Football in Malayalam

എർലിങ് ഹാലൻഡ് തീർച്ചയായും പ്രീമിയർ ലീഗിലേക്ക് ചേക്കേറുമെന്ന് ആഴ്‌സെൻ വെങ്ങർ

Sreejith N
Borussia Dortmund v TSG Hoffenheim - Bundesliga
Borussia Dortmund v TSG Hoffenheim - Bundesliga / Lukas Schulze/Getty Images
facebooktwitterreddit

ബൊറൂസിയ ഡോർട്മുണ്ട് താരമായ എർലിങ് ബ്രൂട് ഹാലൻഡ്‌ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തീർച്ചയായും ചേക്കേറുമെന്ന് മുൻ ആഴ്‌സണൽ പരിശീലകനായ ആഴ്‌സെൻ വെങ്ങർ. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ പ്രീമിയർ ലീഗിനെ തഴയാൻ യൂറോപ്പിൽ ഗോളടിവേട്ട കൊണ്ടുതരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന നോർവീജിയൻ താരത്തിനു കഴിയില്ലെന്നാണ് വെങ്ങർ അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ ഏതാനും സീസണുകളായി തന്റെ ഗോളടിമികവു കൊണ്ട് ഫുട്ബാൾ ആരാധകരുടെയും ക്ലബുകളുടെയും ശ്രദ്ധ കവർന്നു കൊണ്ടിരിക്കുന്ന ഹാലൻഡിനു വേണ്ടി ഈ സമ്മറിൽ തന്നെ നിരവധി ക്ലബുകൾ രംഗത്തു വന്നിട്ടുണ്ടായിരുന്നു എങ്കിലും താരത്തെ വിട്ടുകൊടുക്കാൻ ബൊറൂസിയ ഡോർട്മുണ്ട് തയ്യാറായിട്ടില്ല. അതേസമയം അടുത്ത സമ്മറിൽ ഹാലൻഡ്‌ ജർമൻ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.

"ഹാലൻഡ് പ്രീമിയർ ലീഗിലെത്തുമെന്നാണ് ഞാൻ കരുതുന്നത്. പ്രീമിയർ ലീഗിന്റെ സാമ്പത്തിക കരുത്ത് അത്രയും വലുതാണ്. ഇംഗ്ലീഷ് ഫുട്ബാൾ ആധിപത്യം സ്ഥാപിക്കുന്നതു തന്നെ ഏറ്റവുമധികം പണം അവരുടെ കയ്യിലാണുള്ളത് എന്നതു കൊണ്ടാണ്. കൂടുതൽ പണം സമ്പാദിക്കുന്നതിനായി വമ്പൻ താരങ്ങൾ മികച്ച സ്ഥലങ്ങളിലേക്കാണ് പോവുക," വെങ്ങർ ബിൽഡിനോട് പറഞ്ഞു.

എംബാപ്പക്കൊപ്പം ലോകഫുട്ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായി ഹാലൻഡ് മാറുമെന്നും വെങ്ങർ പറഞ്ഞു. "എംബാപ്പക്കു ശേഷം ഏറ്റവും മികച്ച ഗോൾസ്കോററായി ഹാലൻഡ്‌ മാറും. വളരെ കഴിവുറ്റ താരമാണ് അദ്ദേഹം. കൂടുതൽ ഗോളുകൾ നേടാനുള്ള താരത്തിന്റെ ആഗ്രഹവും പോരാടാനുള്ള കഴിവും വിജയിക്കാനുള്ള ആഗ്രഹവും താരത്തെ മികച്ച സ്‌ട്രൈക്കറാക്കി മാറ്റുന്നു," വെങ്ങർ അഭിപ്രായപ്പെട്ടു.

റെഡ്ബുൾ സാൽസ്ബർഗിൽ നിന്നും ജർമൻ ക്ലബ്ബിലേക്ക് ചേക്കേറിയതിനു ശേഷം 64 മത്സരങ്ങളിൽ നിന്നും 63 ഗോളുകളാണ് ഹാലാൻഡ് നേടിയിട്ടുള്ളത്. ഈ സീസണിൽ ആറ് ഗോളുകളും മൂന്ന് അസിസ്റ്റുകളും ഡോർട്മുണ്ടിനു വേണ്ടി നേടിയ താരം കഴിഞ്ഞ മത്സരത്തിൽ നോർവേക്കു വേണ്ടിയും വല കുലുക്കുകയുണ്ടായി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit