Erling Haaland

മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയതിനു പിന്നാലെ സോൾഷെയർ അയച്ച സന്ദേശം വെളിപ്പെടുത്തി ഹാലൻഡ്

Sreejith N
Haaland Reveals Solskjaer Message After Man City Transfer
Haaland Reveals Solskjaer Message After Man City Transfer / George Wood/GettyImages
facebooktwitterreddit

ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള ട്രാൻസ്‌ഫർ പൂർത്തിയാക്കിയതിനു പിന്നാലെ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജറും നോർവീജിയൻ ക്ലബായ മോൾഡെയിൽ തന്റെ പരിശീലകനുമായിരുന്ന സോൾഷെയർ തനിക്കയച്ച സന്ദേശം വെളിപ്പെടുത്തി എർലിങ് ബ്രൂട്ട് ഹാലൻഡ്. ട്രാൻസ്‌ഫറിൽ അഭിനന്ദനങ്ങൾ നേർന്നെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തെറ്റായ വശത്തേക്കാണ് ചേക്കേറിയതെന്നാണ് സോൾഷെയർ സന്ദേശം അയച്ചത്.

റിലീസിംഗ് ക്ലോസ് പ്രകാരമുള്ള അൻപത്തിയൊന്നു മില്യൺ പൗണ്ട് നൽകിയാണ് എർലിങ് ബ്രൂട്ട് ഹാലൻഡിനെ മാഞ്ചസ്റ്റർ സിറ്റി ടീമിന്റെ ഭാഗമാക്കിയത്. സോൾഷെയർ പരിശീലകനായിരുന്ന സമയത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ ടീമിലെത്തിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും അതിലവർക്ക് വിജയം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

"ഞാൻ മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള ട്രാൻസ്‌ഫർ പൂർത്തിയാക്കിയ സമയത്ത് ഒലെ ഗുണ്ണാർ സോൾഷെയർ എന്നെ അഭിനന്ദിക്കുകയും മാഞ്ചസ്റ്ററിന്റെ തെറ്റായ വശത്തേക്ക് ചേക്കേറിയ എനിക്ക് എല്ലാ ഭാഗ്യവും ഉണ്ടാവട്ടെ എന്നാശംസിക്കുകയും ചെയ്‌തിരുന്നു. ഞങ്ങൾ ചിലപ്പോൾ സംസാരിക്കാറുണ്ട്. നിങ്ങൾക്കറിയുന്ന പോലെ മോൾഡെയിൽ ആയിരിക്കുമ്പോൾ അദ്ദേഹം എന്റെ കരിയറിൽ വലിയ പ്രഭാവം ചെലുത്തിയിട്ടുണ്ട്. അദ്ദേഹം നല്ല വ്യക്തിയാണ്." ഹാലൻഡ് മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസിനോട് പറഞ്ഞു.

പതിനാറാം വയസിലാണ് ഹാലൻഡ് നോർവീജിയൻ ക്ലബായ മോൾഡെയിലേക്ക് ചേക്കേറുന്നത്. അവർക്കു വേണ്ടി അമ്പതു മത്സരങ്ങളിൽ നിന്നും ഇരുപതു ഗോളുകൾ നേടിയ താരം അതിനു ശേഷം ഓസ്ട്രിയൻ ക്ലബ് ആർബി സാൽസ്ബർഗിലേക്ക് ചേക്കേറി. അവിടെ നടത്തിയ മികച്ച പ്രകടനമാണ് എർലിങ് ഹാലൻഡിനെ യൂറോപ്പിലെ ശ്രദ്ധകേന്ദ്രമാക്കിയത്. അവിടെ നിന്നും ബൊറൂസിയ ഡോർട്മുണ്ടിലേക്കും പിന്നീട് മാഞ്ചസ്റ്റർ സിറ്റിയിലേക്കും എത്തിയ താരം ഗ്വാർഡിയോളക്കു കീഴിൽ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോം കണ്ടെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക

facebooktwitterreddit