻഡ്. ഗോളടിച്ചു കൂട്ടുന്നതിൽ അസാമാന്യമായ പാടവം കാണിക്കുന്ന നോർവേ താരത്തിനായി നിരവധി ക്ലബുകൾ ശ്രമം നടത്താനും ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഹാലൻഡിനെ മോഹിക്കുന്ന എല്ലാ ക്ലബുകൾക്കും തിരിച്ചടി നൽകുന്ന വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസം ബയേൺ പരിശീലകൻ ഹാൻസി ഫ്ലിക്ക് നടത്തിയത്.

ലെവൻഡോവ്‌സ്‌കിയുടെ പിൻഗാമിയായി എർലിങ് ബ്രൂട് ഹാലൻഡ് ബയേണിലെത്താനുള്ള സാധ്യതയുണ്ടെന്നാണ് കഴിഞ്ഞ ദിവസം നടന്ന ജർമൻ ലീഗ് മത്സരത്തിൽ ബൊറൂസിയ ഡോർട്മുണ്ടിനെ നേരിടുന്നതിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഫ്ലിക്ക് പറഞ്ഞത്. മത്സരത്തിൽ രണ്ടു ഗോളുകൾ വഴങ്ങിയതിനു ശേഷം നാല് ഗോളുകൾ തിരിച്ചടിച്ച് ബയേൺ വിജയം സ്വന്തമാക്കിയിരുന്നു.

ഹാലൻഡിനെ ബയേൺ സ്വന്തമാക്കാനുള്ള സാധ്യതയെക്കുറിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഫ്ലിക്ക് നൽകിയ മറുപടി ഇങ്ങിനെയായിരുന്നു: "വളരെ വളരെ സാധ്യതയുള്ള കാര്യമാണത്. ഒന്നും സംഭവിക്കില്ലെന്നു തീർത്തു പറയാൻ നമുക്കാവില്ല. എന്നാൽ താരം നിരവധി വമ്പൻ ക്ലബുകളുടെ ലക്ഷ്യമാണെന്നതു കൊണ്ടും ഡോർട്മുണ്ടുമായി ദീർഘകാലത്തേക്ക് കരാർ ഉള്ളതിനാലും അതിന് ഒരുപാട് ദൂരം മുന്നോട്ടു പോകാനുണ്ട്."

ഇന്നലെ നടന്ന മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയ ഹാലൻഡ് ഈ സീസണിൽ ഇരുപത്തിയെട്ടു മത്സരങ്ങളിൽ നിന്നും 29 ഗോളുകൾ നേടിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം 2022 മുതൽ താരത്തിന് 67 മില്യൺ പൗണ്ടിന്റെ റിലീസ് ക്ളോസ് നിലവിൽ വരും. എന്നാൽ ഈ സമ്മറിൽ തന്നെ അതിലും ഉയർന്ന തുക നൽകി ഹാലൻഡിനെ സ്വന്തമാക്കാൻ യൂറോപ്പിലെ മുൻനിര ക്ലബുകളെല്ലാം ശ്രമം നടത്തുകയാണ്.

facebooktwitterreddit