വമ്പൻ ക്ലബുകൾക്ക് ഹാലൻഡിനായി മുന്നോട്ടു പോകാം, താരത്തിന്റെ ആവശ്യങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ ചെറുത്


വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ എർലിങ് ഹാലൻഡിനെ സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തുന്ന ക്ലബുകൾക്ക് ആശ്വാസമായി താരം മുന്നോട്ടു വെക്കുന്ന ആവശ്യങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞതാണെന്നു റിപ്പോർട്ടുകൾ. പ്രമുഖ കായികമാധ്യമമായ ഗോളാണ് പ്രതിഫലമടക്കമുള്ള കാര്യങ്ങളിൽ ഹാലൻഡിന്റെ ആവശ്യങ്ങൾ നേരത്തെ റിപ്പോർട്ടു ചെയ്യപ്പെട്ടതിനേക്കാൾ കുറവാണെന്നു വ്യക്തമാക്കിയത്.
ഏപ്രിലിൽ നിലവിൽ വരുന്ന ഹാലൻഡിന്റെ റിലീസിംഗ് ക്ലോസ് പ്രകാരം എഴുപത്തിയഞ്ച് മില്യൺ യൂറോ താരത്തെ സ്വന്തമാക്കാൻ ക്ലബുകൾ നൽകേണ്ടി വരും. ഇതിനു പുറമെ ഹാലൻഡിന്റെ ഏജന്റിനും പിതാവിനും കൂടി അമ്പതു മില്യൺ യൂറോ കമ്മീഷൻ നൽകേണ്ടി വരുമെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നെങ്കിലും അതിനേക്കാൾ കുറഞ്ഞ തുകയാണ് അവർ ആവശ്യപ്പെടുന്നതെന്ന് പുതിയ റിപ്പോർട്ടുകൾ പറയുന്നു.
Haaland's demands lower than expected https://t.co/n5bLGyRIzC
— SPORT English (@Sport_EN) March 29, 2022
താരത്തിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ടു നേരത്തെ വന്ന റിപ്പോർട്ടുകൾ പ്രകാരം വർഷത്തിൽ 35 മില്യൺ യൂറോയാണ് താരം ആവശ്യപ്പെട്ടതെന്നായിരുന്നു. എന്നാൽ ഗോൾ പുറത്തു വിടുന്നതു പ്രകാരം ഒരു സീസണിൽ 20 മുതൽ 25 മില്യൺ യൂറോയാണ് ഹാലൻഡ് ആവശ്യപ്പെടുന്നത്. ഇതോടെ താരത്തിനു വേണ്ടി അടുത്ത സമ്മറിൽ രംഗത്തു വരുന്ന ക്ലബുകളുടെ എണ്ണം വർധിക്കുമെന്നതിൽ തർക്കമില്ല.
നിലവിൽ തന്നെ യൂറോപ്പിലെ പ്രധാന ക്ലബുകളെല്ലാം എർലിങ് ഹാലൻഡിനെ നോട്ടമിട്ടിട്ടുണ്ട്. റയൽ മാഡ്രിഡ്, ബാഴ്സലോണ, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ ക്ലബുകളാണ് നിലവിൽ ഹാലൻഡിനെ സ്വന്തമാക്കാൻ സജീവമായി രംഗത്തുള്ളതെങ്കിലും ചെൽസി, പിഎസ്ജി, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ ക്ലബുകൾ താരത്തിനായി രംഗത്തു വരാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.